നിർമാണോദ്ഘാടനം കഴിഞ്ഞ് ആറുവർഷം
നെയ്യാറ്റിൻകര : അൻപത്തിയൊന്ന് വർഷം പിന്നിട്ട നഗര കുടിവെള്ള പദ്ധതിക്ക് പകരമായി 2023 ഡിസംബറിൽ നിർമാണോദ്ഘാടനം നടത്തിയ കുടിവെള്ള പദ്ധതിയുടെ നിർമാണം ഒച്ചിഴയുംവേഗത്തിൽ. പദ്ധതി തുടങ്ങി മൂന്ന് വർഷം പിന്നിടുമ്പോഴും ശുദ്ധീകരണശാലയുടെയും നെയ്യാറിലെ തടയണയുടെയും നിർമാണം ഇതുവരെ ആരംഭിക്കാനായിട്ടില്ല.
കിഫ്ബി ഫണ്ടിൽ നിന്നും 21.68 കോടി രൂപ ചെലവിട്ടാണ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതിയ നഗര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ലാമെല്ല ക്ലാരിഫൈയർ എന്ന സാങ്കേതികവിദ്യയിലൂടെ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് മൂന്ന് വർഷമായിട്ടും എങ്ങുമെത്താതെ തുടരുന്നത്.
നെയ്യാറിലെ കുരവണിക്കടവിൽ തടയണ നിർമിച്ച് ഇതിന് സമീപത്തായി കിണറും പമ്പ് ഹൗസും നിർമിച്ച് വെള്ളം ജല അതോറിറ്റിയുടെ ഡിവിഷണൽ ഓഫീസ് വളപ്പിലെ ശുദ്ധീകരണശാലയിലെത്തിച്ച് വിതരണം നടത്തുന്നതാണ് പദ്ധതി.
എന്നാൽ വർഷം മൂന്ന് പിന്നിടുമ്പോഴും 7.7 ലക്ഷം ലിറ്ററിന്റെ സംഭരണശേഷിയുള്ള ഭൂഗർഭജലസംഭരണിയുടെയും ശുദ്ധീകരിച്ച ജലം വിതരണം ചെയ്യാനുള്ള പമ്പ് ഹൗസിന്റെയും ലാമെല്ല ക്ലാരിഫയറിന്റെയും എയറേറ്ററിന്റെയും നിർമാണമാണ് പൂർത്തീകരിക്കാനായത്. ഇതിനൊപ്പം ഓപ്പറേറ്റേഴ്‌സ് റൂം, ക്ലോറിൻ റൂം, ട്രാൻസ്‌ഫോർമർ റൂം എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലുമാണ്.
അംഗീകാരമായില്ല;തടയണ നിർമിക്കാതെ ജലസേചന വകുപ്പ്
നിലവിലെ നഗര കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും ഭൂഗർഭജലസംഭരണിയും ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചിടത്താണ് പുതിയ ഫിൽറ്റർഹൗസ്, മെറ്റീരിയൽ റൂം, റീഫിൽറ്റർ ബെഡ്, ആലം, ലൈം ടാങ്ക്, ഓഫീസ് റൂം, ബാക്ക് വാട്ടർ ടാങ്ക് എന്നിവ നിർമിക്കാൻ. നേരത്തെയുണ്ടായിരുന്ന പമ്പ് ഹൗസും ഭൂഗർഭജലസംഭരണിയും പൊളിച്ചുനീക്കാൻ വൈകിയതാണ് പദ്ധതി അനന്തമായി നീളാൻ ഇടയാക്കിയത്.
പുതിയ ഫിൽറ്റർ ഹൗസ് നിർമിക്കാനുള്ള ഡിസൈൻ അംഗീകാരത്തിനായി നൽകിയതേയുള്ളൂ. ഇത് അംഗീകരിച്ച് കിട്ടിയാൽ മാത്രമെ നിർമാണം ആരംഭിക്കാൻ കഴിയൂ.
നെയ്യാറിലെ കുരവണിക്കടവിൽ നിലവിലെ പമ്പ് ഹൗസിനു സമീപത്തായാണ് പുതിയ പമ്പ് ഹൗസും കിണറും നിർമിക്കുന്നത്. കിണറിന്റെ നിർമാണം ആരംഭിച്ചു. കിണർ നിർമാണം പൂർത്തീകരിച്ചാലെ പമ്പ് ഹൗസ് നിർമിക്കാൻ കഴിയൂ.
കിണറിനും പമ്പ് ഹൗസിനും തടയണ നിർമിക്കാനുമായി 10.10 കോടി രൂപയാണ് പ്രത്യേകമായി അനുവദിച്ചത്. തടയണ നിർമാണം ജലസേചന വകുപ്പിനാണ് ചുമതല. എന്നാൽ വർഷം ആറ് പിന്നിട്ടിട്ടും ഇതുവരെ തടയണ നിർമാണം ആരംഭിക്കാൻ ജലസേചന വകുപ്പിനായിട്ടില്ല.
വേണം 18 എം.എൽ.ഡി. ടാങ്ക്
:നിലവിൽ ജലവിതരണത്തിനായി കാലപ്പഴക്കമെത്തിയ 8.8 ലക്ഷം ലിറ്ററിന്റെ ഓവർഹെഡ് ടാങ്കാണ് ഉള്ളത്. പ്രതിദിനം 16 എം.എൽ.ഡി. ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ ഇത് നിറവേറണമെങ്കിൽ കുറഞ്ഞത് 18 എം.എൽ.ഡി.യുടെ ഓവർഹെഡ് ടാങ്ക് നിർമിക്കണം. എന്നാൽ ഇതുവരെ ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടില്ല.
നിലവിലുള്ള 8.8 ലക്ഷം ലിറ്ററിന്റെ ഓവർഹെഡ് ടാങ്ക് ഉപയോഗിച്ച് പ്രതിദിനം 16 എം.എൽ.ഡി. കുടിവെള്ളം വിതരണം ചെയ്യാൻ കഴിയില്ലെന്നിരിക്കെ പുതിയ ടാങ്ക് നിർമിക്കാൻ ജലഅതോറിറ്റി പുതിയ പദ്ധതി തയ്യാറാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
Published: 06 Oct 2026, 01:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented