തിരുവനന്തപുരം : ഗിഗ് തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനിടെ വിശ്രമിക്കാനിടമൊരുക്കി തൊഴിൽവകുപ്പ്. വാൻറോസ് ജങ്ഷനിൽ തുറക്കുന്ന ‘ഗിഗോൺ’ വെൽനെസ് ഹബ്ബിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദുകൃഷ്ണ ബുധനാഴ്ച നിർവഹിക്കും. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയ്‌ലിങ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിലുള്ള വിശ്രമവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രങ്ങൾക്ക് തുടക്കമിടുന്നത്.
നിലവിൽ ഒരു കേന്ദ്രമാണ് തുറക്കുന്നത്. കസേരകൾ, ശുചിമുറി, ഇന്റർനെറ്റ്, ചാർജിങ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്. കേന്ദ്രങ്ങളുടെ നടത്തിപ്പിനായി ജീവനക്കാരുണ്ട്. രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തനം.
വഴിയരികിൽ ജീവിതം
സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ഡെലിവറി കമ്പനികൾ സാധാരണ ഗിഗ് തൊഴിലാളികൾക്കായി പ്രത്യേകം വിശ്രമകേന്ദ്രങ്ങൾ നൽകാറില്ല. ഗിഗോൺ പ്രവർത്തനസജ്ജമാകുന്നതോടെ ഇതിന് ആശ്വാസമാകും. ഹബ്ബുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് കുടിവെള്ളം, ചാർജിങ്, ശുചിമുറി സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ സാധാരണ ഡെലിവറിക്കാർ നിലവിൽ മരത്തണലുകളോ കനകക്കുന്നിലെ പരിസരങ്ങളിലോ കടകളുടെയോ പിൻവശത്തോ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും. കുടിവെള്ളം വീട്ടിൽനിന്ന് കൊണ്ടുവരുന്നതാണ് പതിവ്. ചില ഹോട്ടലുകൾ പുറത്ത് തൊഴിലാളികൾക്കായി കുടിവെള്ളം കരുതാറുണ്ട്.
ശുചിമുറി സൗകര്യമാണ് ഗിഗ് തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാഴ്സലെടുക്കാൻ ചെല്ലുന്ന ചില ഹോട്ടലുകൾ മാത്രമാണ് ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കാറുള്ളത്. മറ്റു ഹോട്ടലുകളിലോ കടകളിലോ ഇത് സാധ്യമല്ല. പൊതു ശുചിമുറികളെയാണ് പലരും ആശ്രയിക്കുന്നത്.
ഉദ്ഘാടനം ഇന്ന്
സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ് ഗിഗ് തൊഴിലാളികൾക്കായി വിശ്രമകേന്ദ്രം ആരംഭിക്കുന്നത്. വാൻറോസ് ജങ്ഷനിൽ സ്ഥാപിച്ച വിശ്രമകേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് നടക്കും. മന്ത്രിമാരായ സി.പി.ജോൺ. കെ.മുരളീധരൻ, ഡോ. ശശി തരൂർ എം.പി., മേയർ വി.വി.രാജേഷ്, കൗൺസിലർ സി.ഹരികുമാർ, തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, ലേബർ കമ്മിഷണർ സഫ്നാ നസറുദീൻ, അഡീഷണൽ ലേബർ കമ്മിഷണർ ബിച്ചു ബാലൻ എന്നിവർ പങ്കെടുക്കും.
കൂടുതൽ സ്ഥലങ്ങളിൽ തുടങ്ങണം-ജീവനക്കാർ
നിലവിൽ ഒരിടത്തുമാത്രം വിശ്രമകേന്ദ്രം ആരംഭിക്കുന്നതുകൊണ്ട് ആ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമേ പ്രയോജനം ലഭിക്കൂ. സ്വിഗ്ഗി പോലെയുള്ള ഡെലിവറി ആപ്പുകളിൽ തൊഴിലാളികൾക്ക് മേഖലകൾ നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിക്കുള്ളിൽ നിന്നാൽ മാത്രമേ ഓർഡറുകൾ ലഭ്യമാകൂ. മേഖലയ്ക്ക് പുറത്തുപോയാൽ ആപ്പ് സ്വയം ലോഗ് ഓഫ് ആകാൻ സാധ്യതയുണ്ട്. ഇൻസെന്റീവ് നഷ്ടപ്പെടാതിരിക്കാൻ ആപ്പിൽ പരമാവധി 30 മിനിറ്റ് വരെയാണ് ഓഫ് ടൈം അനുവദിക്കുന്നത്.
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വേറൊരു സ്ഥലത്തുള്ള വിശ്രമകേന്ദ്രത്തിൽനിന്ന് സ്വന്തം സോണിൽ എത്തുകയെന്നത് പ്രായോഗികമല്ലെന്ന് ജീവനക്കാർ പറയുന്നു. അതിനാൽ ഡെലിവറി ഓർഡറുകളും ഹോട്ടലുകളും കൂടുതലുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചോ അല്ലെങ്കിൽ ഒരു കിലോമീറ്റർ ചുറ്റളവിലോ വിശ്രമകേന്ദ്രങ്ങൾ ആരംഭിച്ചാൽ മാത്രമേ തൊഴിലാളികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കൂ.
പ്രവർത്തനസമയം ദീർഘിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. രാത്രി പത്തിനുശേഷവും പുലർച്ചെയുള്ള ഷിഫ്റ്റുകളിലും ജോലി ചെയ്യുന്നവരുണ്ട്. പുലർച്ചെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കുറവാണ്. ഓർഡറുകളും കുറവായിരിക്കും. അതിനാൽ ഓർഡറുകൾ ലഭിക്കാത്ത സമയം ജീവനക്കാർ ഉറങ്ങാറുണ്ട്. ഇതിനായി ബസ് സ്‌റ്റോപ്പുകളെയാണ് ആശ്രയിക്കുന്നത്. ആയതിനാൽ സമയം ദീർഘിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.
Published: 23 Sept 2026, 01:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented