മല്ലപ്പള്ളി : ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മല്ലപ്പള്ളി-തിരുമാലിട- മുരണി- കാവനാൽക്കടവ് റോഡ് തകർന്നു. അറ്റകുറ്റപ്പണികൾ നടന്നിട്ട് നാളേറെയായി. സ്വാഭാവിക നീരൊഴുക്ക് ചാലുകൾ അടച്ചത് റോഡുകളെ വെള്ളക്കെട്ടാക്കി മാറ്റുകയും ചെയ്യുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്ന പാത വാർഷിക അറ്റകുറ്റപ്പണി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒന്നും നടക്കുന്നില്ല. രണ്ടുകിലോമീറ്റർ നീളമുള്ള റോഡിന് കടലാസിൽ എട്ട് മീറ്റർ വീതിയുണ്ട്. എന്നാൽ പലയിടത്തും ഇതില്ല. വേണ്ട സ്ഥലങ്ങളിൽ ഓടകളില്ല. കലുങ്കുകളും നിർമിച്ചിട്ടില്ല. അതിനാൽ സമീപ പുരയിടത്തിൽനിന്നുള്ള ഉറവയും മഴ പെയ്യുമ്പോഴുള്ള വെള്ളവും എല്ലാം റോഡിൽ കൂടി ഒഴുകുകയാണ്. പല ഭാഗങ്ങളിലും ടാർ ഉപരിതലം തകർന്ന് റോഡ് തോടുപോലെയായി.
കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിനായി മൂന്നേക്കറോളം നിലം മണ്ണടിച്ച് നികത്തിയിരുന്നു. ഇതോടെ ഇവിടെയുണ്ടായിരുന്ന തോടും ഇല്ലാതായി. തിരുമാലിട ക്ഷേത്രത്തിന്റെ വശത്തുകൂടി മണിമലയാറ്റിലേക്കുള്ള തോട്ടിലൂടെ ഒഴുകിയിരുന്ന വെള്ളം റോഡിൽ കെട്ടിനിൽക്കുന്നു. വട്ടശ്ശേരിപ്പടിയിൽ സ്വകാര്യവസ്തുക്കൾ നികത്തിയതും തടസ്സമായി.
സി.എം.എസ്. ഹയർസെക്കൻഡറി സ്കൂൾ, ഐ.കെ.എം.എൽ.പി.സ്കൂൾ, കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോ, തിരുമാലിടക്ഷേത്രം, അമൃതാനന്ദമയി ആശ്രമം, നിർമൽജ്യോതി സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെത്താൻ വെള്ളക്കെട്ട് കടന്നേ മതിയാകൂ. റോഡിൽ അപകടങ്ങളും വർധിച്ചു. പല ഭാഗത്തും കാട് വളർന്നുനിൽക്കുന്നു. വളവുകളിൽ എതിരേവരുന്ന വാഹനങ്ങൾ കാണാനാകാത്ത സ്ഥിതിയുമുണ്ട്.
മുരണി കവല മുതൽ കാവനാൽ കടവ് പാലം വരെയുള്ള ഭാഗത്തും വെള്ളം കെട്ടിനിൽക്കുന്നു. മുരണി ഭഗവതിക്ഷേത്രം, മല്ലപ്പള്ളി സഹ. ബാങ്ക് ശാഖ, ദേശസേവിനി വായനശാല, വയോജനകേന്ദ്രം, അങ്കണവാടി തുടങ്ങി നിരവധി പ്രധാന കേന്ദ്രങ്ങൾ ചേർത്തോട്- മുരണി റോഡരികിലുണ്ട്. ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെത്താനും ഈ കടമ്പ കടക്കണം.
Published: 24 Nov 2026, 01:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented