ചെന്നൈ : നടി തൃഷയെ കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ പുതിയ സംഘടന പിറവിയെടുത്തു. ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിൽ തിരുനെൽവേലിയിലാണ് ആരാധകരുടെ നേതൃത്വത്തിൽ സംഘടന രൂപവത്കരിച്ചത്. തൃഷയുടെ ചിത്രം വെച്ചുള്ള ലോഗോയും പുറത്തിറക്കി.

To advertise here,

തുടക്കത്തിൽ സാമൂഹിക ക്ഷേമത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. പിന്നീട്, ഇതിനെ പാർട്ടിയാക്കി മാറ്റാനുള്ള നീക്കമുണ്ടെന്നു പറയപ്പെടുന്നു. തൃഷയെ രാഷ്ട്രീയത്തിൽ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും വിജയ്‌ക്കൊപ്പം അവരും കൈകോർത്താൽ ജനങ്ങൾക്ക് ഒട്ടേറെ ഗുണഫലങ്ങളുണ്ടാവുമെന്നും സംഘടനയുടെ കോഡിനേറ്ററായ രാജഗോപാൽ പറഞ്ഞു.

പണം ചെലവിട്ടുള്ള പ്രവർത്തനങ്ങൾക്കുപരിയായി യഥാർഥ സാമൂഹിക സേവനത്തിനാണ് സംഘടന മുൻഗണന നൽകുക. പാവപ്പെട്ടവർക്ക് ചികിത്സാ സഹായവും നിയമസഹായവും ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കും. തൃഷയെ കേന്ദ്രബിന്ദുവാക്കി സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും-രാജഗോപാൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരപൂർവം നൽകിയ പേരായ പുരട്ചി തലൈവി എന്നതിനോട് സാമ്യമുള്ളതാണ് തൃഷയ്ക്കു നൽകിയിരിക്കുന്ന ഇളയ പുരട്ചി തലൈവി എന്ന വിശേഷണം. ജയലളിതയ്ക്ക് സമാനമായ വ്യക്തിത്വവും നേതൃഗുണവും തൃഷയ്ക്കും ഉണ്ടെന്നാണ് സംഘടനയുടെ ഭാരവാഹികൾ പറയുന്നത്.