ചിറയിൻകീഴ് : മേൽകടയ്ക്കാവൂർ പാറയിൽക്കടവിൽ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വാമനപുരം ആറിന് ഇരുകരകളിലുമായി കിടക്കുന്ന ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ മേൽകടയ്ക്കാവൂർ, തിനവിള, കീഴാറ്റിങ്ങൽ, കൂടാതെ കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ അയന്തിക്കടവ്, തോട്ടവാരം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വാമനപുരം നദിക്ക് കുറുകെയാണ് നിർദിഷ്ട പാറയിൽക്കടവ് പാലം പദ്ധതി. ഇരുഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളുടെ ആവശ്യം കൂടി പരിഗണിച്ച് ഒരു വർഷം മുൻപ് കിഫ്ബിയിൽ നിന്ന് 10 കോടി രൂപ പാലം നിർമാണത്തിനായി വകയിരുത്തിയിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും പാലം നിർമാണവുമായി മുന്നോട്ടുപോയില്ല.
കിഴുവിലം പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന അയന്തിക്കടവ് ഭാഗത്ത് നിന്ന് 50 മീറ്റർ സ്വകാര്യവസ്തു ഏറ്റെടുക്കുന്നതിലുള്ള തടസ്സമാണ് നിർമാണം അനിശ്ചിതമായി വൈകാൻ കാരണം. ഭൂമി നൽകിയാൽ പാലം നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങാമെന്ന നിലപാടിലാണ് സർക്കാർ.
പാലത്തിന്റെ തുടക്കഭാഗത്തെ സ്വകാര്യവസ്തു വിട്ടുനൽകുമ്പോൾ ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച തർക്കമാണ് പാലത്തിന്റെ നിർമാണം അനിശ്ചിതത്വത്തിലായത്. കിഫ്ബിയുടെ ഭാവിയും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡായ തോട്ടവാരത്തെ ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡായ മേൽകടയ്ക്കാവൂരുമായി ബന്ധിപ്പിക്കുന്നതാണ് പാലം. അയന്തിക്കടവിന് സമീപം തോട്ടവാരം-പാറയിൽക്കടവിലാണ് പാലം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ ആറ്റിനക്കരെയുള്ള വാർഡുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യത്തിനായി ഈ ഭാഗത്ത് ഒരു പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ്. കിഴുവിലം ഗ്രാമപ്പഞ്ചായത്തിൽ യാത്രയ്ക്കായി കടത്തുവള്ളം ഉപയോഗിക്കുന്ന ഏക പ്രദേശമാണിവിടം.
ഇവിടെ പാലം വന്നാൽ മേൽകടയ്ക്കാവൂർ, തിനവിള എന്നിവിടങ്ങളിലുള്ള വലിയൊരുവിഭാഗം ജനങ്ങൾക്ക് ചിറയിൻകീഴിലെത്താൻ 15 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. ഗ്രാമപ്പഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും റെയിൽവെ സ്റ്റേഷൻ, താലൂക്കാശുപത്രി, പോലീസ് സ്റ്റേഷൻ, പൊതുചന്ത, നഗരം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ പാലം യാഥാർഥ്യമായാൽ സാധിക്കും.
മേൽകടയ്ക്കാവൂർ, താമരക്കടവ് പ്രദേശങ്ങളിലെ പട്ടികവിഭാഗം മേഖലകളുടെ വികസനത്തിനും പാലം മുതൽക്കൂട്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തടസ്സങ്ങൾ നീക്കി പാലം നിർമാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 12 Nov 2026, 01:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented