തിരുവനന്തപുരം:  സ്വാതന്ത്ര്യത്തിൻറ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ (ആസാദി കാ അമൃത്‌ മഹോൽസവ്) ഭാഗമായി തിരുവനന്തപുരം  സി.എസ്‌.ഐ.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ  ഇൻറ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന ഇൻറ്റർ നാഷണൽ  കോൺഫറൻസ് ഓൺ കെമിസ്ട്രി ആൻഡ് ആപ്പ്ളിക്കേഷൻസ്  ഓഫ് സോഫ്റ്റ് മെറ്റീരിയൽസിനു നാളെ തുടക്കമാവും. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ആയി മുന്നൂറിലധികം പ്രതിനിധികൾ ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കും. ഇരുപത്തി അഞ്ചിനു  രാവിലെ ഐ.ഐ.ടി. മദ്രാസ് പ്രൊഫസറും പദ്മശ്രീ ജേതാവുമായ ഡോ. ടി. പ്രദീപ് കോൺഫെറൻസ് ഉദ്‌ഘാടനം ചെയ്യും. 

To advertise here,

സെൽഫ് അസംബ്ലി, സുപ്രമോളിക്യൂലർ മെറ്റീരിയൽസ്, സ്മാർട്ട് മെറ്റീരിയൽസ്, ലിക്വിഡ് ക്രിസ്റ്റൽസ്, പോളിമെറുകൾ തുടങ്ങി ഇലക്ട്രോണിക്സിനും  ഊർജസംബന്ധമായ ഗവേഷണങ്ങൾക്കും സഹായിക്കുന്ന സോഫ്റ്റ് മെറ്റീരിയലുകളെക്കുറിച്ചുള്ള നിരവധി പ്രബന്ധങ്ങൾ വിദഗ്ദ്ധർ അവതരിപ്പിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നൂതനാശയങ്ങൾ  പങ്കുവെയ്ക്കാനുള്ള ഒരു വേദിയായിരിക്കും ഈ കോൺഫറൻസ് എന്ന് കോൺഫറൻസ് ചെയർ ആയ നിസ്റ്റ്  ഡയറക്ടർ ഡോ. എ. അജയഘോഷ് പറഞ്ഞു.

കോൺഫെറെറൻസിന്റെ ഭാഗമായി ഡിപ്പാർട്മെൻറ്റ്  ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സോഫ്റ്റ് മെറ്റീരിയലുകളുടെ ഊർജസംബന്ധമായ ഗവേഷണങ്ങളെപ്പറ്റി ഒരു പ്രത്യേക സെഷൻ ഉണ്ടായിരിക്കുമെന്ന് കോൺഫറൻസ് കൺവീനറും നിസ്റ്റിലെ ശാസ്ത്രജ്ഞനും ആയ ഡോ. നാരായണൻ ഉണ്ണി അറിയിച്ചു. ഈ മാസം അറുപതു വയസ്സ് പൂർത്തിയാക്കുന്ന നിസ്റ് ഡയറക്ടർ ഡോ. അജയഘോഷിന്റെ ശാസ്ത്രസാങ്കേതിക രംഗത്തെ സംഭാവനകളെ ആദരിക്കുന്ന ഒരു ചടങ്ങും കോൺഫെറൻസിനോടൊപ്പം ഉണ്ടായിരിക്കും. ഒപ്പം നിസ്‌റ്റിൽ നിന്ന്  ടെക്നോളജി രംഗത്തുണ്ടായിട്ടുള്ള പ്രധാന  സംഭാവനകൾ  പ്രത്യേക സെഷനുകളിൽ അവതരിപ്പിക്കും.