ദുബായ് : ഭാരതീയ കലകളുടെയും ക്ലാസിക്കൽ സംഗീത-നൃത്ത പാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി യു.എ.ഇ.യിൽ സംഘടിപ്പിച്ച വസന്തോത്സവം 2026 സമാപിച്ചു. ഇന്ത്യൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ദുബായ് സബീൽ ലേഡീസ് ക്ലബ്ബിലാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതിനിധി ആശിഷ് കുമാർ വർമ, മുൻ യു.എ.ഇ. പരിസ്ഥിതി ജലവിഭവവകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി എന്നിവർ ചേർന്ന് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

കുട്ടികൾ ആലപിച്ച ഭക്തിനിർഭരമായ ഭജനയോടെ ആരംഭിച്ച സാംസ്കാരിക സന്ധ്യയിൽ മനോഹരമായ ഭരതനാട്യവും കർണാടക സംഗീതാലാപനവും കാണികൾക്കായി ഒരുക്കിയിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച '150 ഇയേഴ്സ് ഓഫ് വന്ദേമാതരം' എന്ന ഗ്രാൻഡ് കോറൽ ആലാപനം ചടങ്ങിലെ പ്രധാന ആകർഷണമായി മാറി. ഭാരതത്തിന്റെ ദേശീയ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു കുട്ടികളും കലാകാരന്മാരും ചേർന്നൊരുക്കിയ ഈ പ്രത്യേക സംഗീതാർച്ചന.

ഹരിദ്വാരമംഗലം ഡോ. എ.കെ. പളനിവേലിന്റെ തവിൽ, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മന്നാർഗുഡി എ. ഈശ്വരന്റെ മൃദംഗം, ഡോ. നെല്ലൈ എസ്. രാധാകൃഷ്ണന്റെ സ്റ്റീരിയോഫോണിക് ഡബിൾ വയലിൻ, കലൈമാമണി കല്ല്യാണപുരം ജി. ശ്രീനിവാസന്റെ നാദസ്വരം എന്നിവ കോർത്തിണക്കി അവതരിപ്പിച്ച ശാസ്ത്രീയ ഉപകരണ സംഗീതവിരുന്ന് ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി. ക്ലാസിക്കൽ സംഗീതലോകത്തെ പ്രഗല്‌ഭർ ആദ്യമായി ഒന്നിച്ച ഈ അപൂർവ വാദ്യമേളം ഇന്ത്യാ-യു.എ.ഇ. കലാബന്ധത്തിന്റെ സവിശേഷതയായി മാറിയെന്ന് കാണികൾ സാക്ഷ്യപ്പെടുത്തി.

2015 മുതൽ തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന വസന്തോത്സവം, യു.എ.ഇ.യിലെ വളർന്നുവരുന്ന യുവതലമുറയ്ക്ക് ഭാരതീയ സംസ്കാരം പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതുവരെ മുന്നൂറിലധികം യുവ കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ ഈ പ്ലാറ്റ്ഫോം അവസരമൊരുക്കിയിട്ടുണ്ട്.

പ്രവാസി സമൂഹത്തിനിടയിൽ പരമ്പരാഗത കലകൾ പ്രചരിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വസന്തോത്സവത്തിന്റെ സംഘാടകർ നടത്തുന്ന പ്രവർത്തനങ്ങളെ ഇന്ത്യൻ കോൺസുലേറ്റ് പ്രശംസിക്കുകയും പൂർണ പിന്തുണ ആവർത്തിക്കുകയുംചെയ്തു.