സുനിതാ വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെട്ട ക്രൂ ഡ്രാഗണ്‍ സംഘം മെക്സിക്കന്‍ ഉള്‍ക്കടലില്‍, ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27 ന് സുരക്ഷിതമായി ഇറങ്ങിയതോടെ, ലോകമെങ്ങും മാസങ്ങളായി നിലനിന്ന ആകാംക്ഷയ്ക്ക് അറുതിയായി. സുനിത അടക്കം നാലംഗ സംഘത്തെയും കൊണ്ട് 17 മണിക്കൂര്‍ മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ഡ്രാഗണ്‍ പേടകം.

To advertise here,

സുനിതയും വില്‍മോറും തിരിച്ചെത്തിയതോടെ സുരക്ഷ സംബന്ധിച്ച ആകാംക്ഷകള്‍ക്ക് വിരാമമായെങ്കിലും, അമേരിക്കയില്‍ മറ്റൊരു വിവാദം ശക്തിപ്പെടുകയാണ്. അത് ബോയിങ് കമ്പനിയുടെ സ്റ്റാര്‍ലൈനര്‍ പേടകവും, ആ പേടകത്തില്‍ സുനിതയെയും വില്‍മോറിനെയും ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള നാസയുടെ തീരുമാനവും ആയി ബന്ധപ്പെട്ടതാണ്.

സുനിതയും വില്‍മോറും 287 ദിവസം ബഹിരാകാശ നിലയത്തില്‍ പെടാനിടയായ സംഭവത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍, സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത നാസയുടെ ചരിത്രത്തിലേക്കാണ് നമ്മള്‍ എത്തുക. 

1973 ആയിരുന്നു അമേരിക്കയുടെ അപ്പോളോ ദൗത്യം അവസാനിച്ചത്. അതോടെ നാസ സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത ഏജന്‍സിയായി. 1981 ല്‍ സ്പേസ്ഷട്ടില്‍ പ്രോഗ്രാം തുടങ്ങും വരെ അതായിരുന്നു സ്ഥിതി. അതേസമയം, 1967 ല്‍ രംഗത്തെത്തിയ, സോവിയറ്റ് യൂണിയന്റെ വിശ്വസ്തമായ സോയുസ് വാഹനം പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു. 

placeholder
ബാരി ബച്ച് വില്‍മോറും സുനിത വില്യംസും സ്റ്റാർലൈനർ പേടകത്തിലെ ആദ്യ യാത്രയ്ക്ക് ഒരുങ്ങി എത്തിയപ്പോൾ | Photo: AFP

2011 വരെ ബഹിരാകാശത്ത് ആളെ അയക്കാനും സാധനങ്ങള്‍ എത്തിക്കാനും നാസക്ക് സ്പേസ്ഷട്ടിലുകള്‍ ഉണ്ടായിരുന്നു. സ്പേസ്ഷട്ടിലുകളുടെ പ്രവര്‍ത്തനം 2011 ല്‍ നിര്‍ത്തിയതോടെ നാസ വീണ്ടും ബഹിരാകാശ വാഹനമില്ലാത്ത ഏജന്‍സിയായി. 

അതിനിടെ, 1998 ല്‍ നിര്‍മ്മാണം ആരംഭിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം 2011 ആയപ്പോഴേക്കും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമായി. ദൗര്‍ഭാഗ്യവശാല്‍ ആ സമയത്താണ് നാസ വാഹനം ഇല്ലാത്ത ഏജന്‍സിയായി വീണ്ടും മാറുന്നത്. ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന നാസയ്ക്ക് സ്വന്തം യാത്രികരെ നിലയത്തില്‍ എത്തിക്കാന്‍ റഷ്യയുടെ വാഹനത്തിന് വാടക നല്‍കേണ്ട അവസ്ഥ!

ആ പ്രതിസന്ധി തരണം ചെയ്യാന്‍ നാസ കണ്ടെത്തിയ മാര്‍ഗം രണ്ട് പ്രൈവറ്റ് കമ്പനികള്‍ക്ക് ബഹിരാകാശ വാഹനം നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കുക എന്നതായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്, ബോയിങ് എന്നീ കമ്പനികള്‍ക്കാണ് നാസ 2014 ല്‍ കരാര്‍ നല്‍കിയത്. ബഹിരാകാശ വാഹനം വികസിപ്പിക്കാന്‍ സ്പേസ് എക്സിന് 260 കോടി ഡോളര്‍ കോണ്‍ട്രാക്ട് നല്‍കിയപ്പോള്‍, പരിചയസമ്പന്നത കൂടുതലുള്ള കമ്പനി എന്ന നിലയില്‍ ബോയിങ്ങിന് 420 കോടി ഡോളര്‍ നല്‍കി.

സ്പേസ് എക്സ് കമ്പനി ആറ് വര്‍ഷം കൊണ്ട് അവരുടെ ഡ്രാഗണ്‍ വാഹനം വികസിപ്പിച്ചു. 2020 മുതല്‍ നാസ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത് ഡ്രാഗണ്‍ പേടകത്തിലാണ്. 

placeholder
ഭൂമിയിലിറങ്ങിയ സ്റ്റാർലൈനർ പേടകം | Photo: AFP

അതേസമയം, ബോയിങ് കമ്പനിക്ക് പത്ത് വര്‍ഷമായിട്ടും ഒരു ഫുള്‍പ്രൂഫ് വാഹനം വികസിപ്പിക്കാനായില്ല. അവര്‍ രൂപം നല്‍കിയ ബഹിരാകാശ വാഹനമാണ് സ്റ്റാര്‍ലൈനര്‍. 2022 വരെ ആളില്ലാതെ സ്റ്റാര്‍ലൈനറില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മൂന്നില്‍രണ്ട് ഭാഗവും പരാജയമായിരുന്നു. 

അക്കാര്യം അവഗണിച്ച് 2024 ജൂണ്‍ അഞ്ചിന് സുനിതയെയും വില്‍മോറിനെയും ആ പേടകത്തില്‍ നാസ അയച്ചു. തികച്ചും തന്ത്രപരമായ പിഴവായിരുന്നു അത്. അതിന്റെ ഫലമായിട്ടാണ് സുനിതയ്ക്കും വില്‍മോറിനും 9 മാസത്തിലേറെ ബഹിരാകാശ നിലയത്തില്‍ താമസിക്കേണ്ടി വന്നത്. കൂടുതല്‍ തുക നല്‍കിയിട്ടും ബോയിങ് കമ്പനി ബഹിരാകാശ വാഹനം പൂര്‍ത്തിയാക്കുന്നില്ല എന്ന ആരോപണം മറികടക്കാനുള്ള വ്യഗ്രത ആയിരിക്കണം അപക്വമായ ആ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. 

സ്റ്റാര്‍ലൈനറും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദം വരും നാളുകളില്‍ കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. സ്പേസ് എക്സിന്റെ മേധാവിക്ക് യുഎസിലെ ട്രംപ് ഭരണകൂടത്തിലുള്ള സ്വാധീനം കണക്കാക്കുമ്പോള്‍ നമുക്കത് ഊഹിക്കാം!