പാറശ്ശാല : തിരുവനന്തപുരം-നാഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കൽ നിർമാണ പ്രവർത്തനങ്ങളെത്തുടർന്ന് പാറശ്ശാല ഇലങ്കം ദേവീക്ഷേത്രനടയും പരിസരവും വെള്ളക്കെട്ടിലായി. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാർ അവഗണിക്കുകയാണെന്ന് പരാതി. ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനെത്തുടർന്ന് രണ്ടാഴ്ച മുൻപ്‌ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണു തീവണ്ടിഗതാഗതം തടസ്സപ്പെട്ടിരുന്നു. റെയിൽപ്പാത വികസനത്തിനായി ഭൂമി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ ഇടിച്ചുമാറ്റുന്നതിനായി നിലവിലുണ്ടായിരുന്ന ഓട മണ്ണിട്ടുനികത്തി. തുടർന്ന് മഴവെള്ളം ഗതിമാറി റെയിൽവേ ട്രാക്കിലേക്കു കുത്തനെ ഒഴുകിയതാണ് മണ്ണിടിച്ചിലിനു കാരണമായത്. മണ്ണിടിച്ചിലിനെത്തുടർന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും താത്കാലിക ഓട നിർമിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

To advertise here,

എന്നാൽ കരാറുകാർ താത്‌കാലിക ഓടനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതുമൂലം മഴ പെയ്യുമ്പോൾ മലിനജലം ഉൾപ്പെടെയുള്ള വെള്ളം നേരേ ക്ഷേത്രനടയിലേക്കും പരിസരത്തേക്കും ഒഴുകിയെത്തുന്ന സ്ഥിതിയാണ്. ഒഴുകിയെത്തുന്ന മഴവെള്ളം തോട്ടിലേക്ക് ഒഴുക്കുന്ന രീതിയിൽ ഓടനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും കരാറുകാർ തയ്യാറാകുന്നില്ല.

ചെറിയ തോതിലുള്ള മഴപെയ്താൽപ്പോലും മഴവെള്ളം കുത്തനെ ക്ഷേത്രനടയിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണിപ്പോൾ.

തകർന്നുകിടക്കുന്ന ഇലങ്കം ക്ഷേത്ര റോഡിൽ വെള്ളംകൂടി കെട്ടിക്കിടക്കുന്നതോടെ ഭക്തർക്കും റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാർക്കും കാൽനടയാത്രപോലും ബുദ്ധിമുട്ടായിരിക്കുകയാണ്.പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

ഓടയുടെ നിർമാണം പൂർത്തിയാക്കി വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണണമെന്നും മണ്ണിടിച്ചിൽഭീഷണി ഒഴിവാക്കണമെന്നും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

കരാറുകാരുടെ അനാസ്ഥയ്‌ക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.