തിരുവനന്തപുരം : ബീമാപള്ളിയിലെ ഉറൂസിന് ബുധനാഴ്ച കൊടിയേറി. ഇനിയുള്ള പത്തുദിവസങ്ങൾ ദീപാലംകൃതമായ പള്ളിയും പരിസരവും വിശ്വാസികളുടെ പ്രാർഥനകളാൽ മുഖരിതമാകും.

To advertise here,

ഉറൂസ് ചടങ്ങുകൾക്ക് മുന്നോടിയായി രാവിലെ എട്ടിന് ബീമാപള്ളി അസി. ഇമാം മാഹീൻ അബുബേക്കർ ഫൈസിയുടെ കാർമികത്വത്തിൽ വിശ്വാസികളെ അണിനിരത്തി പള്ളിയങ്കണത്തിൽ പ്രാർഥന നടന്നു. തുടർന്ന് 8.30-ഓടെ അലംകൃതമായ അശ്വാരൂഢസേനയ്‌ക്കൊപ്പം മുത്തുക്കുടപിടിച്ച കുട്ടികൾ, ദഫ്മുട്ട്, കോൽക്കളി കലാകാരൻമാർ, മദ്രസാ വിദ്യാർഥികളും വിശ്വാസികളും ഉൾപ്പെട്ട വർണശബളമായ പട്ടണപ്രദക്ഷിണ ഘോഷയാത്ര പള്ളിയങ്കണത്തിൽനിന്ന് ജോനക പൂന്തുറയിലേക്ക്‌ പുറപ്പെട്ടു.

ഘോഷയാത്ര തിരിച്ചെത്തിയശേഷം 10.30-ഓടെ ഖുറാൻ വചനങ്ങൾ ഉരുവിട്ടുകൊണ്ട് ബീമാപള്ളി ചീഫ് ഇമാം അൽ-ഹാഫിള് കുമ്മനം നിസാമുദീൻ അസ്ഹരിയുടെ കാർമികത്വത്തിൽ കൂട്ടപ്രാർഥന നടന്നു.

തുടർന്ന് കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉറൂസിന് കൊടിയേറ്റാനുള്ള പതാകകൾ യു.എ.ഇ.യിലുള്ള ബീമാപള്ളിയിലെ നാട്ടുകാരുടെ കൂട്ടായ്മയിലാണ് എത്തിക്കുക. പച്ചയും ചുവപ്പും നിറത്തിലുള്ള പട്ട് കൊടികളാണ് എത്തിച്ചത്. ചീഫ് ഇമാം ചൊല്ലിക്കൊടുത്ത ഖുറാൻ വചനങ്ങൾ ഏറ്റുപറഞ്ഞ വിശ്വാസികളെ സാക്ഷികളാക്കി പള്ളിയുടെ മിനാരങ്ങളിലേക്ക് ജമാഅത്ത് പ്രസിഡന്റ് എ.എം.ഇക്ബാൽ കൊടിയേറ്റിയതോടെ പത്തുദിവസത്തെ ഉറൂസിന് തുടക്കമായി.

വൈസ് പ്രസിഡന്റ് എം.കെ.എം.ഹാജ, ജനറൽ സെക്രട്ടറി എച്ച്.ബാദുഷ, സെക്രട്ടറി എ.നവാസ്ഖാൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരായ സി.പി.ജോൺ, തുളസി, മുൻ മന്ത്രി വി.എസ്.ശിവകുമാർ, മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, കോർപ്പറേഷൻ സെക്രട്ടറി ജെ.മുഹമ്മദ്ഷാഫി, കൗൺസിലർ സജീന തുടങ്ങിയവർ പങ്കെടുത്തു.

ഉറൂസ് ദിവസങ്ങളിൽ മതപുരോഹിതൻമാരുടെ നേതൃത്വത്തിൽ രാത്രി 9.30-ന് മതപ്രഭാഷണങ്ങൾ നടക്കും. 21-ന് പുലർച്ചെ ഒന്നിന് തക്കാപള്ളി ഇമാം ഹൈദർ അലി സൈനിയുടെ കാർമികത്വത്തിൽ നടക്കുന്ന പ്രാർഥനയ്ക്കുശേഷം പള്ളിയങ്കണത്തിൽനിന്ന് ജോനക പൂന്തുറയിലേക്ക് പട്ടണപ്രദക്ഷിണ ഘോഷയാത്ര നടക്കും.

ഘോഷയാത്ര മടങ്ങിയെത്തിയശേഷം പട്ടാമ്പി സയ്യിദ് അബ്ദുൽ ഹക്കീം തങ്ങൾ അൽബുഖാരിയുടെ കാർമികത്വത്തിൽ കൂട്ടപ്രാർഥനയുണ്ടാവും. തുടർന്ന് ആറിന് നടക്കുന്ന ഖത്ത്മുൽആൻതമാം, നേർച്ചവിതരണം എന്നിവയോടെ ഉറൂസിന് സമാപനമാകും.