വെള്ളറട : കർഷകസംഘം ജില്ലാകമ്മിറ്റിയും ആദിവാസി ക്ഷേമസഭയും ആഹ്വാനംചെയ്ത മലയോര ഹർത്താൽ അമ്പൂരിയിൽ പൂർണം.
പരിസ്ഥിതിലോല പ്രദേശ പട്ടിക വിജ്ഞാപനത്തിൽനിന്നു ജനവാസമേഖലകളെയും കാർഷികമേഖലകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തിയത്. ഹർത്താൽദിനത്തിൽ വാഹനങ്ങളൊന്നും നിരത്തിറക്കിയില്ല.
റോഡിനു കുറുകേ ഫ്ളക്സ് ബോർഡുകൾ െവച്ച് വാഹനയോട്ടം തടഞ്ഞു. രാവിലെ കാട്ടാക്കട ഡിപ്പോയിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിനെ സമരാനുകൂലികൾ തടഞ്ഞ് തിരിച്ചുവിട്ടു. ബസ് സർവീസുകൾ നടക്കാത്തതോടെ സർക്കാർ ഓഫീസുകളും സ്കൂളുകളും തുറന്നു പ്രവർത്തിച്ചില്ല. കടകമ്പോളങ്ങൾ പൂർണമായും അടച്ചിട്ട നിലയിലായിരുന്നു.
ഹർത്താലനുകൂലികൾ പൂച്ചമുക്കിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അമ്പൂരി കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മുൻ എം.എൽ.എ. ഐ.ബി.സതീഷ് ഉദ്ഘാടനംചെയ്തു. കർഷകസംഘം ഏരിയാ സെക്രട്ടറി വിജയൻ അധ്യക്ഷനായി. നിലമാമൂട് ഉദയൻ, കെ.കെ.സജയൻ, വി.സനാതനൻ, ബിജു തുരുത്തേൽ, സുരേന്ദ്രൻ കൊണ്ടകെട്ടി, ബി.ഷാജി എന്നിവർ പ്രസംഗിച്ചു.
വാഴിച്ചൽ, അമ്പൂരി വില്ലേജുകളിലായി കിടക്കുന്ന അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതിലോലത്തിൽ ഉൾപ്പെടുന്ന അപൂർവയിനം സസ്യങ്ങളോ, പക്ഷികളോ, ജന്തുക്കളോ ഇവിടെയില്ല. കൂടാതെ അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളും ഈ മേഖലകളിൽ ഇല്ലെന്നും സാറ്റലൈറ്റ് സർവേയിലെ അപാകമാണ് അമ്പൂരിയിലെ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശം പട്ടികയിൽ ഉൾപ്പെടാൻ കാരണമെന്നുള്ള വിദഗ്ധസമിതിയുടെ കൃത്യമായ പഠന റിപ്പോർട്ടുകൾ ബന്ധപ്പെട്ട അധികൃതർക്കും കേന്ദ്ര-സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രിമാർക്കും നൽകിയിരുന്നു.
എന്നിട്ടും പിന്നീട് പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ജനവാസമേഖലകളെ ഉൾപ്പെടുത്തിയതായും സമരക്കാർ ആരോപിക്കുന്നു.
പേപ്പാറ വന്യജീവിസങ്കേതത്തിൽ ഉൾപ്പെടുന്ന മണ്ണൂർക്കര വിതുര വില്ലേജുകളും നെയ്യാർ വന്യജീവിസങ്കേതത്തിൽ ഉൾപ്പെടുന്ന അമ്പൂരി, വാഴിച്ചൽ വില്ലേജുകളും ഉൾപ്പെട്ട 52.036 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയാക്കണമെന്ന് 2020ൽ വനംവകുപ്പ് ശുപാർശ നൽകിയിരുന്നത്.
സർവേയിലെ അപാകവും ബന്ധപ്പെട്ട അധികൃതർ നൽകിയ തെറ്റായ വിവരങ്ങളുമാണ് പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിലൂടെ െെസ്വരജീവിതത്തെ തകർക്കുന്നതെന്നും അവയൊക്കെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സംസ്ഥാന സർക്കാരിനും പരാതികൾ നൽകിയിരുന്നു.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും തരിശുഭൂമി കൃഷിയോഗ്യമാക്കി തലമുറകളായി ജീവിച്ചുവരുന്ന കർഷക കുടുംബങ്ങളെയാണ് പുതിയ വിജ്ഞാപനത്തിലൂടെ കുടിയിറക്കാൻ ശ്രമിക്കുന്നതെന്നും നേരത്തേ വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ ഇടനിലക്കാർ വില കുത്തനെ കുറച്ചതിനാൽ ഉടമകൾക്ക് പുരയിടങ്ങൾ അർഹമായ വിലയ്ക്കു വിൽക്കാൻ സാധിക്കാത്ത നിലയിലാണിപ്പോളെന്നുമുള്ള പരാതികളുമുണ്ട്. വസ്തു ഈടുനൽകി വായ്പകൾ നൽകുന്നതിൽനിന്ന് ബാങ്കുകളും പിന്നാക്കംപോയിട്ടുണ്ടെന്നും ഇത് തദ്ദേശീയരെ വല്ലാതെ വലയ്ക്കുകയാണെന്നും ആദിവാസി ഉന്നതികളിലെ വികസനത്തെ തകിടംമറിക്കുന്ന അവസ്ഥയാണുള്ളതെന്നും സമരക്കാർ പറഞ്ഞു.
Published: 28 Oct 2026, 01:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented