നാടിന്റെ കണ്ണീരായി അഭിരാം
ശ്രീകാര്യം : ‘‘മോനേ അഭിരാമേ... ഞങ്ങൾക്ക് ഇനി ആരുണ്ട് കൂട്ടിന്...’’ എന്ന മാതാപിതാക്കളുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. പ്രണയപ്പകയെ തുടർന്ന് പാങ്ങപ്പാറയിൽ ദാരുണമായി കൊല്ലപ്പെട്ട 17-കാരൻ അഭിരാമിനെ ഒരു നോക്കുകാണാൻ ഒട്ടേറെപ്പേരാണ് ഒഴുകിയെത്തിയത്.
വൈകാരികമായ രംഗങ്ങൾക്കാണ് പാങ്ങപ്പാറ സംഗീത നഗറിലെ വീടും അന്ത്യകർമങ്ങൾ നടന്ന കഴക്കൂട്ടം ശാന്തിതീരവും സാക്ഷ്യം വഹിച്ചത്. പ്രിയപ്പെട്ടവന്റെ വേർപാട് വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് വാടകവീട്ടിൽ പൊതുദർശനത്തിനായെത്തിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂട്ടക്കരച്ചിലോടെയാണ് മൃതദേഹം വീട്ടിൽ ഏറ്റുവാങ്ങിയത്. “എന്റെ മോനെ എന്തിനാണ് നീ പോയത്... ഞങ്ങൾക്കിനി ആരുണ്ട് എന്നാവർത്തിച്ച് അമ്മ ധർമ്മജയുടെ നിലവിളി വേദനക്കാഴ്ചയായി മാറി. അഭിരാമിനെ യാത്രയാക്കാനെത്തിയ സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു. കൊലക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്നും കുട്ടിക്ക് നീതി കിട്ടുന്നതുവരെ പോരാടുമെന്നും കരച്ചിലിനിടെ അഭിരാമിന്റെ മുത്തച്ഛൻ പറയുന്നുണ്ടായിരുന്നു.
നാട്ടുകാരും സുഹൃത്തുക്കളുമടക്കം ആയിരക്കണക്കിന് പേരാണ് വീട്ടിൽ തടിച്ചു കൂടിയത്. ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിലാപയാത്രയായി മൃതദേഹം കഴക്കൂട്ടം ശാന്തിതീരം ശ്മശാനത്തിലെത്തിച്ച് സംസ്‌കാരം നടത്തി.
അന്ത്യോപചാരം അർപ്പിക്കാൻ ജനപ്രതിനിധികളും രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും എത്തി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വി.മുരളീധരൻ എം.എൽ.എ., സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, മുൻ എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, മാങ്കോട് രാധാകൃഷ്ണൻ, വി.കെ. പ്രശാന്ത് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
Published: 05 Nov 2026, 01:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented