നെയ്യാറ്റിൻകര : നഗരസഭയിലെ രണ്ട് പ്രധാന റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് തകർന്ന നിലയിലായിട്ടും നവീകരിക്കാൻ പദ്ധതിയില്ല. മൂന്നുകല്ലിൻമൂട്-ഊരൂട്ടുകാല, വ്ളാങ്ങാമുറി-വൃന്ദാവൻ റോഡുകളാണ് വർഷങ്ങളായി നവീകരണമില്ലാതെ തകർന്ന നിലയിലായത്.

To advertise here,

നഗരസഭയിലെ മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ് മൂന്നുകല്ലിൻമൂട്-ഊരൂട്ടുകാല റോഡ്.

നഗരത്തിൽനിന്നു കൊടങ്ങാവിള, കമുകിൻകോട്, അവണാകുഴി, വെൺപകൽ എന്നിവിടങ്ങളിലേക്ക്‌ എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡ് കൂടിയാണ് ഇത്. തകർന്ന നിലയിലായ റോഡ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവീകരിച്ചെങ്കിലും വീണ്ടും പൊട്ടിപ്പൊളിഞ്ഞ നിലയിലായി.

റോഡിൽ ഓടയില്ലാത്തത് കാരണം മഴക്കാലത്ത് മഴവെള്ളം റോഡിൽ കെട്ടിക്കിടന്നാണ് പൊട്ടിപ്പൊളിയുന്നത്. നഗരസഭയിലെ മൂന്നുകല്ലിൻമൂട്, ഊരൂട്ടുകാല, ബ്രഹ്‌മംകോട് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മൂന്നുകല്ലിൻമൂട് മുതൽ ഊരൂട്ടുകാല ക്ഷേത്രം വരെ നഗരസഭയുടെയും ബാക്കി കൊന്നമൂട് വരെ അതിയന്നൂർ പഞ്ചായത്തിന്റെയും കീഴിലാണ്. നഗരസഭയുടെയോ പഞ്ചായത്തിന്റെയോ ഫണ്ടുകൊണ്ട് റോഡ് നവീകരിക്കാനാകില്ല. അതുകൊണ്ട് റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലാക്കി നവീകരിക്കണമെന്നതാണ് പൊതുവായ ആവശ്യം.

ബി.എം.ബി.സി. നിലവാരത്തിൽ റോഡ് ടാർ ചെയ്താലേ ദീർഘകാലം റോഡ് ഗതാഗതത്തിന് ഉപയോഗിക്കാനാകൂ. ഇതിന് സർക്കാർ ഫണ്ട് ലഭ്യമാക്കണം. ഈ റോഡിന് സമാന്തരമായി കൊടങ്ങാവിള വരെയെത്തുന്ന റോഡ് പി.ഡബ്ല്യു.ഡി.യുടെ കീഴിലാണ്. അതുകൊണ്ട് ഊരൂട്ടുകാല ക്ഷേത്രം വഴിയുള്ള ഈ റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുന്നില്ല.

ഊരൂട്ടുകാല ഗവ. ഹൈസ്‌കൂൾ, ടി.ടി.ഐ., ഗവ. എൽ.പി. സ്‌കൂൾ, ഡോ. ജി.ആർ. പബ്ളിക് സ്‌കൂൾ, ഊരൂട്ടുകാല ഭദ്രാകാളീദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ പോകാനുള്ള റോഡ് കൂടിയാണിത്. എന്നിട്ടും റോഡ് നവീകരിക്കാൻ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഊരൂട്ടുകാല റോഡ് നവീകരിക്കാനായി ഒരു കോടി രൂപയുടെ പദ്ധതിയുണ്ടെന്നും ഇതിന് സർക്കാർ ധനസഹായത്തിനായി അപേക്ഷിച്ചെന്നും നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു പറഞ്ഞു.

കുണ്ടും കുഴിയുമായി തകർന്നടിഞ്ഞ് ഒരു റോഡ്

വ്ളാങ്ങാമുറി-വൃന്ദാവൻ റോഡ് തകർച്ചയിലായിട്ടും നവീകരിക്കാൻ നടപടിയില്ല. തോണിപ്ലാവിള ആദിപരാശക്തി ക്ഷേത്രത്തിലേക്ക്‌ പോകാനുള്ള ഏകറോഡാണിത്. നഗരസഭയിലെ പനങ്ങാട്ടുകരി വാർഡിൽ ഉൾപ്പെടുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ഇതുവഴിയുള്ള വാഹനയാത്ര ദുരിതപൂർണമായിരിക്കുകയാണ്.

വൃന്ദാവൻ റോഡിൽനിന്നും മേക്കരി വഴി കവളാകുളത്ത് പോകാനും റോഡുണ്ട്. മാത്രവുമല്ല വൃന്ദാവൻ റോഡ് അവസാനിക്കുന്നിടത്ത് പനങ്ങാട്ടുകരി പാടത്തിലൂടെ നഗരസഭ ബണ്ട് റോഡ് നിർമിച്ചിട്ടുണ്ട്. ഇത് മാഞ്ചിറവഴി കവളാകുളത്ത് എത്തിച്ചേരാനാകും. ബണ്ട് റോഡ് നിർമിച്ചെങ്കിലും ഇവിടം ടാറിടാൻ ഇതുവരെ നടപടിയായിട്ടില്ല.

വ്ളാങ്ങാമുറി മുതൽ വൃന്ദാവൻ വരെ റോഡ് ഇന്റർലോക്ക് ചെയ്യാൻ നഗരസഭയ്ക്ക് പദ്ധതിയുണ്ടെങ്കിലും ഇതുവരെ ഇത് നടപ്പിലാക്കിയിട്ടില്ല. മേക്കരി റോഡ് തകർന്ന നിലയിലാണ്. ഈ റോഡ് നവീകരണത്തിനും നടപടിയില്ല. വ്ളാങ്ങാമുറി-വൃന്ദാവൻ റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിക്കാൻ പത്ത് ലക്ഷം രൂപയുടെ പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചതായി കൗൺസിലർ സുരേഷ്‌കുമാർ അറിയിച്ചു. തുടർന്ന് മാഞ്ചിറ വരെ പുതിയതായി റോഡ് ടാർ ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മേക്കരി റോഡ് ടാറിടുന്നതിന് ജോസ് കെ. മാണി എം.പി.യുടെ ഫണ്ടിൽനിന്നു പണം അനുവദിച്ചതായും സുരേഷ്‌കുമാർ വ്യക്തമാക്കി.