മനുഷ്യജീവനും സ്വത്തിനും വിലയില്ലേ-3

To advertise here,

വടശ്ശേരിക്കര : കൃഷി സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് മണിയാർ വാർഡിൽ കൊടുമുടി അഞ്ചുമുക്കിൽ മുല്ലത്താനത്ത് സജി പുരയിടത്തിന് ചുറ്റും സ്വന്തം ചെലവിൽ സോളാർവേലി സ്ഥാപിച്ചത്. എന്നാൽ, സോളാർ വേലിയും തകർത്ത് പുരയിടത്തിലെ തിട്ടലുകളും ഇടിച്ച് കാട്ടാനകൾ കൃഷയിടത്തിൽ പതിവായി എത്തുന്നു. ഇതിനടുത്ത് തന്നെ വടക്കേച്ചരുവിൽ ഷിനുവിന്റെ പുരയിടത്തിൽ നട്ടുപിടിപ്പിച്ച 500-ഓളം റബ്ബർ തൈകളിൽ ഏറെയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഇടക്കൃഷിയായി ഇറക്കിയ വാഴയടക്കമുള്ള കൃഷികളും നശിപ്പിച്ചു.

മണിയാറിൽ ഗ്രാമപ്പഞ്ചായത്തംഗം മണിയാർ രാധാകൃഷ്ണന്റെ 500 റബ്ബർ തൈകളിൽ 150 ലധികം തൈകൾ നശിപ്പിച്ചു. കാട്ടാനയും മ്ലാവുമാണ് കൃഷിനാശം വരുത്തിയത്. മണിയാറിൽ ചൊവ്വാഴ്ച രാത്രിയും കാട്ടാനക്കൂട്ടം എത്തി നാശം വിതച്ചിരുന്നു. അരീക്കക്കാവ്, പേഴുംപാറ എന്നവിടങ്ങളിലും കാട്ടാന ശല്യം പതിവായിരിക്കുകയാണ്. കുമ്പളത്താമൺ വനമേഖലയിൽനിന്നും നാലുമുക്ക് പേക്കാവ് വഴിയാണ് കാട്ടാന ഈ പ്രദേശങ്ങളിൽ എത്തുന്നത്.

പഞ്ചായത്തിലെ 16 വാർഡുകളിൽ എട്ടിടത്തും കാട്ടാന എത്തുന്നു. നാല്,അഞ്ച്,ആറ്,ഏഴ്,എട്ട,ഒമ്പത്,12 വാർഡുകളിലാണ് കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്. സമീപവാർഡുകളിലേക്കും കടന്നിട്ടുണ്ട്. പഞ്ചായത്തിലെ കുമ്പളാംപൊയ്ക, നരിക്കുഴി മേഖലയിലും പമ്പാനദിയുടെ മറുകരകളിലുള്ള പ്രദേശങ്ങളിലും മാത്രമാണ് കാട്ടാന എത്താത്തത്. ഒരിക്കൽ കൂട്ടംതെറ്റി നദിയിലൂടെ പമ്പാനദിയുടെ മറുകരയിലെത്തിയ കാട്ടാന ബംഗ്ലാവ് കടവ് സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവവും പഞ്ചായത്തിലുണ്ടായിട്ടുണ്ട്. മൂന്നുമേഖലകളിലായാണ് ആനകളുടെ മേച്ചിൽ. ഒളികല്ല്, കുമ്പളത്താമൺ മേഖലയിൽനിന്ന് തുടരെ ഓടിച്ചാൽ ബൗണ്ടറിയിലേക്ക്. അവിടെയും രക്ഷയില്ലെങ്കിൽ അരീക്കാവ് മണിയാർ മേഖലയിലേക്ക്.

ഒളകല്ലിൽ കാട്ടാനയെ തുരത്താൻ വനപാലകർ നിൽക്കുമ്പോഴായിരിക്കും മണിയാറിൽ ആന എത്തിയതെന്ന് അറിയുന്നത്.

ചില ദിവസങ്ങളിൽ കാട്ടാനക്കൂട്ടം പല സംഘങ്ങളായി തിരിഞ്ഞ് എല്ലാ മേഖലകളിലും എത്തുന്നു.

വനപാലകർക്കറിയാം കാട്ടാനയെ തടയാൻ

കാട്ടാന കൃഷിയിടത്തിൽ കയറാതിരിക്കാനുള്ള മാർഗം വനപാലകർക്ക് കൃത്യമായി അറിയാമെന്നാണ് നാട്ടുകാരുടെ വാദം. വനാതിർത്തിയിൽനിന്ന് അല്പം ഉള്ളിലേക്ക് മാറി വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷനുണ്ട്. തൈകൾ വെച്ചുപിടിപ്പിക്കും മുമ്പ് ഹെക്ടർ കണക്കിന് സ്ഥലത്ത് അവർ സേളാർവേലി സ്ഥാപിച്ചു.

ഈ വേലി കടന്ന് ഒരാനയും പ്ലാന്റേഷനിൽ കയറുന്നില്ല. കാരണം അതിന് നന്നായി ഷോക്കേൽക്കുന്ന വിധത്തിലാണ് വേലി സ്ഥാപിച്ചിട്ടുള്ളത്. ഇതുകാരണം ഇവ ഉൾവനത്തിലേക്ക് പോകാതെ ജനവാസമേഖലയിലേക്ക് എത്തുന്നതെന്നതാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ, ജനവാസമേഖലയിലേക്ക് കടക്കുന്ന ഭാഗത്തെ സോളാർ വേലികൾ തകർത്താണ് കാട്ടാനകൾ ജനവാസമേഖലയിലെത്തുന്നത്.

വേലികൾ തമ്മിലുള്ള വ്യത്യാസമാണ് കാരണമെന്നും നാട്ടുകാർ പറയുന്നു.