ടെർമിനൽ ഒന്നിന്റെ വികസനത്തിന് ബദൽ നിർദേശം

To advertise here,

മുംബൈ : ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് (സി.എസ്.എം.ഐ.എ.) നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ മാറ്റുന്നതിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എതിർത്തു.

അടുത്ത വേനൽക്കാലത്ത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഷെഡ്യൂൾ ചെയ്തിരിക്കുന്ന അന്താരാഷ്ട്ര വിമാനസർവീസുകൾ നവിമുംബൈയിലേക്ക് മാറ്റുന്നതിനെതിരേ ഫഡ്നവിസ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് (സി.എം.ഒ.) അറിയിച്ചു.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ-1 പുനർവികസനത്തിന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര വിമാനസർവീസുകൾ നവിമുംബൈയിലേക്ക് മാറ്റാൻ ശ്രമം നടന്നത്. ഇക്കാര്യത്തിൽ വിമാനക്കമ്പനികളിൽനിന്ന്, പ്രത്യേകിച്ച് വിദേശ വിമാനക്കമ്പനികളിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു.

ബഹ്റൈൻ, ദോഹ, ജിദ്ദ, കാഠ്മണ്ഡു, കുവൈത്ത്‌, മസ്‌കറ്റ്, റിയാദ് എന്നിവയുൾപ്പെടെ 14 അന്താരാഷ്ട്ര വിമാന സർവീസുകൾ നവിമുംബൈയിലേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നു. ടെർമിനൽ-1ന്റെ പുനർവികസനത്തിനായി ഒരു ബദൽ പദ്ധതിയും മുഖ്യമന്ത്രി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിർമാണസമയത്ത് വിമാനപ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. നിർദിഷ്ട പദ്ധതിപ്രകാരം, ആദ്യം ടെർമിനൽ-1ബി നിർമിക്കണം, അതിനുശേഷം നിലവിൽ ടെർമിനൽ-1എ കൈകാര്യം ചെയ്യുന്ന വിമാനങ്ങളും പ്രവർത്തനങ്ങളും പുതിയ സൗകര്യത്തിലേക്ക് മാറ്റണം. നിലവിലുള്ള ടെർമിനൽ-1എ പിന്നീട് പൊളിച്ചുമാറ്റി പുനർവികസനത്തിന് വഴിയൊരുക്കാമെന്ന് ഫഡ്നവിസ് നിർദേശിച്ചു. ഘട്ടംഘട്ടമായുള്ള നിർമാണം വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) മുംബൈ വിമാനത്താവളത്തിൽ 26 ശതമാനം ഓഹരികൾ കൈവശംവെച്ചിരിക്കുന്നു, ബാക്കി 74 ശതമാനം അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡ് (എ.എ.എച്ച്.എൽ.)ന്റെ ഉടമസ്ഥതയിലാണ്.