പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ മിറർലെസ് ക്യാമറകളെ ഗൗരവത്തിലെടുക്കാൻ പ്രേരിപ്പിച്ച ആദ്യ ഫുൾ ഫ്രെയിം മോഡലായ സോണി ആൽഫാ (എ) സീരിസിന്റെ 5-ാം തലമുറയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

സെക്കൻഡിൽ 30 ഫോട്ടോ എടുക്കാൻ സാധിക്കുന്ന, ഭാഗികമായി സ്റ്റാക്ക് ചെയ്ത 33എംപി ഫുൾ ഫ്രെയിം സെൻസറടക്കം പല പുതുമകളുമായി ആണ് സോണി എ7 5 (Sony a7 V) മാർക്കറ്റിൽ എത്തിയിരിക്കുന്നത്. സെൻസറിന്റെ മുഴുവൻ പ്രതലവും ഉപയോഗിച്ച് പിടിച്ചെടുക്കുന്ന, 7കെയിൽ നിന്ന് ഓവർ സാംപ്ൾ ചെയ്ത 4കെ/60പി വിഡിയോ റെക്കോഡ് ചെയ്യാം എന്നതാണ് ക്യാമറയുടെ മറ്റൊരു പ്രധാന ഫീച്ചർ. സോണിയുടെ 'ഒട്ടിപ്പിടിക്കുന്ന' ഓട്ടോഫോക്കസിന്റെ മികവ് അടുത്ത തലത്തിലേക്ക് ഉയർത്താനായി പ്രൊസസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ''എഐ പ്രൊസസിങ് യൂണിറ്റും'' എ7 5ന്റെ മാറ്റ് വർധിപ്പിക്കുന്നു.
ഡിജിഓ സെൻസർ ടെക്‌നോളജിയും
ഇതൊക്കെയുണ്ടെങ്കിലും, ഫോട്ടോഗ്രാഫി പ്രേമികൾക്കിടയിൽ ഇപ്പോൾ സംസാരവിഷയമായിരിക്കുന്ന ഒരു കാര്യം ക്യാമറയിൽ ഉൾക്കൊള്ളിച്ച ഡിജിഓ സെൻസർ ടെക്‌നോളജിയാണ് (DGO Sensor Technology). കൺസ്യൂമർ ക്യാമറാ നിർമാണ ചരിത്രത്തിൽ ആദ്യമായി ഒരു മധ്യനിര ക്യാമറയിൽ നിന്ന് 16 സ്‌റ്റോപ്പ് ഡൈനാമിക് റെയ്ഞ്ച് വരെ കിട്ടാനാകുന്നു എന്നതാണ് ഇതിന്റെ മേന്മ. ഇക്കാര്യത്തിൽ മീഡിയം ഫോർമാറ്റ് ക്യാമറകൾക്കൊപ്പമാണ് ഇപ്പോൾ സോണി എ7 5ന്റെ സ്ഥാനം! ഇങ്ങനെ, ഫോട്ടോ-വിഡിയോ വിഭാഗങ്ങളിൽ 'എന്തുംതന്നെ ചെയ്യിപ്പിച്ചെടുക്കാവുന്ന' ഈ ക്യാമറയ്‌ക്കെതിരെ ചില മുറുമുറുപ്പുകളും ഉയരുന്നുണ്ട്. അത് എന്തുകൊണ്ടാണ് എന്നും നോക്കാം.
സോണി എ7 സീരിസ്-അൽപ്പം ചരിത്രം
പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ മിറർലെസ് ക്യാമറകളെ ഗൗരവത്തിലെടുക്കാൻ പ്രേരിപ്പിച്ച ആദ്യ ഫുൾ ഫ്രെയിം മോഡലായ സോണി ആൽഫാ (എ) സീരിസിന്റെ 5-ാം തലമുറയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഡിഎസ്എൽആറുകൾക്കു പകരം മിറർ രഹിത ക്യാമറകൾ ഒളിംപസ്, പാനസോണിക്ക് തുടങ്ങിയ കമ്പനികൾ സോണിക്കു മുമ്പേ ഇറക്കിയിരുന്നു എങ്കിലും, എ7 ഫുൾ ഫ്രെയിം സെൻസർ ഉൾപ്പെടുത്തി അവതരിപ്പിച്ചതോടെയാണ് ഫോട്ടോഗ്രാഫി ലോകം മാറ്റം ശ്രദ്ധിച്ചു തുടങ്ങുന്നത്. ഡിഎസ്എൽആറുകളുടെ കുടവയർ ഒതുക്കിയെത്തിയ മിറർ രഹിത ക്യാമറകൾ പിന്നെ ഡിഎസ്എൽആറുകളെ അപ്രസക്തമാക്കി എന്നതാണ് ചരിത്രം.
എ7 5 പ്രധാന ഫീച്ചറുകൾ
- 33 എംപി ഫുൾ ഫ്രെയിം എക്‌സ്‌മോർ ആർഎസ് സീമോസ് സെൻസർ
- എഐ പ്രൊസസിങ് യൂണിറ്റ് ഉൾക്കൊള്ളിച്ച ബയോൺസ് എക്‌സ്ആർ2 പ്രൊസസർ
- ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 30 ഫോട്ടോ ഷൂട്ട് ചെയ്യാം, മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ചാൽ സെക്കൻഡിൽ 10 ഫ്രെയിം
- 759 എഎഫ് പോയിന്റുകൾ ഉള്ള ഫെയ്‌സ്/കോണ്ട്രാസ്റ്റ് ഹൈബ്രിഡ് ഓട്ടോഫോക്കസ്, എഐ കേന്ദ്രമായി സബ്ജക്ട് ഡിറ്റക്ഷൻ
- മുൻ തലമുറയിലെ എ7 4 മോഡലിനെ അപേക്ഷിച്ച് വ്യക്തമായ എഎഫ് ഫോക്കസ് ഇന്റലിജൻസ്, ട്രാക്കിങ് മികവ്
- 7കെയിൽ നിന്ന് ഓവർസാംപിൾ ചെയ്ത 4കെ/60പി വിഡിയോ, 4കെ/120പി വിഡിയോയ്ക്ക് എപിഎസ്-സി ക്രോപ്പ്
- സോണി ക്യാമറകൾ ഉപയോഗിക്കുന്നവർക്ക് അപരിചതത്വം തോന്നാത്ത ബോഡിയും, കൈയ്യിണക്കവും
- 4-ആക്‌സിസ് ഫുള്ളി ആർട്ടിക്യുലേറ്റിങ് 3.2-ഇഞ്ച് ഡിസ്‌പ്ലെ
- 7.5-സ്റ്റോപ്പ് ഇൻ-ബോഡി ഇമേജ് സ്റ്റബിലൈസേഷൻ
- ബാറ്ററി ലൈഫ് 630 ഷോട്ടുകൾ വരെ
- പ്രീ-ക്യാപ്ചർ
- കോംപസിറ്റ് മോഡുകൾ
എന്താണ് ഡിജിഓ ടെക്‌നോളജി?
ഡ്യൂവൽ ഗെയിൻ ഔട്ട്പുട്ട് (ഡിജിഓ) എന്നത് ക്യാമറാ നിർമ്മാതാക്കൾ അടുത്തിടെയായി ഉപയോഗിച്ചു തുടങ്ങിയ ഒരു സാങ്കേതികവിദ്യയാണ്. റോ ഫയലുകളുടെ ഡൈനാമിക് റെയ്ഞ്ച് വർധിപ്പിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. 'സെൻസർ-കേന്ദ്രീകൃതമായ എച്ഡിആർ' എന്നും ഡിജിഓയ്ക്ക് വിവരണമുണ്ട്. രണ്ട് ഐഎസ്ഓയിൽ ഫോട്ടോകൾ എടുത്ത് ക്യാമറക്കുള്ളിൽ തന്നെ സംയോജിപ്പിക്കുന്ന രീതിയാണിത്. അതേസമയം, ഈ ടെക്‌നോളജിയുടെ മികവ് ആദ്യം എടുത്തു കാണിച്ചത് സോണിയല്ല.
വഴികാട്ടിയായി പാനസോണിക്
പാനസോണിക് ലൂമിക്‌സ് എസ്1 2 (S1 II), നിക്കോൺ സെഡ് 6 III എന്നീ മോഡലുകൾ സമാനമായ സെൻസറുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, നിക്കോൺ മോഡലിനെക്കാൾ ലൂമിക്‌സ് എസ്1 2ന് കൂടുതൽ ഡൈനാമിക് റെയ്ഞ്ച് കണ്ടതോടെയാണ് അന്വേഷണങ്ങൾ ആരംഭിച്ചത്. അതിന്റെ പിന്നിൽ ഡിജിഓ ആണെന്നാണ് കണ്ടെത്തൽ. ഈ ടെക്‌നോളജി സോണിയും ഉൾക്കൊള്ളിച്ചതോടെ ഇനി പുതിയ തലമുറ ക്യാമറകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം.
എന്താണ് ഇതിന്റെ ഗുണം?
സോണി എ7 Vന്, 16 സ്‌റ്റോപ്പ് ഡൈനാമിക് റെയ്ഞ്ച് വരെ പിടിച്ചെടുക്കാൻ സാധിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രാഥമിക വിലയിരുത്തലുകൾ ഇത് തെറ്റാണെന്ന് കണ്ടെത്തിയിട്ടില്ല. പൊതുവെ മീഡിയം ഫോർമാറ്റ് ക്യാമറകളിലെ സെൻസറുകളുടേതിന് സമാനമാണ് ഇത്. എന്നാൽ, പിഡിആർ ചാർട്ടിൽ എ7 5നേക്കാൾ മുന്നിൽ നിൽക്കുന്ന ഒരു ക്യാമറയും സോണി പുറത്തിറക്കിയിട്ടുണ്ട്. എ7 ആർ3 ആണ് അത്. അതിൽ ഡിജിഓ ടെക്‌നോളജി പ്രയോജനപ്പെടുത്തിയിട്ടില്ല. എന്തായാലും കൂടുതൽ ക്യാമറാ നിർമ്മാതാക്കൾ ഡിജിഓ ടെക്‌നോളജി ഉൾപ്പെടുത്തിയേക്കും.
ഡിജിഓ ടെക്‌നോളജിയുടെ പരിമിതികൾ
സോണി എ7 5ലെ ഡിജിഓ ടെക്‌നോളജി ജെപെയ്ഗ് (jpeg) ഫോട്ടോകളെ ബാധിക്കുകയേ ഇല്ല. അതിന്റെ പ്രയോജനം റോ ഫോട്ടോകൾ എടുത്ത് പോസ്റ്റ് പ്രൊസസിങ് നടത്തുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. സോണി എ7 5ൽ ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾക്കും ഡിജിഓ കൊണ്ടുവരുന്ന അധിക മികവ് ലഭിക്കില്ല. അത് വേണമെന്നുള്ളവർ മെക്കാനിക്കൽ ഷട്ടർ തന്നെ ഉപയോഗിക്കണം.
സോണി എ7 5 ഗുണങ്ങൾ
ഫോട്ടോഗ്രാഫർമാർക്കും വിഡിയോഗ്രാഫർമാർക്കും ചൂഷണം ചെയ്യാവുന്ന പല മികച്ച ഫീച്ചറുകളും ഉണ്ട്. മുൻ തലമുറയിലെ എ7 4നെ അപേക്ഷിച്ച് പുതിയ സെൻസറും പ്രൊസസറും ഉണ്ട്. എഐ സബ്ജക്ട് ഡിറ്റെക്ഷൻ ആണ് മറ്റൊരു ഫീച്ചർ. ബ്ലാക്ക്ഔട്ട് ഇല്ലാതെ ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 30 ഫ്രെയ്ം വരെ ഷൂട്ടു ചെയ്യാം. റോളിങ് ഷട്ടർ പ്രശ്‌നവും കുറയ്ക്കാനായിട്ടുണ്ട് സോണിക്ക്.
വിമർശനങ്ങൾ
തൊട്ടുമുമ്പിലെ തലമുറയിലെ എ7 4നെ അപേക്ഷിച്ച് പ്രതീക്ഷിച്ചയത്ര പുതിയ ഫീച്ചറുകൾ ലഭിച്ചിട്ടില്ലെന്നാണ് പ്രധാന പരാതികളിലൊന്ന്. ചില തേഡ്പാർട്ടി ലെൻസുകൾ ഉപയോഗിക്കുമ്പോൾ പ്രശ്‌നങ്ങൾ കാണുന്നുണ്ടെന്നും ആരോപണമുണ്ട്. അതേസമയം, ഇത് ഫേംവെയർ അപ്‌ഗ്രേഡ് മൂലം മാറ്റാൻ സോണിക്ക് സാധിച്ചേക്കാം. 6കെ, ഓപ്പൺഗേറ്റ്, ഇന്റേണൽ റോ വിഡിയോ റെക്കോഡിങ് ഫീച്ചറുകൾ സോണി എ7 5ൽ പ്രതീക്ഷിച്ചിരുന്നവരും നിരാശരാണ്. ഈ മോഡലിന്റെ എതിരാളികളെല്ലാം നൽകുന്ന ഫീച്ചറുകൾ സോണി നൽകുന്നില്ലെന്നതാണ് പലർക്കും മുറുമുറുപ്പ് ഉണ്ടാകാൻ കാരണമായിരിക്കുന്നത്. നാമമാത്രമായ അപ്‌ഗ്രേഡ് മാത്രമാണ് ലഭിക്കുന്നതെന്ന് അവർ പരാതിപ്പെടുന്നു.
പകരം പരിഗണിക്കാവുന്ന മോഡലുകൾ
സോണി എ7 5ന്റെ നേരെതിരാളികളായി പരിഗണിക്കുന്ന മോഡലുകൾ ക്യാനൻ ആർ6 മാർക്ക് 3, നിക്കോൺ സെഡ്6 3, പാനസോണിക് ലൂമിക്‌സ് എസ്1 2 (S1 II) തുടങ്ങിയവയാണ്. ഹൈബ്രിഡ് ഷൂട്ടർമാർക്ക് ഈ ക്യാമറകളെല്ലാം മികച്ച സേവനം നൽകിയേക്കും. ഈ മോഡലുകളിലെല്ലാം ഏതാനും വർഷം മുമ്പ് പ്രീമിയം ക്യാമറകളിൽ മാത്രം കണ്ടുവന്ന ഫീച്ചറുകൾ എത്തിയിരിക്കുകയാണിപ്പോൾ. അതിനാൽ മിഡ് റേഞ്ച് ക്യാമറകളുടെ പൂക്കലമാണിത് എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.
ക്യാനൻ ആർ6 മാർക്ക് 3, ഈ ക്യാമറകളുടെ കൂട്ടത്തിൽ 32.5എംപി സെൻസർ ഉപയോഗിക്കുന്നു. സെക്കൻഡിൽ 40 ഫ്രെയിം വരെ ഷൂട്ട് ചെയ്യാനും സാധിക്കും. മറ്റു മോഡലുകൾക്ക് 24എംപി സെൻസറുകളാണ്. ധാരാളം സോണി ലെൻസുകൾ കൈവശമുള്ള ഫോട്ടോഗ്രാഫർ ആണെങ്കിൽ സോണി എ7 5 തന്നെയായിരിക്കും നല്ലത്.
വില
സോണി എ7 5 ബോഡിക്കു മാത്രം 2,55,990 എംആർപി ഉണ്ട്. ഒപ്പം കിറ്റ് ലെൻസ് (FE 28-70mm F3.5-5.6 OSS II) കൂടെ വാങ്ങിയാൽ വില 2,70,490 രൂപയായി ഉയരും. ലെൻസ് അടക്കമുള്ള ഡീൽ ഫെബ്രുവരിയിൽ ലഭിച്ചു തുടങ്ങുമത്രെ.
അവസാനവാക്ക്
പ്രീമിയം ക്യാമറകളിലുളള ഫുള്ളി സ്റ്റാക്ക്ഡ് സെൻസർ പോലെയുള്ള ഫീച്ചറുകൾ വേണ്ടെന്നുള്ളവർക്ക് പരിഗണിക്കാവുന്ന മോഡലാണ് സോണി എ7 5. മിക്ക ഫോട്ടോ-വിഡിയോ ഷൂട്ടർമാർക്കും വേണ്ട ഫീച്ചറുകളെല്ലാം സോണി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക വിശകലനം അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ, ഫോട്ടോഗ്രാഫിക്കാണ് പ്രാധാന്യം നൽകുകയും, പോസ്റ്റ് പ്രൊസസിങിൽ താത്പര്യവുമുണ്ടെങ്കിൽ സോണി എ7 5 നിശ്ചയമായും വാങ്ങാൻ പരിഗണിക്കാവുന്ന മോഡൽ തന്നെയാണ്.
Content Highlights: Discover the Sony a7 V! Featuring a 33MP full-frame sensor, 4K/60p video, AI AF, and groundbreaking DGO Sensor Technology for 16-stop dynamic range. Learn more!
Published: 26 Dec 2025, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented