ചിറയിൻകീഴ് : അമൃത് ഭാരത് സ്‌റ്റേഷനായി ഉയർത്തിയ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽ സ്വകാര്യ ബസുകൾക്ക് വിലക്കേർപ്പെടുത്തി റെയിൽവേ.

To advertise here,

അമൃത് സ്‌റ്റേഷനാക്കി ഉയർത്തിയ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷനിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ പാർക്ക് ചെയ്തിരുന്ന ഇടങ്ങളിൽ ശുചിത്വപരിപാലനം വെല്ലുവിളിയായി തുടരുകയാണെന്ന റെയിൽവേ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബസുകളെ ഇനിമുതൽ റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉന്നത റെയിൽവേ അധികാരികൾ എത്തിയത്.

പാർക്കിങ്ങിനും യാത്രക്കാരെ കയറ്റുന്നതിനുമെത്തുന്ന സ്വകാര്യ ബസുകൾ റെയിൽവേയുടെ വസ്തുവകകൾക്ക് നാശമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത്തരത്തിൽ നിരവധി പരാതികൾ വ്യക്തികളിൽ നിന്ന്‌ റെയിൽവേക്ക്‌ ലഭിച്ചിരുന്നു. റെയിൽവേയുടെ പരിശോധനാ റിപ്പോർട്ടിലും ഇത് ശരിവെക്കുന്ന റിപ്പോർട്ടാണ് മേധാവികൾക്കു ലഭിച്ചത്.

തുടർന്നാണ് പാർക്കിങ് ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിനുള്ള അനുവാദം റെയിൽവേ പിൻവലിച്ചത്.

കഴിഞ്ഞ ആറാം തീയതിയോടെ റെയിൽവേയുടെ പാർക്കിങ് ഗ്രൗണ്ട് ലേലംചെയ്ത് നൽകിയെങ്കിലും അതിൽ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ബസുകൾ റെയിൽവേ ഭൂമിയിൽ പ്രവേശിക്കാതെ പൊതുനിരത്തിൽ നിർത്തിയിടുന്ന അവസ്ഥയുണ്ടായി. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും പ്രദേശവാസികളുടെ പരാതിക്കും കാരണമായി.

തുടർന്ന് ഗ്രാമപ്പഞ്ചായത്ത് വിഷയത്തിൽ ഇടപെടുകയും പ്രശ്‌നം പരിഹരിക്കാൻ പോലീസും റെയിൽവേ അധികൃതരുടെയും യോഗം വിളിച്ചുകൂട്ടാൻ മുൻകൈയെടുക്കുകയും ചെയ്തു. എന്നാൽ, യോഗത്തിൽ പങ്കെടുക്കാൻ റെയിൽവേ വിസമ്മതം അറിയിച്ചു.

പകരം സ്വകാര്യ ബസുകൾക്ക് റെയിൽവേ ഭൂമിയിൽ പ്രവേശിക്കണമെങ്കിൽ ആറുമാസകാലയളവിലേക്ക്‌ ജി.എസ്.ടി. ഉൾപ്പെടെ 11800 രൂപ അടയ്ക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു.

ഈ തുക അടയ്ക്കാൻ ബസുടമകൾ തയ്യാറാകാത്തതാണ് സ്വകാര്യ ബസുകൾക്ക് റെയിൽവേ ഭൂമിയിൽ പ്രവേശനവിലക്കേർപ്പെടുത്തിയത്. മാലിന്യം ശരിയായി പരിപാലിക്കാതെ റെയിൽവേ പരിസരം വൃത്തിഹീനമാക്കുന്നു എന്നതാണ് പ്രധാനമായും റെയിൽവേ ഉന്നയിക്കുന്ന പരാതി. പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ ഗ്രാമപ്പഞ്ചായത്തും ആശങ്കയിലാണ്.

പണ്ടകശാലയിലെ ഗ്രാമപ്പഞ്ചായത്ത് ഭൂമി ബസ് സ്റ്റാൻഡായി മാറ്റുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിൽനിന്നും പഞ്ചായത്ത് പിന്നാക്കംപോയതാണ് നിലവിലെ പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് ഒരുകൂട്ടരുടെ വാദം.