ഷാർജ : മരുഭൂമിയിലെ മണർകാട് എന്നറിയപ്പെടുന്ന ഷാർജ സെയ്‌ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു. എട്ടു ദിവസം നീണ്ടുനിന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനി കൊടിയേറ്റി തുടക്കം കുറിച്ചു.

To advertise here,

പെരുന്നാൾ ചടങ്ങുകൾക്ക് കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ ഇവാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഫാ. അനീഷ് വർഗീസ്, ഫാ. എബിൻ കുളപ്പുറത്ത് എന്നിവരുടെ സഹകാർമികത്വത്തിൽ സന്ധ്യാനമസ്‌കാരവും തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടന്നു.

തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോ ആഘോഷപൂർവം പേടകത്തിൽനിന്ന് പുറത്തെടുത്ത് മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥപ്രാർഥന നടത്തി.

ശേഷം മെത്രാപ്പോലീത്ത പെരുന്നാൾ വചനസന്ദേശം നൽകി വിശ്വാസികളെ അനുഗ്രഹിച്ചു.

ഇടവക വികാരി ബിനു അമ്പാട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു.