എ.ഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുത്ത് മെറ്റ. ഇതിന്റെ ഭാഗമായി കമ്പനി സ്വന്തമായി വികസിപ്പിച്ച എ.ഐ ചിപ്പുകളുടെ ഉൽപ്പാദനം ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. കമ്പ്യൂട്ടിംഗ് ശേഷി 2027-ഓടെ 14 ജിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
'ഐറിസ്' (Iris) എന്ന് രഹസ്യപ്പേരിട്ടിരിക്കുന്ന ഈ ഡാറ്റാ സെന്റർ ചിപ്പുകൾ മെറ്റയുടെ 'മെറ്റ ട്രെയിനിങ് ആൻഡ് ഇൻഫറൻസ് ആക്സിലറേറ്റർ' (MTIA) പ്രൊജക്റ്റിന്റെ ഭാഗമായാണ് നിർമിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ എ.ഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈ ചിപ്പിന്റെ പരിശോധന വെറും ആറാഴ്ച കൊണ്ട് പൂർത്തിയായെന്നും വലിയ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്രോഡ്‌കോമുമായും (Broadcom), തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിയുമായും (TSMC) സഹകരിച്ചാണ് മെറ്റ ഈ ചിപ്പ് ഒരുക്കുന്നത്. സാംസങ് ഇലക്ട്രോണിക്സ്, സാൻഡിസ്ക്, സുമിറ്റോമോ ഇലക്ട്രിക് തുടങ്ങിയ കമ്പനികളുമായും മെറ്റ ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
എൻവിഡിയ , എ.എം.ഡി തുടങ്ങിയ ചിപ്പ് നിർമ്മാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, അതുവഴി ഭീമമായ കമ്പ്യൂട്ടിംഗ് ചിലവുകൾ നിയന്ത്രിക്കാനും ഈ നീക്കം കമ്പനിയെ സഹായിക്കും. 2027 വരെ ഓരോ ആറുമാസത്തിലും പുതിയ എ.ഐ ചിപ്പുകൾ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താൻ 2026-ൽ ഏഴ് ജിഗാവാട്ട് ശേഷിയിലെത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഈ വർഷം ആദ്യപകുതിയിൽ ഒരു ജിഗാവാട്ട് ശേഷി മെറ്റ വർധിപ്പിച്ചിട്ടുണ്ട്. അടുത്തപകുതിയിൽ 5.5 ജിഗാവാട്ട് ശേഷികൂടി കൂട്ടിച്ചേർക്കും. 2024 ഇത് ഇരട്ടിയാക്കി 14 ജിഗാവാട്ട് ആയി ഉയർത്തും. ഈ വർഷം എ.ഐ അടിസ്ഥാന സൗകര്യങ്ങൾക്കായി മാത്രം ഏകദേശം 145 ബില്യൺ ഡോളർ (14,500 കോടി ഡോളർ) ചെലവാക്കാനാണ് മെറ്റയുടെ തീരുമാനം.
മറ്റ് ടെക് ഭീമന്മാരുമായി എ.ഐ രംഗത്ത് മത്സരിക്കാൻ സ്വന്തമായി ചിപ്പുകൾ നിർമ്മിക്കുന്നത് അനിവാര്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
Content Highlights: Meta is set to begin production of its custom-developed AI data center chips, codenamed 'Iris,' in September 2026 to boost computing capacity and reduce dependency on chipmakers like Nvidia.
Published: 10 Jul 2026, 05:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented