ഇലകമൺ : വർഷങ്ങളായി തകർന്നുകിടക്കുന്ന ഇലകമൺ ഗ്രാമപ്പഞ്ചായത്തിലെ കല്ലുവിളാകം റോഡിന്റെ അവസ്ഥ വി.ജോയി എം.എൽ.എ. നേരിൽക്കണ്ട് വിലയിരുത്തി. അയിരൂർ-പാരിപ്പള്ളി റോഡിനെയും അയിരൂർ ഊന്നിൻമൂട് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടറോഡാണ് പൊട്ടിപ്പൊളിഞ്ഞത്.

To advertise here,

പ്രദേശത്തെ അൻപതോളം കുടുംബങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇലകമൺ വില്ലിക്കടവ് വാർഡിലാണ് ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള പഞ്ചായത്ത് റോഡുള്ളത്.

അഞ്ചുമൂർത്തി ക്ഷേത്രത്തിനു സമീപത്തുനിന്നാരംഭിക്കുന്ന റോഡ് അയിരൂർ പോലീസ് സ്‌റ്റേഷന്റെ സമീപത്താണ് പ്രധാന റോഡിൽ ചേരുന്നത്. റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്നുകിടക്കുകയാണ്.

പ്രധാന റോഡിൽനിന്ന്‌ കല്ലുവിളാകം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഓടയ്ക്കുമുകളിൽ സ്ലാബില്ലാത്തത് അപകടങ്ങൾക്കും കാരണമാകുന്നു.

റോഡ് തകർച്ചയെയും യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയുംകുറിച്ച് ഒക്ടോബർ 27-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ഞായറാഴ്ച എം.എൽ.എ. പ്രദേശത്തെ ജനപ്രതിനിധികൾക്കൊപ്പം സ്ഥലത്തെത്തിയത്. അയിരൂർ റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ യാത്രാദുരിതം എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി. റോഡ് നവീകരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകി. ഇലകമൺ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻകുമാറും ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.