തിരുവനന്തപുരം: സി.എസ്.ഐ.ആര്‍.-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (സി.എസ്.ഐ.ആര്‍.-എന്‍.ഐ.ഐ.എസ്.ടി.) ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി 2025-ലെ നാഷണല്‍ ടെക്‌നോളജി ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഐ.പി. മോണിറ്റൈസേഷനും ടെക്‌നോളജി ട്രാന്‍സ്ഫറും കേന്ദ്രീകരിച്ച് നടന്ന സമ്മേളനം നിതി ആയോഗ് അംഗം ഡോ. വി.കെ. സരസ്വത് ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞര്‍, വ്യവസായ നേതാക്കള്‍, നയനിര്‍മാതാക്കള്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സി.എസ്.ഐ.ആര്‍.-എന്‍.ഐ.ഐ.എസ്.ടി. ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

To advertise here,

''ആത്മനിര്‍ഭര്‍ ഭാരത് എന്നത് വിദേശ ആശ്രിതത്വത്തില്‍നിന്നുള്ള മോചനമാണ്. തന്ത്രപ്രധാന മേഖലകളില്‍ സ്വതന്ത്രത, ഊര്‍ജസ്വലമായ സപ്ലൈ ചെയിനുകള്‍, ആഭ്യന്തര നവോത്ഥാന ശേഷി, സാങ്കേതിക ആധികാരികത എന്നിവ നേടാന്‍ ആത്മനിര്‍ഭരതയുടെ പാത സത്യസന്ധമായി പിന്തുടരണം,'' ഡോ. സരസ്വത് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ ശാസ്ത്രസമൂഹം സ്വയംപര്യാപ്തതയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വ്യക്തമാക്കി. ''സൈന്യത്തെപ്പോലെ ശാസ്ത്രജ്ഞരും രാജ്യത്തിന് അന്തര്‍ദേശീയ അംഗീകാരവും അഭിമാനവും നേടിക്കൊടുത്തു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എസ്.ഐ.ആര്‍.-എന്‍.ഐ.ഐ.എസ്.ടി.യില്‍ വികസിപ്പിച്ച സാങ്കേതികവിദ്യകളുടെ പ്രാധാന്യം ഡോ. അനന്തരാമകൃഷ്ണന്‍ വിശദീകരിച്ചു. സാമൂഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്കായുള്ള നൂതന സംഭാവനകള്‍ അദ്ദേഹം എടുത്തുകാട്ടി. 2027-ഓടെ രാജ്യനിര്‍മാണത്തിനായി 10 ഗെയിം-ചേഞ്ചിംഗ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. ''ശാസ്ത്രീയമായി ശക്തവും വ്യാവസായികമായി പ്രസക്തവും സാമൂഹികമായി ഗൗരവമുള്ളതുമായ പരിഹാരങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'' അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അഞ്ച് സാങ്കേതികവിദ്യകളുടെ ഔദ്യോഗിക ട്രാന്‍സ്ഫര്‍ നടന്നു. ഫ്രൂട്ട് റോളപ്പുകള്‍, ചക്ക അടിസ്ഥാനമാക്കിയ ഉല്‍പ്പന്നങ്ങള്‍, മില്ലറ്റ് ഇന്‍സ്റ്റന്റ് മിക്‌സുകള്‍, നാചുറല്‍ സിറപ്പുകള്‍, വാഴപ്പഴം ഗ്രിറ്റ്‌സ് എന്നിവയുടെ സാങ്കേതികവിദ്യകള്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസിന് കൈമാറി. ഡോ. നിഷിയും ഡോ. രേഷ്മയും നയിച്ച സംഘം വികസിപ്പിച്ച ഈ സാങ്കേതികവിദ്യകള്‍ കുടുംബശ്രീയുടെ സ്ത്രീ സംരംഭങ്ങള്‍ക്കും പ്രാദേശിക മൂല്യശൃംഖലകള്‍ക്കും പിന്തുണ നല്‍കും.

ജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള 'ജൈവം' (JAIVAM) മൈക്രോബയോം സാങ്കേതികവിദ്യ അഗ്രിപോയിന്റ് ജി3 ടെക്‌നോളജീസിന്റെ രഞ്ജിത് ദാസിനും ഇന്നൊവേറ്റീവ് എനര്‍ജി സിസ്റ്റംസിന്റെ പ്രഭാകരനും കൈമാറി. ഡോ. കൃഷ്ണകുമാര്‍ നയിച്ച സംഘം വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ശാശ്വത പരിഹാരം നല്‍കുന്നു. ഗോതമ്പ്, അരി മാലിന്യങ്ങളില്‍നിന്നുള്ള ബയോഡിഗ്രേഡബിള്‍ ടേബിള്‍വെയര്‍ നിര്‍മാണ സാങ്കേതികവിദ്യ റോയല്‍ അഗ്രോ ഇന്‍ഡസ്ട്രീസിന്റെ ബാലകൃഷ്ണ ഗുഡേട്ടി, വെങ്കടേഷ് ബോഡപാടി, അഗ്രിവെയറിന്റെ ചൈതന്യ റായുഡു എന്നിവര്‍ക്ക് കൈമാറി. ഡോ. ആഞ്ജനേയുലു കോതകോട്ടയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ പ്ലാസ്റ്റിക്കിന് പകരം ഇക്കോ-ഫ്രണ്ട്‌ലി മാര്‍ഗം വാഗ്ദാനം ചെയ്യുന്നതാണ്.