നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മെയിൻ റോഡിൽ നഗരസഭാ സ്‌റ്റേഡിയത്തിന് എതിർവശത്തായി തെരുവുനായ വഴിയാത്രക്കാരായ മൂന്നുപേരെ ആക്രമിച്ചു.
നഗരസഭാ ആരോഗ്യവിഭാഗത്തെ സംഭവം അറിയിച്ചിട്ടും അധികൃതർ സ്ഥലത്തെത്താതിൽ പ്രതിഷേധിച്ച് കൗൺസിലർ സുപ്രിയയും മുൻ കൗൺസിലറും ഭർത്താവുമായ കൂട്ടപ്പന മഹേഷും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. നഗരസഭാ സ്‌റ്റേഡിയത്തിന് എതിർവശത്തെ ഹോട്ടലിനു മുന്നിൽവെച്ചാണ് തെരുവുനായ വഴിയാത്രക്കാരെ കടിച്ചത്.
വഴുതൂർ, അജീന നിവാസിൽ ഷെറിൻ തോമസിനെയാണ് നായ ആദ്യം കടിച്ചത്.
ഷെറിന്റെ കൈയിൽ നായ കടിച്ചുതൂങ്ങിക്കിടന്നു. ഇതിനെ ഓടിക്കാനായി നാട്ടുകാർ ശ്രമിച്ചതോടെ മറ്റു രണ്ടുപേരെക്കൂടി നായ ആക്രമിച്ചു.കൈയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഷെറിൻ തോമസ് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സതേടി.
കടിയേറ്റ രണ്ടുപേർ ഉടനെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി. സംഭവത്തെത്തുടർന്ന് നാട്ടുകാർ നായയെ തല്ലിക്കൊന്നു.
സംഭവം നടന്നിട്ടും നഗരസഭാ അധികൃതർ സ്ഥലത്തെത്തിയില്ല. ഇതിനെ ത്തുടർന്നാണ് കൗൺസിലർ സുപ്രിയയും ഭർത്താവും മുൻ കൗൺസിലറുമായ കൂട്ടപ്പന മഹേഷും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇത് ഗതാഗതകുരുക്കിന് കാരണമായി. .
പ്രതിഷേധത്തെത്തുടർന്ന് നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി. പോലീസ് നഗരസഭാ അധികൃതരെ വിവരമറിയിച്ചു. ഇതിനെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെത്തി.
തല്ലിക്കൊന്ന നായയെ മറവുചെയ്യാൻ നടപടി എടുക്കണമെന്ന് കൗൺസിലർ സുപ്രിയ ആവശ്യപ്പെട്ടു.
മാത്രവുമല്ല പട്ടികടിയേറ്റവർക്ക് ചികിത്സാസഹായവും നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.നായയെ നഗരസഭാ ശുചീകരണവിഭാഗം ജീവനക്കാരെത്തി മറവുചെയ്തു. നായയുടെ കടിയേറ്റവർക്ക് ചികിത്സാസഹായം ലഭ്യമാക്കുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
തെരുവുനായശല്യം വലഞ്ഞ് നാട്ടുകാർ
നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് തെരുവുനായശല്യം ഒഴിയുന്നില്ല. നഗരത്തിലെ പ്രധാന പാതയോരങ്ങളിലെല്ലാം തെരുവുനായശല്യമുണ്ട്.
മാത്രവുമല്ല പാതയോരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾക്കു സമീപമാണ് തെരുവുനായശല്യം അതിരൂക്ഷമായിട്ടുള്ളത്. ആലുംമൂട് കവല രാത്രിയായാൽ തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറുകയാണ്.
ബസ് സ്റ്റാൻഡ് കവല, ആലുംമൂട്, കോടതി റോഡ്, ടി.ബി. കവല, ആശുപത്രിക്കവല, സിവിൽ സ്റ്റേഷൻ അങ്കണം, താലൂക്ക് ഓഫീസ് അങ്കണം എന്നിവിടങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്.
കോടതി ഉത്തരവുണ്ടായിട്ടും നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ തെരുവുനായ്ക്കളെ പിടികൂടാൻ തയ്യാറാകുന്നില്ല.
നഗരശുചീകരണം ഫലപ്രദമല്ലാത്തതിനാലാണ് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകാൻ കാരണമെന്നാണ് പരാതി. ടി.ബി. കവലയിലെ ചന്തയ്ക്കുള്ളിലെ മത്സ്യാവശിഷ്ടങ്ങൾ കഴിക്കാനായി എത്തുന്ന തെരുവുനായ്ക്കളാണ് സമീപപ്രദേശത്തുള്ളവർക്ക് ഭീഷണിയായി മാറുന്നത്.
തെരുവുനായ്ക്കളെ പിടികൂടിയില്ലെങ്കിൽ നഗരസഭയ്ക്കുമുന്നിൽ ശക്തമായ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് മുൻ കൗൺസിലറും ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗവുമായ കൂട്ടപ്പന മഹേഷ് പറഞ്ഞു.
Published: 23 Sept 2026, 01:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented