ചെന്നൈ : തമിഴ്‌നാട്ടിലെ ആറു മണ്ഡലങ്ങളിൽ ജനുവരിയിൽ ഉപതിരഞ്ഞെടുപ്പു നടന്നേക്കുമെന്ന കണക്കുകൂട്ടലിൽ മുന്നണികൾ രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി. കൊളത്തൂർ മണ്ഡലത്തിൽ മത്സരിക്കാൻ ഡി.എം.കെ. അധ്യക്ഷൻ എം.കെ സ്റ്റാലിനുമേൽ പാർട്ടിപ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അണ്ണാ ഡി.എം.കെ. എം.എൽ.എമാർ രാജിവെച്ച് ടി.വി.കെ.യിൽ ചേർന്നതിനെത്തുടർന്ന് ഒഴിവു വന്ന പെരുന്തുറൈ, അംബാസമുദ്രം, വീരാളിമല, കരൂർ എന്നിവിടങ്ങളിലും രണ്ടു സീറ്റിൽ ജയിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് സ്ഥാനമൊഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റിലും വി.എസ്. ബാബു അന്തരിച്ചതിനെത്തുടർന്ന് ഒഴിവുവന്ന കൊളത്തൂരിലുമാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. തിരഞ്ഞെടുപ്പു കേസുകളെത്തുടർന്നാണ് അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പ് നീണ്ടു പോയത്.
പെരുന്തുറൈ, അംബാസമുദ്രം, വീരാളിമല, കരൂർ മണ്ഡലങ്ങളിൽ അണ്ണാ ഡി.എം.കെ. വിട്ടുവന്ന എസ്. ജയകുമാർ, എസക്കി സുബ്ബയ്യ, സി. വിജയഭാസ്‌കർ. എം.ആർ. വിജയഭാസ്‌കർ എന്നിവർ ടി.വി.കെ. സ്ഥാനാർഥികളാവുമെന്നാണ് കരുതുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നടൻ രാഘവ ലോറൻസ് ടി.വി.കെ. സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കൊളത്തൂരിലെ സ്ഥാനാർഥിയുടെ കാര്യം പിന്നീടേ പരിഗണിക്കൂ. കൊളത്തൂരിൽ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിനെയാണ് ടി.വി.കെ.യിലെ വി.എസ്. ബാബു തോൽപിച്ചത്. സ്റ്റാലിന്റെ തോൽവി പോലെത്തന്നെ അപ്രതീക്ഷിതമായിരുന്നു ബാബുവിന്റെ മരണവും. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് സ്റ്റാലിൻ നിയമസഭയിലെത്തണമെന്ന അഭിപ്രായം ഡി.എം.കെ.യിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, നിയമസഭയിൽ മതിയായ അംഗബലമില്ലാത്ത സാഹചര്യത്തിൽ സ്റ്റാലിൻ അതിന് സമ്മതം മൂളുമോ എന്ന് വ്യക്തമല്ല. ഉപതിരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ ജയം ഉറപ്പാക്കണമെങ്കിൽ മറ്റു പാർട്ടികളുടെ പിന്തുണ ആവശ്യമായി വരുകയും ചെയ്യും.
അംബാസമുദ്രം മണ്ഡലത്തിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയാവാൻ നാം തമിഴർ കക്ഷി നേതാവ് സീമാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഡി.എം.കെ. യോ അണ്ണാ ഡി.എം.കെ.യോ അതിനു സമ്മതം മൂളിയിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും ടി.വി.കെ.ക്കെതിരേ പൊതു സ്ഥാനാർഥികൾ വന്നാൽ മത്സരം കടുത്തതാവും. പൊതു തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വർഷം തികയും മുൻപ് ആറിടത്ത് ഉപതിരഞ്ഞെടുപ്പു വരുന്നത് തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ്.
Published: 24 Nov 2026, 01:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented