നിർമാണച്ചെലവ് 24.5 കോടി രൂപ
കോഴഞ്ചേരി : പ്രളയത്തിന്റെയും കോവിഡിന്റെയും ഭീകരത കണ്ടും പമ്പാനദിയിൽ ഇരുകര മുട്ടാതെയും നിന്നൊരു പാലത്തിന് ജീവൻവയ്ക്കുന്നു. എട്ടുവർഷത്തോളം നീണ്ട പണികൾക്കൊടുവിൽ കോഴഞ്ചേരി പുതിയ പാലം തുറക്കുന്നു. ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും. അബിൻ വർക്കി എം.എൽ.എ. അധ്യക്ഷത വഹിക്കും.
പുതിയ പാലം തുറക്കുന്നതോടെ സംസ്ഥാനപാതയായ തിരുവല്ല-കുമ്പഴ റോഡിൽ കോഴഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും പാലവും റോഡും തുറക്കാൻ വൈകുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ടാർ ക്ഷാമം കാരണം അനുബന്ധറോഡിന്റെ പണികളും വൈകി. പ്രതിസന്ധികൾക്കിടയിലും പണികൾ പൂർത്തിയാക്കി ശബരിമല മണ്ഡലകാലത്തിനുമുൻപ് പാലം തുറന്നുനൽകാൻ തീരുമാനിക്കുകയായിരുന്നു.
ഇഴഞ്ഞുനീങ്ങി; അധികമായത് 2.48 കോടി
ഉമ്മൻചാണ്ടി സർക്കാരിൽ ധനവകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണി ആ സർക്കാരിന്റെ രണ്ടാം ബജറ്റിലാണ് പാലത്തിന് ഭരണാനുമതി നൽകി ടോക്കൺ അഡ്വാൻസ് വക കൊള്ളിച്ചത്. 2017-ൽ സാങ്കേതിക അനുമതി ലഭിച്ച് 2018-ൽ നിർമാണം തുടങ്ങി. പാലത്തിന്റെ നിർമാണം പ്രളയവും കോവിഡുമടക്കമുള്ള തടസ്സങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയത് പ്രതിഷേധങ്ങൾക്ക് കാരണമാകുകയും ചെയ്തു. 22.02 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. ആദ്യ കരാറുകാരൻ 52 ശതമാനം നിർമാണം പൂർത്തിയാക്കിയശേഷം ഉപേക്ഷിച്ചു. 7.78 കോടി രൂപയുടെ നിർമാണമാണ് ഇയാൾ നടത്തിയത്. രണ്ടാമത്തെ കരാറുകാരൻ 16.72 കോടി രൂപയ്ക്കാണ് നിർമാണം പൂർത്തിയാക്കിയത്. പുതിയ പാലത്തിന് പഴയ പാലത്തേക്കാൾ ഉയരമുണ്ട്. 24.5 കോടി രൂപയാണ് നിർമാണച്ചെലവ്.
പഴയപാലത്തിന് സമാന്തരമായി തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽനിന്ന് ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന പുതിയ പാലത്തിന് 198.8 മീറ്റർ നീളവും ഇരുവശത്തും നടപ്പാതയോടുകൂടി 12 മീറ്റർ വീതിയും ഉണ്ട്. പുതിയ പാലത്തിലേക്ക് കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും മാരാമൺ ഭാഗത്ത് 390 മീറ്ററുമാണ് അനുബന്ധറോഡുകളുടെ നീളം.
Published: 13 Nov 2026, 01:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented