കൈയേറ്റം കാരണം കാപ്പിലിലെ കണ്ടൽക്കാടുകളും നാശാവസ്ഥയിൽ

To advertise here,

വർക്കല : പ്രകൃതിസൗന്ദര്യം നിറഞ്ഞതും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളുമായ ഇടവ ഗ്രാമപ്പഞ്ചായത്തിലെ തീരങ്ങൾ പാരിസ്ഥിതിക ഭീഷണി നേരിടുന്നു. കൈയേറ്റവും അനധികൃത നിർമാണങ്ങളും മാലിന്യനിക്ഷേപവുമാണ് തീരമേഖലയ്ക്ക് ഭീഷണിയാകുന്നത്. കുന്നിൽ നിന്നും തീരത്തേക്ക്‌ വലിച്ചെറിയുന്ന മാലിന്യം കെട്ടിക്കിടക്കുന്നത് സഞ്ചാരികളെയും ബുദ്ധിമുട്ടിലാക്കുന്നു.

ഓടയംമുതൽ കാപ്പിൽ പൊഴിവരെയുള്ള തീരം മനോഹരവും ആരെയും ആകർഷിക്കുന്നതുമാണ്. കടലും കായലുമുള്ളതിനാൽ വിനോദസഞ്ചാരികളുടെ പ്രത്യേക ശ്രദ്ധ ഇവിടേക്കെത്തുന്നു. തീരഭംഗിക്കൊപ്പം കണ്ടൽക്കാടുകളുടെയും കാറ്റാടിമരങ്ങളുടെയും സാന്നിധ്യം പ്രകൃതിസ്‌നേഹിക​ളെയും ആകർഷിക്കുന്നു.

ആഭ്യന്തര വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഇടവയിലെ തീരങ്ങളിലേക്ക് ഇപ്പോഴുള്ളത്. ഈ സാധ്യത മുതലെടുത്താണ് അനധികൃതമായി റിസോർട്ടുകൾ കെട്ടിപ്പൊക്കുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടെ ഇടവയിലെ തീരപ്രദേശങ്ങളിൽ നിരവധി അനധികൃത റിസോർട്ടുകളാണ് നിർമിച്ചിട്ടുള്ളത്. തീരപരിപാലന നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് പരിസ്ഥിതിലോല പ്രദേശത്ത് റിസോർട്ടുകൾ ഉയരുന്നത്. കഴിഞ്ഞമാസം ഇടവ പെത്തിരിമുക്കിനും പതിനെട്ടാംപടിക്കും എതിർവശത്ത് കായലിനും കടലിനും മധ്യേ അനധികൃതനിർമാണത്തിനുള്ള ശ്രമം പഞ്ചായത്ത് തടഞ്ഞിരുന്നു.

വെറ്റക്കടയ്ക്കും കാപ്പിലിനും മധ്യേ കായലിനും കടലിനും ഇടയിൽ 800 മീറ്ററോളം മാത്രമാണ് തീരപ്രദേശമുള്ളത്. കണ്ടൽക്കാടുകളും കാറ്റാടി മരങ്ങളും നിറഞ്ഞ മനോഹരവും ശാന്തവുമായ പ്രദേശത്താണ് റിസോർട്ട് പണിയാൻ ശ്രമിച്ചത്. കുഴൽക്കിണറുകളും കുഴിച്ചു. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയശേഷവും നിർമാണത്തിന് ശ്രമം നടന്നു. പഞ്ചായത്ത് വീണ്ടും ഇടപെട്ടാണ് തടയിട്ടത്. തീരങ്ങളുടെ മനോഹാരിതയും ഭൂപ്രകൃതിയും പച്ചപ്പും ഇല്ലാതാക്കുന്ന രീതിയിലാണ് നിർമാണങ്ങൾ നടക്കുന്നത്. പരിസ്ഥിതി പ്രത്യാഘാതങ്ങളെ വകവെക്കാതെയാണ് ഇവയെല്ലാം നിർമിച്ചിട്ടുള്ളത്.

ഹരിതതീരം വനവത്കരണ പദ്ധതിയുടെ ഭാഗമായി കടലിനും കായലിനും നടുവിലായി നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങളും ഇതിനായി വെട്ടിനശിപ്പിച്ചിട്ടുണ്ട്. കൈയേറ്റം കാരണം കാപ്പിലിലെ കണ്ടൽക്കാടുകളും നാശാവസ്ഥയിലാണ്. കാപ്പിൽ കടലിനും കായലിനും മധ്യേയുള്ള ഭാഗത്ത് വ്യാപിച്ചുകിടന്ന കണ്ടൽക്കാടുകളാണ് കായൽത്തീരം കൈയേറിയുള്ള അനധികൃതനിർമാണം കാരണം ഇല്ലാതാകുന്നത്. കണ്ടൽ വെട്ടിനശിപ്പിച്ച് മണ്ണിട്ടുനികത്തി കരഭൂമിയാക്കുകയാണ് ചെയ്യുന്നത്.

വെറ്റക്കടയിലും മാന്തറയിലും മാലിന്യംതള്ളൽ

: വെറ്റക്കടയിലും മാന്തറയിലും കടലിൽ മാലിന്യംതള്ളുന്നതും വർധിക്കുന്നു. തീരങ്ങളുടെ ശുചിത്വം ഇല്ലാതാക്കുന്ന നിലയിലാണ് മാലിന്യങ്ങൾ തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ കടലിലും തീരപ്രദേശത്തും ഉപേക്ഷിക്കുന്നുണ്ട്. മാലിന്യങ്ങൾ വാഹനങ്ങളിൽ കുന്നിനുമുകളിലെത്തിച്ചശേഷം തീരത്തേക്ക് വലിച്ചെറിയുന്നത് പതിവാണ്. കുന്നിൻചരിവിലും തീരത്തും എപ്പോഴും മാലിന്യം അടിഞ്ഞുകിടക്കുന്നതു കാണാം. തിരയടിച്ച് ഇവ കടലിലേക്കും എത്തുന്നു.

വിനോദസഞ്ചാരികൾ എത്തുന്ന തീരങ്ങളുടെ വൃത്തിയും സൗന്ദര്യവും നഷ്ടപ്പെടുന്നു. മാലിന്യം ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും കാരണമാകുന്നു. കുന്നിൻമുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മാലിന്യങ്ങളും തീരത്തേക്കാണ് വലിച്ചെറിയുന്നത്. പഞ്ചായത്തിൽ ആവശ്യമായ മാലിന്യസംസ്‌കരണ സംവിധാനവും ഇല്ല. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് മാലിന്യംതള്ളുന്നത് തടയാൻ പരിശോധനയും നിരീക്ഷണവും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.