തിരുവനന്തപുരം : രാജഭരണകാലത്തെ അനുസ്മരിപ്പിച്ച് പൂജപ്പുരയിലേക്ക് വേളിമല കുമാരസ്വാമിയുടെ നവരാത്രി എഴുന്നള്ളത്ത് നടന്നു.

To advertise here,

രാവിലെ ആര്യശാലയിൽ നിന്നു പുറപ്പെട്ട ഘോഷയാത്രയ്ക്ക് ഭക്തർ വഴിയിലുടനീളം ഭക്തിനിർഭരമായ വരവേൽപ്പ് നൽകി.

പൂജപ്പുര സരസ്വതിക്ഷേത്ര അങ്കണത്തിൽ, നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി വേളിമല കുമാരസ്വാമി നടത്തിയ പള്ളിവേട്ടയോടെ 9 ദിവസം തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു.

രാവിലെ പൂജയെടുപ്പിനുശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. കരമനയിൽനിന്നു ഘോഷയാത്ര പുറപ്പെട്ടു. തട്ടം പൂജയും പുഷ്പവൃഷ്ടിയുമായി പൂജപ്പുരയിലേക്കുള്ള കുമാരസ്വാമിയുടെ എഴുന്നള്ളത്ത് ഭക്തിനിർഭരമായി. വിഗ്രഹത്തെ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി. ഉച്ചയോടെ ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽനിന്ന് കാവടിഘോഷയാത്ര സരസ്വതി മണ്ഡപത്തിലെത്തി. വൈകീട്ട് നാലരയ്ക്ക് പള്ളിവേട്ടയ്ക്കായി കുമാരസ്വാമി സരസ്വതി മണ്ഡപത്തിനു പുറത്തിറങ്ങി. പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

 

വേട്ടക്കളത്തെ മൂന്നുതവണ വലംവെച്ച ശേഷം വേട്ട നടത്തിയപ്പോൾ ആചാരവെടി മുഴങ്ങി. തിരികെ സരസ്വതി മണ്ഡപത്തിലെത്തിച്ച കുമാരസ്വാമിയെ രാത്രി ശ്രീപദ്മനാഭസ്വാമി ക്ഷേത്രസന്നിധിയിലേക്ക് എഴുന്നള്ളിച്ചു. സന്ധ്യയോടെ ചെന്തിട്ട ക്ഷേത്രത്തിൽനിന്ന് മുന്നൂറ്റിനങ്കയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിനു മുന്നിലേക്ക് എഴുന്നള്ളിച്ചു.

കവടിയാർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതീഭായി, അശ്വതി തിരുനാൾ ഗൗരീലക്ഷ്മിഭായി, ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ. രാജരാജവർമ, ഡി. വിഘ്‌നേശ്വര അയ്യർ എന്നിവർ വിഗ്രഹങ്ങൾക്കു വരവേൽപ്പ് നൽകി. സ്വീകരണത്തിനു ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി.

നവരാത്രി ഉത്സവത്തിൽ പങ്കെടുക്കാൻ പദ്മനാഭപുരത്ത് നിന്ന് എത്തിച്ച സരസ്വതിദേവിക്കും വേളിമല കുമാര സ്വാമിക്കും മുന്നൂറ്റിനങ്കയ്ക്കും വ്യാഴാഴ്ച നല്ലിരിപ്പ്. വെള്ളിയാഴ്ച രാവിലെ വിഗ്രഹങ്ങൾ പദ്മനാഭപുരത്തേക്ക് തിരിച്ച് തിരിച്ചെഴുന്നള്ളിക്കും.