വർക്കല : ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിലെ പനയറ ഗവ. എൽ.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ നിലവിൽ ജോലിചെയ്യുന്ന രണ്ട് അധ്യാപികമാരെയും ആയയെയും മാറ്റി പകരം പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരേ രക്ഷിതാക്കളുടെ പ്രതിഷേധം.
അധ്യയനവർഷത്തിന്റെ പകുതിയിൽ ജീവനക്കാരെ മാറ്റുന്നത് കുട്ടികളുടെ പഠനത്തെയും മാനസികമായ പൊരുത്തപ്പെടലിനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്. പി.ടി.എ.യും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമായിരുന്നു.
അധ്യാപിക, ആയ തസ്തികകളിലേക്ക് അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികളെ സ്കൂളിനു മുന്നിൽ രക്ഷിതാക്കൾ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി അഭിമുഖത്തിന് സാഹചര്യമൊരുക്കി. എന്നാൽ, പി.ടി.എ., എസ്.എം.സി. പ്രതിനിധികൾ വിട്ടുനിന്നതോടെ അഭിമുഖം നടത്താനായില്ല. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എട്ടുവർഷം മുൻപാണ് സ്കൂളിൽ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും പി.ടി.എ.യുടെയും നേതൃത്വത്തിലാണ് പ്രവർത്തനം. സാമ്പത്തികഭദ്രതയുള്ള രക്ഷിതാക്കളിൽ നിന്നും തുക സമാഹരിച്ചാണ് ജീവനക്കാർക്ക് ശമ്പളം നൽകിവരുന്നത്.
പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റതിനു പിന്നാലെയാണ് നിലവിലുള്ള രണ്ട് അധ്യാപികമാരെയും ആയയെയും ഒഴിവാക്കി പകരം നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പ്രഥമാധ്യാപകന് കത്ത് നൽകിയത്.
തുടർന്നാണ് വിഷയം പി.ടി.എ.യുടെ ശ്രദ്ധയിൽപ്പെടുകയും രക്ഷിതാക്കളുമായി ചർച്ചചെയ്യുകയും ചെയ്തത്. ജീവനക്കാർക്കെതിരേ രക്ഷിതാക്കൾ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും നിലവിലുള്ള അധ്യാപികമാരുമായി കുട്ടികൾക്ക് നല്ല ബന്ധമാണുള്ളതെന്നും പി.ടി.എ. ഭാരവാഹികൾ വ്യക്തമാക്കി.
അധ്യയനവർഷത്തിനിടെ അധ്യാപികമാരെ മാറ്റുന്നത് ചെറിയ കുട്ടികൾക്ക് പുതിയ അധ്യാപകരുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് രക്ഷിതാക്കളുടെ നിലപാട്. പ്രീപ്രൈമറി വിഭാഗത്തിൽ നിലവിൽ 47 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ 33 കുട്ടികളുടെ രക്ഷിതാക്കൾ ഒപ്പിട്ട നിവേദനം പഞ്ചായത്ത് ഭരണസമിതിക്ക് നൽകി. നിലവിലുള്ള അധ്യാപികമാരെയും ആയയെയും മാർച്ച് 31 വരെ തുടരാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. അടുത്ത അധ്യയനവർഷം പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷിതാക്കളുടെ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയാണ് പി.ടി.എ. യും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ഇവർക്കൊപ്പം നിലകൊള്ളുന്നത്. വിഷയം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പി.ടി.എ. ഭാരവാഹികൾ പറഞ്ഞു.
വിഷയത്തിൽ വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് ജി.രാരിഷ് അറിയിച്ചു.
Published: 15 Oct 2026, 01:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented