നവംബർ മൂന്നിന് ദേശീയ പതാക ഉയർത്താൻ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം
ദുബായ് : രാജ്യത്തോടുള്ള കൂറും സ്നേഹവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് നവംബർ മൂന്നിന് യു.എ.ഇ. പതാകദിനം വിപുലമായി ആഘോഷിക്കാൻ ആഹ്വാനംചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രത്യേക സന്ദേശത്തിലാണ് രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയങ്ങളോടും വിദ്യാലയങ്ങളോടും മറ്റ് പൊതു-സ്വകാര്യസ്ഥാപനങ്ങളോടും നവംബർ മൂന്നിന് ദേശീയ പതാക ഉയർത്താൻ അദ്ദേഹം നിർദേശിച്ചത്. 'നമ്മുടെ രാജ്യത്തിന്റെ വാനിൽ നമ്മുടെ ദേശീയ പതാക അഭിമാനത്തോടെയും പ്രൗഢിയോടെയും വാനോളമുയരട്ടെ' എന്ന് അദ്ദേഹം തന്റെ ആശംസയിൽ വ്യക്തമാക്കി.
യു.എ.ഇ.യുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണാധികാരമേറ്റെടുക്കലിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാവർഷവും പതാക ദിനം കൊണ്ടാടുന്നത്.
2012 ഡിസംബർ 11-നാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പതാക ദിനം ഔദ്യോഗിക വാർഷികാഘോഷമായി പ്രഖ്യാപിച്ചത്. തുടർന്ന് 2013-ലാണ് രാജ്യം ആദ്യമായി ഈ ദിനം ആഘോഷിച്ചത്. യൂണിയന്റെ മൂല്യങ്ങളോടുള്ള ആദരവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ഈ ദിനം രാജ്യത്തെ ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അടിയുറച്ച ബന്ധത്തിന്റെ സന്ദേശം കൂടിയാണ് നൽകുന്നത്.
നവംബർ മൂന്നുമുതൽ ആരംഭിക്കുന്ന ആഘോഷങ്ങൾ ഡിസംബർ രണ്ടിന് യു.എ.ഇ.യുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് വരെ ഒരു മാസം നീണ്ടുനിൽക്കും. പതാകദിനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ലാൻഡ്മാർക്കുകളും ബീച്ചുകളും തെരുവുകളും വൻതോതിലുള്ള പതാക പ്രദർശനങ്ങളാൽ അലങ്കരിക്കപ്പെടും. ആയിരക്കണക്കിന് പതാകകൾ ഒരേസമയം ഉയരുമ്പോൾ യു.എ.ഇ.യുടെ പൊതുവിടങ്ങൾ ദേശീയ പതാകയുടെ വർണങ്ങളിൽ മുങ്ങിനിൽക്കും.
സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും പുറേമ രാജ്യത്തെ വീടുകളിലും താമസകേന്ദ്രങ്ങളിലും പതാക നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉയർത്തും. രാജ്യത്തിന്റെ പുരോഗതിക്കും സുസ്ഥിരതയ്ക്കും വേണ്ടി ജനങ്ങൾ ഒന്നടങ്കം വാനോളമുയർത്തുന്ന പ്രതീകമായി പതാകദിനം മാറും.
ഇതിനോടകം തന്നെ രാജ്യത്തുടനീളമുള്ള മന്ത്രാലയങ്ങളും തദ്ദേശ സ്ഥാപനങ്ങളും ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.
Published: 28 Oct 2026, 01:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented