തിരുവനന്തപുരം: ലിവ് ബൈ ഒ.എൻ.സി കമ്മ്യൂണിറ്റി കേരള ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'നവ്‌രംഗ' ഔട്ട്ഡോർ ഗർബ ആഘോഷത്തിന് തലസ്ഥാന നഗരി വേദിയാകുന്നു. ഒക്ടോബർ 17-ന് കോവളത്തുള്ള കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് പരിപാടി.

To advertise here,

പരമ്പരാഗതമായി ഗുജറാത്തിലും പടിഞ്ഞാറൻ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലുമുള്ള നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണ് ദാണ്ടിയയും ഗർബയുമെങ്കിലും ഇന്ന് രാജ്യത്തുടനീളം ഇതിന് വലിയ ജനപ്രീതിയുണ്ട്. എന്നാൽ തിരുവനന്തപുരത്ത് പരമ്പരാഗത നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി ഇത്രയും വലിയൊരു ഔട്ട്ഡോർ ആഘോഷം സംഘടിപ്പിക്കുന്നത് അപൂർവമാണ്.

സംഗീതം, ഭക്ഷണം, സാംസ്‌കാരിക പരിപാടികൾ, വിനോദങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് 'നവ്‌രംഗ' ഒരുക്കുന്നത്. ഉത്തരേന്ത്യൻ വിഭവങ്ങളടങ്ങിയ ഫുഡ് സ്റ്റാളുകൾ, തീം അധിഷ്ഠിത ഗെയിമുകൾ, ലൈവ് മ്യൂസിക്- ബാൻഡ് പെർഫോമൻസുകൾ, മെഹന്ദി, ഫെയ്‌സ് പെയിന്റിങ്, വെടിക്കെട്ട് എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.

വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ, പ്രധാന ആഘോഷങ്ങൾക്ക് തുടക്കമാകുന്നതിന് മുൻപ് തന്നെ സന്ദർശകർക്ക് കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ കരകൗശല വസ്തുക്കളും ആർട്ട് ഗാലറിയും കണ്ടുകാണാനുള്ള അവസരമുണ്ട്. രാത്രി 10 മണി വരെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

കഴക്കൂട്ടത്ത് നിന്നും തമ്പാനൂരിൽ നിന്നും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആളുകൾക്ക് വന്നുപോകാനായി വാഹനസൗകര്യവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സ്ത്രീകൾക്കും മറ്റ് ഗ്രൂപ്പുകൾക്കും യാത്ര സുഗമമാക്കുന്നതിനാണ് ഈ സൗകര്യം.