അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റലിന്റെ പുതിയ സി.ഇ.ഒ ആയി മലേഷ്യന്‍ വംശജനായ ലിപ് ബു ടാന്‍ കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റെടുത്തത്. വന്‍കിട കോര്‍പ്പറേറ്റുകളിലെ സി.ഇ.ഒ മാറ്റങ്ങള്‍ പൊതുവെ വാര്‍ത്തയാവാറുണ്ടെങ്കിലും ലിപ് ബു ടാന്‍ വാര്‍ത്തയിലിടം നേടിയത് കമ്പനി അദ്ദേഹത്തിന് പ്രഖ്യാപിച്ച ശമ്പളം കൊണ്ടുകൂടിയായിരുന്നു. വാര്‍ഷിക ശമ്പളം 600 കോടി രൂപ. കമ്പനിയുടെ ഓഹരിയടക്കം 6.9 കോടി ഡോളറാണ് അറുപത്തഞ്ചുകാരനായ ലിപിന് കമ്പനി വാഗ്ദാനം ചെയ്തത്. വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് നല്‍കിയ ടാര്‍ഗറ്റ് പ്രാവര്‍ത്തികമാക്കിയാലാണ് ഈ ശമ്പളം കമ്പനി നല്‍കുക. പത്ത് ലക്ഷം ഡോളര്‍ ശമ്പളവും പ്രകടനം വിലയിരുത്തി 200 ശതമാനം വരെ ബോണസുമാണ് പ്രധാന വാഗ്ദാനം. പലതരത്തിലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്റലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ് ലിപിന്റെ നിയമനത്തിന്റെ പ്രധാന ലക്ഷ്യം. നിയമന വാര്‍ത്തകള്‍ പുറത്ത് വന്നതോട് കൂടെ തന്നെ കമ്പനിയുടെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. സ്വപ്‌നതുല്യമായ സാലറി പാക്കേജൊക്കെയാണെങ്കിലും അമേരിക്കയുടെ 'ചിപ്പ്‌സില്ല' കമ്പനിയില്‍ പുതിയ സി.ഇ.ഒയെ കാത്തിരിക്കുന്നത് അത്ര സുഖകരമായ നാളുകളായിരിക്കില്ല.

To advertise here,

ഇന്റലിന് കാലിടറിയതെവിടെ

മൈക്രോ ചിപ്പ് മേഖലയില്‍ പഴയ കുത്തക കമ്പനിയായ ഇന്റൽ ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കമ്പനിയെ പഴയ പ്രതാപത്തിലേക്ക് നയിക്കുന്നതില്‍ മുന്‍ സി.ഇ.ഒ പാറ്റ് ഗെല്‍സിങര്‍ പരാജപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ലിപ് എത്തുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്ത് ചിപ്പ് വിപ്ലവത്തിന് നേതൃത്വം നല്‍കിയവരാണ് ഇന്റല്‍. ദശാബ്ദങ്ങളായി ലാപ്ടോപ്പുകള്‍ മുതല്‍ ഡാറ്റാ സെന്ററുകള്‍ വരെ പ്രവര്‍ത്തിച്ചിരുന്നത് പ്രധാനമായും ഇന്റലിന്റെ ചിപ്പുകള്‍ ഉപയോഗിച്ചായിരുന്നു. 1997ല്‍ ലോകത്തെ 84 ശതമാനം കമ്പ്യൂട്ടറുകളിലും ഇന്റൽ ഇന്‍സൈഡ് എന്ന സ്റ്റിക്കറുണ്ടായിരുന്നു. ചിപ്പ് വിപണിയിലെ മേധാവിത്വവും ഇന്റലിനായിരുന്നു. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍, എ.ഐ തുടങ്ങിയ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്റലിന് സാധിച്ചില്ല. അതോടൊപ്പം മറ്റ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ചിപ്പ് ഡിസൈനിങ്ങിലും മാനുഫാക്ചറിങ്ങിലും ഒരുപോലെ മേധാവിത്വത്തിന് ശ്രമിച്ചതും തിരിച്ചടിയായി. ഇത് കമ്പനിയെ വലിയ നഷ്ടത്തിലേക്കെത്തിച്ചു. ഇതിനിടയിലും ബില്യണ്‍ കണക്കിന് ഡോളറുകള്‍ മുടക്കി വന്‍കിട ഫാക്ടറികള്‍ ആരംഭിക്കാനുള്ള നീക്കം ഇന്റലിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചു. ഇതൊന്നും പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായില്ലെന്ന് മാത്രമല്ല വലിയ സാമ്പത്തികനഷ്ടം വരുത്തിവെക്കുകയും ചെയ്തു. ഇതേസമയം തായ്‌വാന്‍ കമ്പനിയായ ടി.എസ്.എം.സി പോലുള്ളവര്‍ വളരെ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചിപ്പുകള്‍ വലിയ അളവില്‍ നിര്‍മ്മിച്ച് വന്‍ ലാഭം കൊയ്യുന്നുണ്ടായിരുന്നു.

ഇന്റല്‍ വന്‍കിട ഫാക്ടറികള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് ഇന്‍ഡസ്ട്രിയെ തന്നെ മാറ്റിമറിച്ചിരുന്നു. എന്നാല്‍ എ.ഐ സാധ്യകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയായിരുന്നില്ല ഇന്റലിന്റെ ചിപ്പുകള്‍. പിന്നീട് ഇറക്കിയ ഗൗഡി പോലുള്ള എ.ഐ പ്രൊഡക്ടുകളും വേണ്ടത്ര വിജയമായില്ല. 2020നും 2023നും ഇടയില്‍ ഇന്റലിന്റെ വാര്‍ഷിക വരുമാനം 24 ബില്യണ്‍ ഡോളര്‍ കുറഞ്ഞെന്നാണ് കണക്ക്. എതിരാളികളായ എന്‍വിഡിയ, ക്വാല്‍കോം, എ.എം.ഡി എന്നീ കമ്പനികളില്‍ നിന്ന് ഇന്റല്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനിയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകളുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും വരുമാനത്തില്‍ ഇന്നും ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളിലൊന്നായി ഇന്റല്‍ തുടരുന്നുണ്ട്. 50 ബില്യണിലേറെയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. എന്നാല്‍ ഇത് എത്രകാലം തുടരും എന്നകാര്യത്തിലും കമ്പനി മാനേജ്‌മെന്റിന് കടുത്ത ആശങ്കകളുണ്ട്. ഘടനാപരമായി തന്നെ വലിയ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ കമ്പനി ഇല്ലാതാവുന്ന കാലം വിദൂരത്തല്ലെന്നും ഇവര്‍ തിരിച്ചറിയുന്നു. ഇതെല്ലാമാണ് ചിപ്പ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ടെക്‌നോക്രാറ്റും ഇന്‍വെസ്റ്ററുമായി ലിപ് ബു ടാനെ തലപ്പത്ത് എത്തിച്ചത്.

കൂടുതല്‍ പ്രീമിയം ലേഖനങ്ങള്‍ തത്സമയം വായിക്കാനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ ക്ലിക്ക് ചെയ്യുക.

ആരാണ് ലിപ് ബു ടാന്‍

സെമികണ്ടക്ടര്‍, സോഫ്റ്റ്‌വെയര്‍ മേഖലയില്‍ 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള വ്യക്തിയാണ് ലിപ് ബു ടാന്‍. മലേഷ്യയില്‍ ജനിച്ച ലിപ്  സിങ്കപ്പുരിലാണ് വളര്‍ന്നത്. നന്യാങ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ അദ്ദേഹം എം.ഐ.ടിയില്‍ നിന്ന് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ഡോക്ടറേറ്റ് ചെയ്യുന്നതിന് പകരം അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് എം.ബി.എ നേടി. തുടര്‍ന്ന് വിവിധ കമ്പനികളില്‍ ജോലി നോക്കുകയും സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ കാഡന്‍സില്‍ ബോര്‍ഡ് അംഗമായി. 2008ല്‍ കോ. സിഇഒയും 2009ല്‍ സിഇഒയുമായി. സെമി കണ്ടക്ടറുകളില്‍ നിര്‍ണായകമായ ഇ.ഡി.എ സോഫ്റ്റ്​വെയര്‍ ആയിരുന്നു കാഡന്‍സിന്റെ പ്രധാന പ്രൊഡക്ട്. ലിപിന്റെ നേതൃത്വത്തില്‍ കമ്പനി സ്വപ്‌നതുല്യമായ നേട്ടങ്ങളുണ്ടാക്കി. ഒരു പതിറ്റാണ്ടിലേറെക്കാലം കമ്പനിയെ നയിച്ച ലിപ് 2022 മുതല്‍ ഇന്റലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. പിന്നീട് 2024 ഓഗസ്റ്റില്‍ അദ്ദേഹം ഇന്റല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന പാറ്റ് ഗെല്‍സിങ്ങറുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമായിരുന്നു രാജിയെന്നായിരുന്നു വാര്‍ത്തകള്‍. 2022ല്‍ സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ റോബര്‍ട്ട് എന്‍ നോയിസ് പുരസ്‌കാരം ലഭിച്ചു. 

30 വര്‍ഷത്തോളം കമ്പനിയുടെ ഭാഗമായിരുന്ന പാറ്റ് ഗെല്‍സിങറിന് പകരമായാണ് ലിപ് ഇന്റല്‍ സി.ഇ.ഒ സ്ഥാനത്തേക്കെത്തുന്നത്. കമ്പനിയെ തിരിച്ചുകൊണ്ടുവരാനുള്ള ഗെല്‍സിങറിന്റെ പദ്ധതികളെല്ലാം വലിയ പരാജയമായിരുന്നു. ഒരു കോണ്‍ട്രാക്ട് ചിപ്പ് മാനുഫാക്ചര്‍ ആക്കി കമ്പനിയെ മാറ്റുക എന്നതായിരുന്നു ഗെല്‍സിങറുടെ പദ്ധതി. എന്നാല്‍ ഇത് ലക്ഷ്യം കാണാന്‍ അദ്ദേഹത്തിനായില്ല. ഇതോടെയാണ് മൈക്രോ ചിപ്പ് മേഖലയില്‍ വലിയ അനുഭവ പരിചയമുള്ള മുന്‍ ബോര്‍ഡംഗം കൂടിയായ ലിപ് ബു ടാനിലേക്ക് സി.ഇ.ഒ സ്ഥാനമെത്തുന്നത്. അതിന് പ്രാപ്തനായ വ്യക്തിയെന്ന നിലയിലാണ് അസാധാരണമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കമ്പനി ലിപിനെ തിരിച്ചെത്തിച്ചിരിക്കുന്നത്. എന്നാല്‍ ഒരു വിഭാഗം ടെക് വിദഗ്ധര്‍ വിശ്വസിക്കുന്നത് വിപണിയില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്റലിന് ഇനി ഒരു തിരിച്ചുവരവില്ലെന്നാണ്. വന്‍കിട മാറ്റങ്ങള്‍ കൊണ്ടുവരാതെ നഷ്ടം കുറച്ചുകൊണ്ടുവരികയെന്നതാണ് ബുദ്ധിപരമായ നീക്കമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, പഴയ സുവര്‍ണകാലത്തിന്റെ സ്മരണയില്‍ തുടരുന്നതിന് പകരം തന്ത്രപരമായ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയാല്‍ കമ്പനിക്ക് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ  എന്നാണ് മറ്റൊരു വിഭാഗം കരുതുന്നത്. ഇതുതന്നെയാണ് പുതിയ സി.ഇ.ഒയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളിയും. ചിപ്പ് മാനുഫാക്ചറിങ്ങിലും ഡിസൈനിലും ഒരുപോലെ കമ്പനിയെ മികച്ചതാക്കുക എന്നതാണ് ലിപു ബു ടാനില്‍ നിക്ഷിപ്തമായ ലക്ഷ്യം. 

എ.ഐ സ്റ്റാട്രജിയില്‍ കാര്യമായ അഴിച്ചുപണി നടത്തുക, പ്രവര്‍ത്തന ചെലവ് കുറയ്ക്കുക എന്നിവയ്ക്കാകും പുതിയ സി.ഇ.ഒ പ്രാധാന്യം കൊടുക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം റോബോട്ടിക്‌സ്, സോഫ്റ്റ്‌വയറുകള്‍, എ.ഐ ഫൗണ്ടേഷന്‍ മോഡലുകള്‍ തുടങ്ങിയ പുതിയ മേഖലകളിലേക്കും കമ്പനി കടന്നുചെല്ലും. മറ്റ് കമ്പനികളുമായുള്ള സഹകരണങ്ങളും ഇന്റലിന് ആവശ്യമാണ്. വലിയ രീതിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫാക്ടറി നിര്‍മ്മാണങ്ങളില്‍ നിന്ന് പിറകോട്ട് പോകാന്‍ ഇന്റലിന് സാധിക്കില്ല. അപ്പോള്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലുകള്‍ ഉണ്ടാവുമോ എന്നാണ് ഐ.ടി ലോകം ഉറ്റുനോക്കുന്നത്. ചില കടുത്ത തീരുമാനങ്ങള്‍ താന്‍ എടുക്കേണ്ടിവരുമെന്ന് സൂചന ലിപ് നല്‍കിയതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.