വടക്കടത്തുകാവ് : കണ്ണൊന്നുതെറ്റിയാൽ കുട്ടികൾ റോഡിലേക്കിറങ്ങും. അതുകൊണ്ടുതന്നെ കൺചിമ്മാതെ കാവലിരിക്കുകയാണ് വടക്കടത്തുകാവ് ഓട്ടിസം പരിശീലനകേന്ദ്രത്തിലെ അധ്യാപകർ. ചുറ്റുമതിലില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കുട്ടികളുടെ സുരക്ഷയാണ് അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത്.

To advertise here,

വടക്കടത്തുകാവ്-പറക്കോട് റോഡരികിലാണ് ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഓട്ടിസം പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്. കേന്ദ്രത്തിന് ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.

മതിൽ നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പലതവണ കേന്ദ്രത്തിന് ഉറപ്പുനൽകിയിരുന്നു. ഇതിനിടെ മതിൽ നിർമാണത്തിനായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.

മതിലില്ലാത്തതിനാൽ കുട്ടികളെ എപ്പോഴും അകത്തുതന്നെ ഇരുത്തേണ്ട സാഹചര്യമാണ്. പുറത്തേക്ക് ഇറങ്ങാൻ അനുവദിച്ചാൽ വാഹനങ്ങൾ പാഞ്ഞുപോകുന്ന റോഡിലേക്ക് കുട്ടികൾ എത്തുമോയെന്ന ഭയമാണ് അധ്യാപകർക്ക്. രാവിലെമുതൽ വൈകുന്നേരംവരെ കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതിനാൽ അധ്യാപകർ കടുത്ത സമ്മർദത്തിലാണ്.

പഠനത്തോടൊപ്പം സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളും ഇവിടെ നൽകുന്നുണ്ട്.

മറ്റ് സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന പരിഗണന ഈ കേന്ദ്രത്തിന് ലഭിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതി.

പുരോഗമിക്കുന്നു

:ഓട്ടിസം ട്രെയിനിങ് കേന്ദ്രത്തിന്റെ മതിൽ നിർമാണത്തിന്റെ നടപടിക്രമങ്ങൾ നടന്നുവരുകയാണ്. റവന്യൂവകുപ്പിന്റെ അളവുകൾകൂടി പൂർത്തിയാകാനുണ്ട്. കുട്ടികളുടെ സുരക്ഷയെമാനിച്ച് എത്രയുംവേഗം പണി തുടങ്ങാനുള്ള നടപടികൾ നടന്നുവരുകയാണ്.

-വൈഷ്ണവി ശൈലേഷ്,ജില്ലാ പഞ്ചായത്തംഗം