തിരുവനന്തപുരം : സത്യപ്രതിജ്ഞയും കൗൺസിലിലെ ഹാജരും മുതൽ വ്യാജ ഒപ്പുവിവാദംവരെ ആളിക്കത്തിയപ്പോൾ പ്രതിരോധത്തിലായ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്ക് ആശ്വാസമായി കൗൺസിലർ സുഗതന്റെ മോചനം. സംസ്ഥാനത്ത് ബി.ജെ.പി. ഭരിക്കുന്ന ഏക കോർപ്പറേഷനായ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്ക് കേവലഭൂരിപക്ഷംപോലും തുലാസിലായ അവസ്ഥയിൽനിന്നുള്ള 'മോചന'മായി ഹൈക്കോടതിവിധി.
ജൂൺ എട്ടിനാണ് കാപ്പാ കേസ് ചുമത്തി വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ ജയിലിലടച്ചത്. ഇതോടെ ബി.ജെ.പി.ക്ക് മുന്നിൽ കടുത്ത രാഷ്ട്രീയവെല്ലുവിളിയാണ് ഉയർന്നത്. സംസ്ഥാനത്ത് ആദ്യമായി ലഭിച്ച കോർപ്പറേഷൻ ഭരണം ഇത് തുലാസിലാക്കി. കൂടാതെ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലൊന്നും അനുകൂലമായ വിധി സമ്പാദിക്കാനുമായില്ല. ഇതിനിടെ സത്യപ്രതിജ്ഞാവിവാദം കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. ഒടുവിൽ ജയിലിൽ സത്യപ്രതിജ്ഞാച്ചടങ്ങ് നടത്തിയാണ് അംഗത്വം നിലനിർത്താനായത്.
തുടർച്ചയായി മൂന്ന് കൗൺസിലിൽ പങ്കെടുക്കാനാകാതെ സുഗതന് അയോഗ്യത നേരിട്ടാൽ പാർട്ടിക്കും ഭരണനേതൃത്വത്തിനും തിരിച്ചടിയാകുമായിരുന്നു.
ആ സാഹചര്യത്തിൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കവും നടത്തി. പ്രതിപക്ഷത്തെ ഞെട്ടിച്ച് കോൺഗ്രസ് വിമതനെ കൂടെ നിർത്തിയ രാഷ്ട്രീയനീക്കത്തിലൂടെ സുഗതന്റെ അയോഗ്യതാഭീഷണിയിൽനിന്ന് താത്കാലികമായി ഭരണസമിതി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ രാജിക്കൊരുങ്ങിയത് ബി.ജെ.പിയെ വീണ്ടും പ്രതിസന്ധിയിലാക്കി. രണ്ട് കൗൺസിലർമാരുടെ കുറവിലേക്കായിരുന്നു നീങ്ങിയത്. സംസ്ഥാനനേതൃത്വം ഇടപെട്ടാണ് ശ്രീലേഖയെ അനുനയിപ്പിച്ച് രാജിതീരുമാനം മാറ്റിയത്.
ഇതിന് പിന്നാലെ, സുഗതൻ ഒളിവിലായിരുന്ന സമയത്ത് നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തതായി വരുത്തിതീർക്കാൻ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന ആരോപണം ഉയർന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കടുത്ത പ്രതിസന്ധിഘട്ടത്തിൽ സുഗതനെതിരെയുള്ള കാപ്പാ കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടി ഭരണസമിതിക്ക് വലിയ രാഷ്ട്രീയാശ്വാസമാണ് നൽകുന്നത്. അടുത്ത കൗൺസിൽ യോഗം മുതൽ സുഗതൻ കൗൺസിലിൽ ഉണ്ടാകും.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുള്ള ബി.ജെ.പി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. യു.ഡി.എഫിന് 20 സീറ്റും എൽ.ഡി.എഫിന് 29 സീറ്റുമാണുള്ളത്. നേരത്തെ കോർപ്പറേഷനിൽ കേവലഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ടായപ്പോൾ സ്വതന്ത്രനായ പാറ്റൂർ രാധാകൃഷ്ണൻ മാത്രമാണ് ബി.ജെ.പിക്കൊപ്പം ചേർന്നത്. ഇതോടെയാണ് ഭരണപക്ഷത്ത് 51 പേരും പ്രതിപക്ഷത്ത് 49 പേരും എന്നായത്.
അത്യപൂർവം ജയിലിലെ സത്യപ്രതിജ്ഞ
:ഇതിനിടെ വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന സുഗതന് ജയിലിനുള്ളിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയ അപൂർവതയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. നേരത്തെ ഇഷ്ടദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് കോടതി റദ്ദാക്കിയ 20 കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെട്ടിരുന്നു. മറ്റുള്ളവർ കോർപ്പറേഷനിൽവെച്ച് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ജയിലിലായതിനാൽ സുഗതന് അതിന് സാധിച്ചിരുന്നില്ല. കോടതി അനുമതിയോടെ ജൂലായ് 14-ന് സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്താണ് കൗൺസിലർ സ്ഥാനം നിലനിർത്തിയത്.
Published: 07 Oct 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented