അരുവിക്കര : അരുവിക്കരയ്ക്കുസമീപം കളത്തറയിൽ സ്കൂൾ ബസ് കുഴിയിലകപ്പെട്ടു. അരുവിക്കര ഗവ. എൽ.പി. സ്കൂളിലെ ബസാണ് കളത്തറ വിമല ഇംഗ്ലീഷ് വിദ്യാലയത്തിനുസമീപം അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

To advertise here,

കുട്ടികളെ വിളിക്കുന്നതിനുവേണ്ടി പോയ രണ്ടാമത്തെ ട്രിപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. എതിരേവന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ റോഡിന്റെവശത്ത് പൈപ്പ‌്‌ ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടിയെടുത്ത കുഴിയിൽ ബസ് പുതഞ്ഞുപോവുകയായിരുന്നു. നാട്ടുകാർ ബസ് കുഴിയിൽനിന്നും റോഡിലേക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ സ്‌കൂൾ അധികൃതരെത്തി ജെ.സി.ബി. വിളിച്ചാണ് ബസ് കുഴിയിൽനിന്നും കയറ്റിയത്.

ആഴ്ചകൾക്കു മുൻപ്‌ ഒരു കെ.എസ്.ആർ.ടി.സി. ബസ് ഇവിടെ കുഴിയിൽപ്പെട്ട് മറിഞ്ഞിരുന്നു. തകർന്നു തരിപ്പണമായ അരുവിക്കര- നെടുമങ്ങാട് റോഡിൽ അപകടങ്ങൾ നിത്യസംഭവമായതായി നാട്ടുകാർ പറഞ്ഞു. നവീകരണമില്ലാതെ തകർന്ന റോഡിൽ പൈപ്പുലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തതോടെ അപകടസാധ്യതയുമേറി. ഉടനടി റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.