44,700 പഴയ ലൈറ്റുകളിൽ 17,880 എണ്ണം അത്യാധുനിക എൽ.ഇ.ഡി. സാങ്കേതികവിദ്യയിലേക്ക് മാറ്റി

To advertise here,

ദുബായ് : ദുബായ് മെട്രോയിൽ നടപ്പിലാക്കുന്ന വിപുലമായ ലൈറ്റിങ് നവീകരണ പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.

മെട്രോ സ്റ്റേഷനുകളിലും അനുബന്ധ കേന്ദ്രങ്ങളിലുമുള്ള ആകെ 44,700 പഴയ ലൈറ്റുകളിൽ 17,880 എണ്ണമാണ് ഇതിനോടകം അത്യാധുനിക എൽ.ഇ.ഡി. സാങ്കേതികവിദ്യയിലേക്ക് മാറ്റിയത്.

പൊതുഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി ആഘാതവും കാർബൺ പുറന്തള്ളലും ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ദുബായ് മെട്രോയുടെയും ട്രാമിന്റെയും പ്രവർത്തനവും പരിപാലനവും നടത്തുന്ന കിയോലിസ് എം.എച്ച്.ഐ. കമ്പനിയുമായി സഹകരിച്ചാണ് പദ്ധതിയുടെ നിർവഹണം. റെഡ്, ഗ്രീൻ ലൈനുകളിലെ മെട്രോ സ്റ്റേഷനുകൾ, കാൽനടപ്പാലങ്ങൾ, യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ എൽ.ഇ.ഡി. ലൈറ്റുകൾ ഘടിപ്പിക്കുന്ന ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

കാർ പാർക്കിങ് കേന്ദ്രങ്ങൾ, തുരങ്കങ്ങൾ, അനുബന്ധ കെട്ടിടങ്ങൾ, പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്ന മൂന്നാംഘട്ട ജോലികൾ നിർദിഷ്ട സമയക്രമം അനുസരിച്ച് അതിവേഗം പുരോഗമിക്കുകയാണ്.

2027-ൽ പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 1.4 കോടിയിലധികം കിലോവാട്ട് മണിക്കൂർ വൈദ്യുതി ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ദുബായ് മെട്രോയുടെ ആസ്തികൾ കൂടുതൽ കരുത്തുറ്റതാക്കാൻ ഉദ്ദേശിച്ചുള്ള തന്ത്രപ്രധാനമായ നിക്ഷേപമാണ് ഈ പദ്ധതിയെന്ന് ആർ.ടി.എ റെയിൽ ഏജൻസി റെയിൽ മെയ്ന്റനൻസ് ഡയറക്ടർ ദാവൂദ് അൽ റൈസ് പറഞ്ഞു.

വൈദ്യുതി ഉപയോഗവും പരിപാലന ആവശ്യങ്ങളും കുറയ്ക്കുന്നതിലൂടെ മികച്ച സാമ്പത്തികലാഭവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

സാധാരണ ലൈറ്റുകൾ ഒരു വർഷത്തിനുള്ളിൽ മാറ്റേണ്ടി വരുമ്പോൾ, പുതിയ എൽ.ഇ.ഡി. ലൈറ്റുകൾക്ക് തുടർച്ചയായി 11 വർഷം വരെ ആയുസ്സുണ്ട്. ഇത് 12 മുതൽ 13 വരെ മാറ്റിവെക്കൽ ഘട്ടങ്ങളെ ഇല്ലാതാക്കുന്നതിനൊപ്പം ഒരു ലൈറ്റ് യൂണിറ്റിന്മേൽ ആറു മുതൽ ഏഴു വരെ തൊഴിൽ മണിക്കൂറുകൾ ലാഭിക്കാനും സാധിക്കും.