തിരുവനന്തപുരം : കുടിവെള്ളം കിട്ടിയിട്ട് ദിവസങ്ങളായി. ഒടുവിൽ ഗതികെട്ട് ജനം തെരുവിലിറങ്ങേണ്ടിവന്നു. കമലേശ്വരം, മണക്കാട്, ഫോർട്ട്, ശ്രീവരാഹം വാർഡുകളിലെ ജനങ്ങളാണ് തിങ്കളാഴ്ച വൈകീട്ടോടെ കമലേശ്വരം ജങ്ഷനിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.
കമലേശ്വരം വാർഡിൽ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ചയായി. ഇതോടെ വാർഡിലെ 4,200ഓളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലായത്. ടാങ്ക് വൃത്തിയാക്കൽ പ്രവൃത്തികളുടെപേരിൽ കഴിഞ്ഞ 11മുതലാണ് വാർഡിൽ കുടിവെള്ളം മുടങ്ങിയത്. 12-ന് കുടിവെള്ളം പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വഴയില ഭാഗത്ത് പൈപ്പിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ശുദ്ധജലവിതരണം മുടങ്ങി. അറ്റകുറ്റപ്പണികൾ നടത്തി രണ്ടു ദിവസത്തിനുള്ളിൽ കുടിവെള്ളം ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും പാഴ്വാക്കായി. തിങ്കളാഴ്ച വൈകീട്ടുവരെയും വാർഡിൽ വെള്ളമെത്തിയില്ല. ശേഖരിച്ചുവെച്ച വെള്ളം തീർന്നതോടെ ആളുകൾ ജല അതോറിറ്റി അധികൃതരെ പ്രശ്നം അറിയിച്ചു. കോർപ്പറേഷന്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ എത്തിച്ച വെള്ളമായിരുന്നു ജനങ്ങൾ ഉപയോഗിച്ചുപോന്നത്. കൗൺസിലർമാരായ വി. ഗിരി, എസ്. ഹരികുമാർ, പി. സരിത, പാപ്പനംകോട് സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
പ്രതിഷേധം ശക്തമായതോടെ ജല അതോറിറ്റിയുടെ കുര്യാത്തി ഓഫീസിൽനിന്ന് അസി. എൻജിനിയർ എത്തി ചർച്ച നടത്തിയെങ്കിലും നാട്ടുകാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഒടുവിൽ കളക്ടർ ഇടപെട്ടതോടെ തഹസിൽദാരെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. രാത്രി പത്തിനുള്ളിൽ വെള്ളമെത്തുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
അതേസമയം മണക്കാട്, ഫോർട്ട്, ശ്രീവരാഹം വാർഡുകളിൽ കുടിവെള്ളം മുടങ്ങിയിട്ട് ആറു ദിവസമായി. കോർപ്പറേഷനിൽനിന്ന് ടാങ്കറുകളിൽ എത്തിച്ച വെള്ളം പ്രാഥമിക ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നം രൂക്ഷമായതോടെ ഹോട്ടലുകളിൽനിന്നാണ് ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച വൈകീട്ടോടെ കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അത് നിലച്ചു.
പമ്പിങ് തുടങ്ങി; പലയിടങ്ങളിലും വെള്ളമെത്തിയില്ല
അതേസമയം വെള്ളയമ്പലം ജലശുദ്ധീകരണശാലയിലെ ഫിൽറ്റർ െബഡുകളിൽ ചെളി അടിഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച പമ്പിങ് നിർത്തിവെക്കേണ്ടിവന്നിരുന്നു. ഫിൽറ്റർ ബെഡുകൾ പലതവണ ശുചീകരിച്ച് ചെളി നീക്കിയശേഷം ഉച്ചയ്ക്ക് രണ്ടോടെയാണ് വീണ്ടും പമ്പിങ് ആരംഭിച്ചത്. രാത്രിയോടെ നഗരത്തിലെ എല്ലാ വാർഡുകളിലും വെള്ളമെത്തുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ, പലയിടങ്ങളിലും വെള്ളം ലഭ്യമായിരുന്നില്ല.
Published: 24 Nov 2026, 01:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented