കൊടുമൺ : നെല്ല് വിതച്ച ഇടത്തിട്ട മുണ്ടുകോണം ഏലായിൽ വെള്ളംകയറി. കൊടുമൺ വലിയതോട് കവിഞ്ഞാണ് വെള്ളം കയറിത്. വിതച്ചിട്ട് നാല് ദിവസമേ ആയുള്ളുവെന്നും ഇനിയും വെള്ളം നിന്നാൽ വിത നശിക്കുമെന്നും അങ്ങാടിക്കൽ തെക്ക് ഗായത്രിയിൽ

To advertise here,

കെ.ഗോപിനാഥൻപിള്ള പറഞ്ഞു. ചെറിയമഴ പെയ്താൽപോലും തോട് കരകവിയുകയാണ്. കൊടുമൺ പഞ്ചായത്തിൽകൂടി ഒഴുകുന്ന വലിയതോടുകളുടെ വലിപ്പം പേരിൽ മാത്രമാണ്. ഇവിടുത്തെ തോടുകൾ എല്ലാം ചെളി നിറഞ്ഞും കൈയേറ്റം കാരണവും ഇടുങ്ങി ചെറുതായി. തോടുകളിൽ ചെളിനിറഞ്ഞ് വലിയപുറ്റുകൾ ഉണ്ടായിട്ടുണ്ട്.

വെള്ളം സുഗമമായി ഒഴുകുന്നതിന് ഇത് തടസ്സമാണ്. അതിനാൽ ചെറുമഴ പെയ്താൽ പാടങ്ങൾ വെള്ളത്തിൽ മുങ്ങും. മറ്റെല്ലാ സ്ഥലങ്ങളിലും നെൽക്കൃഷി നിലച്ചപ്പോൾ കൊടുമണ്ണിൽ നല്ലരീതിയിൽ നെൽക്കൃഷി നടന്നു വരികയായിരുന്നു. എന്നാൽ വയലുകളിലെ വെള്ളക്കെട്ട് കാരണം നെൽക്കൃഷി കുറഞ്ഞു വരികയാണ്. കഴിഞ്ഞവർഷം ഇടത്തിട്ട മുണ്ടുകോണം ഏലായിൽ നെല്ല് വിതച്ചപ്പോൾ അടുത്ത ദിവസം പെയ്തമഴയിൽ മുഴുവനും വെള്ളമെടുത്തു. രണ്ട് പ്രാവശ്യംകൂടി കർഷകർ വിത്ത് വിതച്ചെങ്കിലും മുഴുവനും വെള്ളംകയറി നശിച്ചിരുന്നു.

നല്ല വീതിയുണ്ടായിരുന്ന പലതോടുകളും കൈയേറ്റം കാരണം ഇടുങ്ങി. വലിയതോടുകളിലേക്ക് വെള്ളം കൊണ്ടുവന്നിരുന്ന കൈത്തോടുകൾ മിക്കതും നികത്തപ്പെട്ടിരിക്കുന്നു. എല്ലാ തോടുകളുടെയും വരമ്പുകൾ മടവീണ് തകർന്നുകിടക്കുകയാണ്. അതിനാൽ മഴപെയ്താൽ പാടങ്ങൾ മുങ്ങുന്നനിലയിലാണ്. പാടങ്ങളിലും തോടുകളിലും വെള്ളംനിറഞ്ഞുകിടന്ന കാലത്ത് കൊടുമണ്ണിലെ കിണറുകളിൽ വേനൽക്കാലത്ത് വെള്ളത്തിന് ക്ഷാമമുണ്ടായിരുന്നില്ല.

കൊടുമൺ വലിയതോട്, ഐക്കാട് തോട്, വള്ളുവയൽ തോട്, അങ്ങാടിക്കൽ വലിയതോട്, മറ്റ് ഉപതോടുകൾ എല്ലാം ആളുകൾ കുളിക്കാനും നനയ്ക്കാനും ഉപയോഗിച്ചിരുന്നു. മാലിന്യം കാരണം നനയ്ക്കാനും കുളിക്കാനും ഉപയോഗിക്കുന്നില്ല. തോടുകളിൽ മീനും കുറവാണ്. പണ്ട് ഈ തോടുകളിൽ മത്സ്യസമ്പത്ത് ഏറെയുണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാവർഷവും തോട് വൃത്തിയാക്കാൻ ഇറങ്ങാറുണ്ട്.

എന്നാൽ തോട്ടിലെ ചെളിപുറ്റുകൾ വെട്ടി ഇളക്കി അവർ തോട്ടിലേക്കുതന്നെ ഇടുകയാണ് ചെയ്യുന്നത്. ഇത് വീണ്ടും പുറ്റുകൾ ഉണ്ടാകാൻ കാരണമാകുന്നു. പണ്ട് തോട്ടിൽനിന്ന്‌ ഏലാകളിലേക്ക് വെള്ളം തിരിച്ചുവിടാനായി തടയണകൾ നിർമിച്ചിരുന്നു. ഇതിന് തോട്ടിൽ അവിടവിടെയായി ചീപ്പുകൾ (കോൺക്രീറ്റ് തൂണുകൾ) നിർമിച്ചിരുന്നു. ഈ തൂണുകൾക്കിടയിൽ പലകകൾ ഇട്ടാണ് വെള്ളം തടഞ്ഞിരുന്നത്. ഇപ്പോൾ ഈ തൂണുകൾക്കിടയിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. യന്ത്രങ്ങൾ ഉപയോഗിച്ച് തോടുകളിലെ ചെളി കോരിമാറ്റി ആഴവും വീതിയും കൂട്ടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. തോടുകളുടെ കൈയേറ്റം ഒഴിപ്പിച്ച് തോട്ടുവരമ്പ് ബലപ്പെടുത്തുകയും വേണമെന്നും അവർ പറഞ്ഞു.