തിരുവല്ലം : കേരളത്തെ ആഗോള സർഗാത്മക സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി (ക്രിയേറ്റീവ് ടെക്‌നോളജി ഹബ്ബ്) മാറ്റുന്നതിനുള്ള വലിയ മുന്നേറ്റമാണ് തിരുവല്ലത്തെ സി.ഡിറ്റിൽ സർക്കാർ ആരംഭിച്ച അനിമേഷൻ-വീഡിയോ-ഗെയിമിങ്-കോമിക്‌സ് എക്‌സ്.ആർ. (എ.വി.ജി.സി-എക്സ്. ആർ) സെന്റർ ഓഫ് എക്‌സലൻസ് എന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്നതോടെ ആഗോളതലത്തിൽ അനിമേഷൻ, വിഷ്വൽ ഇഫക്ട് വഴി സമ്പദ്‌വ്യവസ്ഥയിൽ വലിയ കുതിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സ്ഥാപനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സാങ്കേതികത്വം എത്ര വലുതായാലും മനുഷ്യബുദ്ധിക്ക് അതീതമായി ഒന്നുമില്ലെന്ന് ചടങ്ങിൽ അധ്യക്ഷനായ കെ.എസ്.എഫ്.ഡി.സി. ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രഹ്‌മാണ്ഡചിത്രങ്ങൾ മുറിക്കുള്ളിൽ തന്നെ നിർമിക്കാനാവുമെന്നത് പുതിയ ടെക്‌നോളജിയുടെ മികവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശീറാം സാംബശിവറാവു, ഐ.ടി. മിഷൻ ഡയറക്ടർ സച്ചിൻകുമാർ യാദവ്, കേരള സ്റ്റാർട്ടപ് മിഷൻ ഡയറക്ടർ അനൂപ് അംബിക, സി-ഡിറ്റ് രജിസ്ട്രാർ എ.കെ. ജയദേവ് ആനന്ദ്, ഡയറക്ടർ ഡോ. എം. അബ്ദുൾ റഹിമാൻ, കൗൺസിലർ ഷൈലജ ദേവിസായിക്, സെക്രട്ടറി മുകേഷ് ദേവ് തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾക്കും ഗെയിം ഡിവലെപ്പറാകാം
സി.ഡിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന അനിമേഷൻ-വീഡിയോ-ഗെയിമിങ്-കോമിക്‌സ് എക്‌സ്ആറിലൂടെ (എവിജിസി-എക്്‌സ്-ആർ) നിങ്ങൾക്കും ലോകമറിയുന്ന ഗെയിം ഡിവലെപ്പറാകാനാകും. വിദ്യാഭ്യാസം മാനദണ്ഡമല്ലാത്ത ഈ കോഴ്‌സുകൾക്ക് കംപ്യൂട്ടർ ഉപയോഗിക്കാനുള്ള സാങ്കേതികപരിജ്ഞാനവും സർഗാത്മകതയും വേണം.
മൺമറഞ്ഞുപോയ മലയാളത്തിലെ അമർചിത്രകഥകളെ പുനരുജ്ജീവിപ്പിച്ച് കോമിക്‌സിലൂടെ നോവലായും കഥകളായും അവതരിപ്പിക്കാം. എ.വി.ജി.സിയിലൂടെ ഗെയിം ഡിവലെപർ, കോമിക്‌സ് ബുക്ക് ഡിവലെപർ, സൗണ്ട് ഡബ്ബിങ്, അനിമേഷൻ എന്നിവയും പഠിക്കാനാകും.
ലോകത്തെ ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയിലൂടെയാവും അറിവ് പകരുകയും അവ നിർമ്മിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുക. എ.വി.ജി.സിയുടെ സാങ്കേതികവിദ്യയിലൂടെ ആദ്യഗെയിമായി കേരളത്തിലെ ആയോധനകലയായ കളരിപ്പയറ്റും ആറ്റിങ്ങൽ കലാപത്തെക്കുറിച്ചുള്ള നോവലും തയ്യാറാക്കുമെന്ന് സി.ഡിറ്റിലെ എ.വി.ജി.സി. എക്സ്.ആർ മേധാവി എസ്. കാർത്തികേയൻ മാതൃഭൂമിയോട് പറഞ്ഞു.
Published: 08 Oct 2026, 01:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented