25 രാജ്യങ്ങളിൽ നിന്നായി മുന്നൂറിലേറെ കമ്പനികളും നൂറിലേറെ ആഡംബര യാനങ്ങളും അണിനിരക്കും

To advertise here,

ദുബായ് : ആഗോള സമുദ്ര-നൗകാനിർമാണ വ്യവസായരംഗത്തെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ 'ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ 2026'-ന്റെ 32-ാമത് പതിപ്പിന് ഈ മാസം 25-ന് ദുബായ് ഹാർബറിൽ തുടക്കമാകും. ഈ മാസം 29 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 25 രാജ്യങ്ങളിൽനിന്നുള്ള മുന്നൂറിലധികം പ്രമുഖ കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കും. ആഗോളതലത്തിലും പ്രാദേശികതലത്തിലും ആദ്യമായി അവതരിപ്പിക്കുന്ന പുത്തൻ മോഡലുകൾ ഉൾപ്പെടെ നൂറിലധികം ആഡംബര യാനങ്ങളും വാട്ടർക്രാഫ്റ്റുകളും പ്രദർശനത്തിൽ അണിനിരക്കും. നൗകാനിർമാണത്തിനും സമുദ്രമേഖലയിലെ നിക്ഷേപങ്ങൾക്കും ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രമെന്ന ദുബായിയുടെ സ്ഥാനം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതായിരിക്കും ഈ പ്രദർശനം.

യു.എ.ഇ.യുടെ തദ്ദേശീയ സമുദ്രനിർമാണ വ്യവസായത്തിന്റെ കരുത്ത് വിളിച്ചോതുന്ന ഒട്ടേറെ അരങ്ങേറ്റങ്ങൾക്കാണ് ഇത്തവണത്തെമേള സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ നിർമാതാക്കളായ റോമിയോ മറൈൻ തങ്ങളുടെ 'റോമിയോ 55' എന്ന ആഡംബര നൗകയുടെ ആഗോള ലോഞ്ച് പ്രദർശനത്തിൽ നിർവഹിക്കും. യു.എ.ഇ.യുടെ അഭിമാന സ്ഥാപനമായ ഗൾഫ് ക്രാഫ്റ്റ് തങ്ങളുടെ 'സിൽവർക്യാറ്റ് 47' ശ്രേണിയിലുള്ള ഫാമിലി, ഓഫ്ഷോർ മോഡലുകൾ പുറത്തിറക്കും. ഇതിനുപുറമെ അസിമത്ത് തങ്ങളുടെ 'സീഡെക്ക് 6', 'ഫ്‌ലൈ 82' എന്നീ മോഡലുകൾ മിഡിൽ ഈസ്റ്റിൽ ആദ്യമായി അവതരിപ്പിക്കും. ബ്രാബസ് അൾട്ടിമ 55, റിവിയേര 645 എസ്.യു.വി, ക്രാൻചി എ32 എന്നിവയുടെ പ്രാദേശിക അരങ്ങേറ്റവും ഇതോടൊപ്പം നടക്കും.

അസിമത്ത്, ബെനെറ്റി, ക്രാൻചി, ഫെറെറ്റി, ഹീസെൻ യാച്ച്‌സ്, ലൂർസെൻ, പ്രിൻസസ്, സാൻലോറൻസോ, സൺറീഫ്, സൺസീക്കർ തുടങ്ങിയ ലോകോത്തര യോട്ട് ഡിസൈനർമാരും നിർമാതാക്കളും പ്രദർശനത്തിന്റെ ഭാഗമാകും. ചൈന, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രത്യേക ദേശീയ പവിലിയനുകൾക്ക് പുറമെ കൊറിയയും സ്ലോവേനിയയും ആദ്യമായി മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മറൈൻ എൻജിനിയറിങ്, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുമായി അബുദാബി ഷിപ്പ് ബിൽഡിങ്, അമിത് ഗ്രൂപ്പ്, ഡ്രൈഡോക്‌സ് വേൾഡ്, ഡി-മറൈൻ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളും പ്രദർശനത്തിനെത്തും.

പ്രമുഖ അന്താരാഷ്ട്ര നൗകാനിർമാതാക്കളുടെ പങ്കാളിത്തം ദുബായ് നൽകുന്ന നിക്ഷേപാവസരങ്ങളിലും വളർച്ചാ സാധ്യതകളിലും ആഗോള വ്യവസായ സമൂഹത്തിനുള്ള വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് പ്രദർശനത്തിന്റെ സംഘാടകരായ ഇൻഡി ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രിക്‌സി ലോമിർമാൻഡ് പറഞ്ഞു. പ്രദർശനത്തോടനുബന്ധിച്ച് തത്സമയ വാട്ടർ സ്പോർട്‌സ് പ്രകടനങ്ങൾ, സെയിലിങ്-ഡൈവിങ് അനുഭവങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ, വ്യവസായ വിദഗ്ധർ പങ്കെടുക്കുന്ന പ്രത്യേക ചർച്ചാ സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.