അടൂർ : വഴികാട്ടാൻ ബോർഡിലെ അക്ഷരങ്ങൾ തെളിയുന്നില്ല, അപകടം ഒഴിവാക്കാൻ കുഴിയും നേരത്തേ കാണണം. യാത്രക്കാർ ഒരേസമയം നേരിടുന്നത് ഇരട്ടപ്രതിസന്ധി. ശബരിമല സീസൺ അടുത്തെത്തിയതോടെ അന്യസംസ്ഥാന വാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുവരാനിരിക്കെ അടൂരിൽ വഴികാട്ടേണ്ട സൂചനാബോർഡിലെ അക്ഷരങ്ങൾ മാഞ്ഞിരിക്കുകയാണ്. തൊട്ടുതാഴെ അപകടം പതിയിരിക്കുന്ന കുഴിയും.
വഴി അറിയാൻ ബോർഡ് നോക്കിയാൽ ഒന്നും വ്യക്തമാകില്ല; റോഡിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴുകയും ചെയ്യും. ശബരിമല തീർഥാടകരെ വരവേൽക്കാനുള്ള അടൂരിലാണ് ഇത്തരം ദുരവസ്ഥ. എം.സി. റോഡിൽ അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപം ബൈപ്പാസിലേക്ക് തിരിയുന്നതിനുമുൻപുള്ള സൂചനാ ബോർഡാണ് യാത്രക്കാർക്ക് പ്രയോജനപ്പെടാത്തവിധം നശിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അക്ഷരങ്ങൾ മാസങ്ങൾക്കുമുൻപേ മാഞ്ഞുതുടങ്ങിയതാണ്.
ഇപ്പോൾ ശബരിമല, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദിശകൾ വ്യക്തമാകാത്ത സ്ഥിതിയായി. ഇത്രയും കാലമായിട്ടും ബോർഡ് പുനഃസ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായിട്ടില്ല.
കോട്ടയം ഭാഗത്തുനിന്ന് എം.സി. റോഡ് വഴിയും കായംകുളം ഭാഗത്തുനിന്ന് കെ.പി. റോഡ് വഴിയും അടൂരിലെത്തുന്ന ഇതരസംസ്ഥാന വാഹനയാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്.
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതോടെ പന്തളംവഴി അടൂരിലെത്തി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും വർധിക്കും. സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക് ദിശ കണ്ടെത്താൻ കഴിയാത്തസാഹചര്യം ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും ഇടയാക്കും.
വില്ലനായി റോഡിലെ കുഴിയും
വഴി വ്യക്തമാക്കേണ്ട സൂചനാബോർഡിനു തൊട്ടുമുൻപിൽ പന്തളം–കായംകുളം ഭാഗത്തുനിന്ന് അടൂരിലേക്ക് വരുന്ന വാഹനങ്ങളുടെ പാതയോരത്താണ് വലിയകുഴി. മാസങ്ങളായുള്ള കുഴിയിൽ മഴ പെയ്തതോടെ വെള്ളം കെട്ടിനിൽക്കുകയാണ്. ഇതോടെ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയും.
വേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിൽ വീണ് അപകടങ്ങളുണ്ടാകാറുണ്ടെന്ന് സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും പറയുന്നു. റോഡിന്റെയും സൂചനാ ബോർഡിന്റെയും സംരക്ഷണച്ചുമതല കെ.എസ്.ടി.പിക്കാണ്. റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുമായുള്ള കരാർ അടുത്തിടെ അവസാനിച്ചിരുന്നു. പുതിയ കരാർ നൽകേണ്ടതുണ്ടെന്നാണ് കെ.എസ്.ടി.പി. അധികൃതരുടെ വിശദീകരണം.
എന്നാൽ ശബരിമല സീസൺ തൊട്ടടുത്തെത്തിയിട്ടും ബോർഡിലെ അക്ഷരങ്ങൾ തെളിയിക്കാനും കുഴി അടയ്ക്കാനും നടപടിയില്ലാത്തത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു.
Published: 23 Oct 2026, 01:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented