വർക്കല : കുരയ്ക്കണ്ണിയിൽ പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ നിന്ന് 10 പവൻ സ്വർണവും പണവും കവർന്നു. വർക്കല കുരയ്ക്കണ്ണി ബോർണിയമുക്കിനു സമീപം ഷൈലാ മൻസിലിൽ ബേബി ഷൈലയുടെ(56) വീട്ടിലാണ് ബുധനാഴ്ച രാവിലെ 10.45-ഓടെ മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിൻവാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും 3,500 രൂപയുമാണ് കവർന്നത്. ബേബി ഷൈലയുടെ രണ്ടു മക്കൾ വിദേശത്തും ഒരാൾ വർക്കലയിൽ റിസോർട്ട് ജീവനക്കാരനുമാണ്.

To advertise here,

മകൻ രാവിലെ ജോലിക്കു പോകുമ്പോൾ ബേബി ഷൈല സമീപത്തെ ബന്ധുവീട്ടിൽ പോകാറുണ്ട്. പകൽസമയം ആയതിനാൽ സാധാരണ പിൻവാതിൽ കുറ്റിയിട്ട ശേഷമാണ് പോകാറുള്ളത്. ബുധനാഴ്ചയും ബന്ധുവീട്ടിൽ പോയിവന്നപ്പോഴാണ് വീട്ടിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കാണുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.

മോഷണത്തിനുശേഷം പ്രതി കുരയ്ക്കണ്ണി ജങ്ഷനു സമീപത്തുനിന്ന്‌ ഓട്ടോറിക്ഷയിൽ കയറി വർക്കലയിലേക്കു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാവെന്ന് പോലീസ് സംശയിക്കുന്നയാളുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.