പരമ്പരാഗത വിഡിയോ റെക്കോഡിങ്ങിന്റെ മടുപ്പിക്കുന്ന സങ്കീർണതയും ഔപചാരികതയും ഒഴിവാക്കി, ചുരുങ്ങിയ കാലത്തിനിടിയിൽ ആക്ഷൻ വിഡിയോ റെക്കോഡിങ്ങിൽ സാധാരണക്കാരുടെ കണ്ണിലുണ്ണിയായി മാറിയ ഗോപ്രോ (GoPro) ക്യാമറ പുറത്തിറക്കുന്ന കമ്പനി ഇപ്പോൾ പ്രതിസന്ധിയിലാണ്. ഇക്കാര്യം കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. അതോ, ഇത്രയും കാലം അവർ പുറത്തിറക്കിയിരിക്കുന്നതിനേക്കൾ മികവുറ്റതും നൂതനത ടെക്‌നോളജിയും ഉൾപ്പെടുത്തി നിർമ്മിച്ച മിഷൻ 1, മിഷൻ 1 പ്രോ, മിഷൻ 1 പ്രോ ഐഎൽഎസ് എന്നീ മോഡലുകൾ വിപണിയിലെത്തിയ സമയത്തു തന്നെയാണ് കമ്പനി തങ്ങൾ പിടിച്ചു നിൽക്കാൻ പാടുപെടുകയാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. എവിടെയാണ് ഈ കമ്പനിക്ക് പാളിയത്?
എന്തുകൊണ്ട് ഗോപ്രോ?
ക്രിക്കറ്റിനേക്കാൾ സങ്കീർണ്ണമായ പദാവലിയും 'ആചാരങ്ങളും' ഉൾപ്പേറുന്ന പരമ്പരാഗത ക്യാമറകൾക്കിടയിലേക്ക് ഫുട്‌ബോളിനേക്കാൾ ലാളിത്യവുമായി എത്തിയ ഗോപ്രോ വിഡിയോഗ്രാഫിയിൽ ഇട്ടത് വേറിട്ടൊരു തുടക്കമായിരുന്നു. കോംപാക്ട് ക്യാമറകൾക്കു പോലും സാധിക്കാത്ത തരത്തിലുള്ള, പല 'അഭ്യാസപ്രകടനങ്ങളും' നടത്താൻ കെൽപ്പുള്ള ഒരു കുഞ്ഞൻ ക്യാമറ. നെഞ്ചത്തോ ഹെൽമെറ്റിലൊ ഒക്കെ കെട്ടിവയ്ക്കാം. വെള്ളത്തിനടിയിലും ഷൂട്ട് ചെയ്യാം. അതിനെല്ലാം വേണ്ട മൗണ്ടുകളും കെയ്‌സുകളുമൊക്കെയായി സ്വന്തം പാത വെട്ടിത്തുറക്കുകയായിരുന്നു അമേരിക്കൻ കമ്പനിയായ ഗോപ്രോ. എന്തിനേറെ, തങ്ങളുടെ ബഹിരാകാശ യാത്രയിൽ ഒപ്പം കൂട്ടാൻ നാസ വരെ തയ്യാറായ ക്യാമറയാണ് ഗോപ്രോ. സ്മാർട്ട്‌ഫോൺ ക്യാമറകളിലെ അനായാസത ആദ്യം കാണാനായത് ഗോപ്രോയിൽ ആണെന്നു വേണമെങ്കിലും പറയാം.
സ്വന്തം വഴി
ഇതൊക്കെയാണെങ്കിലും പരമ്പരാഗത ക്യാമറകളോട് പല രീതിയിലും ഏറ്റുമുട്ടാൻ സാധിക്കുന്ന ഒന്നായിരുന്നില്ല ഗോപ്രോ മോഡലുകൾ. അവ ആക്ഷൻ ക്യാമറ എന്ന വിഭാഗത്തിലാണ് പെടുന്നത്. വലിപ്പക്കുറവ്, ഈടുറ്റ നിർമിതി, പല കാലാവസ്ഥകളിലും വെള്ളത്തിനടിയിലും ഒക്കെ അനായാസമായി ഉപയോഗിക്കാം എന്നതൊക്കെയായിരുന്നു അവയെ ആളുകൾ ഇഷ്ടപ്പെടാൻ ഇടവരുത്തിയത്. ടൈപ്പ് 1 സൈസുമായി എത്തിയ മിഷൻ 1 സീരിസിന് മുമ്പ് താരതമ്യേന ചെറിയ സെൻസറുകൾ ആണ് ഉൾപ്പെടുത്തിയിരുന്നത് എന്നതിനാൽ ഗോപ്രോയ്ക്ക് വിഡിയോയുടെ ഗുണനിലവാരത്തിലും പരമ്പരാഗത ക്യാമറകളോട് ഏറ്റുമുട്ടാനാവില്ലായിരുന്നു. ഒറ്റ വൈഡ് ആംഗിൾ ലെൻസ് മാത്രം ഉൾപ്പെടുത്തി നിർമിച്ച ഗോപ്രോ വിഡിയോയുടെ ഏകതാനത ഏവർക്കും ഇഷ്ടപ്പെടാൻ ഇടവരില്ലായിരുന്നു.
ചരിത്രം: കണങ്കൈയ്യിൽ കെട്ടിവയ്ക്കുന്ന ക്യാമറ
സർഫിങ് (തിരമാലകൾക്കൊപ്പം മറിഞ്ഞു കളിക്കുക), സ്‌കീയിങ്, ബൈക്കിങ് തുടങ്ങിയവയിൽ ഏർപ്പെടുന്നവർക്ക് തങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ വിഡിയോ അനായാസമായി റെക്കോഡ് ചെയ്യാൻ സാധിക്കുന്ന ഒരു കുഞ്ഞു ക്യാമറ എന്ന സ്വപ്‌നമാണ് ഗോപ്രോയിലൂടെ യാഥാർത്ഥ്യമായത്. അത് 2006-ൽ ഡിജിറ്റൽ ഹീറോ (Digital HERO) എന്ന പേരിൽ ഇറക്കിയ ക്യാമറയുടെ കാര്യമാണ്. എന്നാൽ, അതിനും മുമ്പ് 2002/2004 ഇറക്കിയ ഗ്രോപ്രോ 35എംഎം ഫിലിം (film) സ്വീകരിക്കുന്ന ഒന്നായിരുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫി മാത്രം നടത്താൻ സാധിക്കുന്ന, കണങ്കയ്യിൽ കെട്ടിവയ്ക്കാവുന്ന ക്യാമറ. ആ ആശയ വിത്താണ് പിന്നീട് ആക്ഷൻ വിഡിയോഗ്രാഫിയിലേക്ക് ഗോപ്രോയെ എത്തിക്കുന്നത്.
നിക്ക് വുഡ്മൻ (Nick Woodman) എന്ന വിഷ്വൽ-ആർട്‌സ് ഗ്രാജ്യുവേറ്റാണ് ആക്ഷൻ ക്യാമറ ഒപ്പം വേണം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചത്. അദ്ദേഹവും സുഹൃത്തുക്കളും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി സർഫിങ് നടത്താനിറങ്ങി. അപ്പോഴാണ് വലിയൊരു പ്രശ്‌നം നേരിട്ടത്. തങ്ങളുടെ സർഫിങ് ചിത്രങ്ങൾ ആരെങ്കിലും എടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തീരത്തുനിന്ന് അകലെ ഫണം വിരിച്ചാടുന്ന തിരമാലകളിൽ വുഡ്മനും കൂട്ടുകാരും ഉയർന്നു മറിയുന്നത് ചിത്രീകരിക്കാൻ അമച്വർ ക്യാമറാമാന്മാർക്ക് സാധ്യമായിരുന്നില്ല. അവരുടെ കൈയ്യിൽ പ്രൊഫഷണൽ ക്യാമറകളുമുണ്ടായിരുന്നില്ല. എന്നാൽപിന്നെ ഒരു 35എംഎം ക്യാമറ വാങ്ങി തന്റെ മണിബന്ധത്തിൽ അങ്ങ് കെട്ടിവച്ച് ശ്രമിച്ചാലോയെന്ന് അദ്ദേഹം ആരാഞ്ഞു. ഈ ആശയമാണ് ആദ്യ ഗോപ്രോയുടെ നിർമ്മാണത്തിൽ കലാശിച്ചത്. അങ്ങനെ, യാതൊരു സങ്കീർണതകളുമില്ലാത്ത ഒരു 35എംഎം ഫിലിം ക്യാമറ പിറന്നു. വില 30 ഡോളർ മാത്രം.
സാധാരണക്കാർക്ക് സന്തോഷം
ഇത്തരത്തിലൊരു ക്യാമറ ശരീരത്തിൽ എവിടെയെങ്കിലും കെട്ടിവച്ച് തങ്ങൾ ഏർപ്പെടുന്ന സാഹസിക കൃത്യങ്ങൾ, തങ്ങളുടെ കാഴ്ച്ചപ്പാടിൽ (view point) ചിത്രീകരിക്കാൻ സാധാരണക്കാർക്ക് പോലും ഗോപ്രോയിലൂടെ സാധിച്ചു എന്നതാണ് അതിലെ 'വിപ്ലവം'. അങ്ങനെ ചെയ്യണമെങ്കിൽ ആ കാലത്ത് ഒരു ക്യാമറാ സംഘം തന്നെ വേണ്ടിയിരുന്നു, പണവും. അങ്ങനെയാണ് ഗോപ്രോ എന്ന കുഞ്ഞു ക്യാമറയെ വലിയ രീതിയിൽ ലോകം ഏറ്റെടുക്കാൻ ഇടവന്നത്. ഇത്തരം വിഡിയോ റെക്കോഡിങ് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കാലത്താണ് ഗോപ്രോ വിലസാൻ ആരംഭിച്ചത്. ഗോപ്രോ ഹീറോ3, ഹീറോ4 ക്യാമറകളൊക്കെ വരുമ്പോഴേക്ക് അതിലെടുക്കുന്ന വിഡിയോകളും ലോകമെമ്പാടും സുപരിചിതമായി കഴിഞ്ഞിരുന്നു. വെള്ളം കയറാത്ത, താഴെ വീണാൽ പെട്ടെന്ന് ഉടയാത്ത ഗോപ്രോ ക്യാമറകളിലെടുക്കുന്ന ഫുട്ടേജ് യൂട്യൂബിൽ മുതൽ ഇഎസ്പിഎന്നിൽ (ESPN) വരെ കാണാനായി.
ക്യാമറാ നിർമാണത്തിൽ ഗോപ്രോയുടെ സംഭാവന എന്ത്?
പരമ്പരാഗത ക്യാമറാ നിർമാണത്തിന്റെ തോതുകൾ വച്ചു പറഞ്ഞാൽ, ലോകത്തിലേക്കുംവച്ച് ഏറ്റവും 'മികച്ച' ക്യാമറ അങ്ങ് ഉണ്ടാക്കിയേക്കാമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കമ്പനിയല്ല ഗോപ്രോ. പരമ്പരാഗത ക്യാമറയ്ക്ക് എത്തിനോക്കാൻ പോലും പറ്റാതിരുന്ന ഒരു മേഖല തന്നെ വെട്ടിത്തുറക്കുകയായിരുന്നു അവർ. ക്യാമറ എങ്ങനെ നിർമിക്കണം, എങ്ങനെ മൗണ്ട് ചെയ്യണം, എങ്ങനെ ഉപയോഗിക്കണം എന്ന കാര്യങ്ങളിലൊക്കെ നിലനിന്നിരുന്ന ചിട്ടവട്ടങ്ങൾ മുഴുവൻ കാറ്റിൽ പറത്തിയാണ് ഗോപ്രോ കളംനിറഞ്ഞത്.
ഗോപ്രോയ്ക്കു മുമ്പ് അത്തരത്തിലുള്ള ആക്ഷൻ ക്യാമറകൾ ഉണ്ടായിരുന്നില്ല. ചെറുതും അണിയാവുന്നതും ഒരാളുടെ വ്യൂ പോയിന്റിൽ അനായാസമായി വിഡിയോ റെക്കോഡിങ് നടത്താവുന്നതുമായ ക്യാമറകൾക്ക് പ്രാധാന്യമുണ്ടെന്നു ലോകത്തിന് കാണിച്ചു കൊടുത്ത കമ്പനിയാണ് അവർ. ആക്ഷൻ ക്യാമറ വിപണി ഗോപ്രോ ഒറ്റയ്ക്ക് സൃഷ്ടിച്ചതാണ്. ആദ്യം മണിബന്ധത്തിൽ കെട്ടാവുന്ന വെള്ളം കയറാത്ത ഫിലിം ഫോട്ടോ ക്യാമറ പിന്നിട് പരിണമിച്ച് ഡിജിറ്റൽ എച്ച്ഡി, 4കെ ക്യാമറകളായി.
ഒരു പതിറ്റാണ്ടിലേറെ ആക്ഷൻ ക്യാമറ എന്ന പ്രയോഗത്തിന്റെ പര്യായം തന്നെയായിരുന്നു ഗോപ്രോ. നിലവാരമുള്ള വിഡിയോ ഷൂട്ടു ചെയ്യാവുന്ന, വെള്ളവും പൊടിയും കയറാത്ത, വലിയ ചൂടും തണുപ്പും വരെ താങ്ങാവുന്ന ഈടുറ്റ കൊച്ചു ക്യാമറ എന്ന സങ്കൽപ്പമാണ് അവർ യാഥാർത്ഥ്യമാക്കിയത്. (നാസ അത്തരമൊന്ന് ഇഷ്ടപ്പെട്ടതിൽ അത്ഭുതമില്ലല്ലോ). ഒറ്റ അൾട്രാവൈഡ് ലെൻസിൽ ചിത്രികരിക്കുന്ന വിഡിയോ വളരെ നിമഗ്നമായ അനുഭവവും കാഴ്ച്ചക്കാർക്ക് നൽകി.
മൗണ്ടിങ് പരിസ്ഥിതിയാണ് മറ്റൊന്ന്. മോട്ടോർ ബൈക്കുകളിലും, ഹെൽമറ്റിലും ചെസ്റ്റ് മൗണ്ടിലും എന്നുവേണ്ട എവിടെയും പിടിപ്പിക്കാം! ഫ്രെയിമിങ് അറിയേണ്ട, വിഡിയോ ഷൂട്ടിങ് അറിയേണ്ട. ക്യാമറ ഓണാക്കി വച്ച ശേഷം ബാക്കിയെല്ലാം അതിന് വിട്ടുകൊടുത്തേക്കുക. ഈ വേറിട്ട പരിപാടി ലോകം ഏറ്റെടുത്തു.
ശരീരത്തിൽ കെട്ടിവച്ച് ഒരു വ്യക്തിയുടെ കാഴ്ച്ചപ്പാടിൽ (First-person perspective (POV) എടുക്കുന്ന വിഡിയോകൾ അങ്ങനെ ഗോപ്രോയിലൂടെ പ്രചാരം നേടി. സ്‌പോർട്‌സ്, ഡോക്യുമെന്ററി, സമൂഹ മാധ്യമങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ഉപകരിച്ചു. ഇങ്ങനെ റെക്കോഡ് ചെയ്ത വിഡിയോ കാണുന്ന ആളിന് താൻ തന്നെ വിഡിയോ ഷൂട്ട് ചെയ്യുന്ന ആളുടെ അനുഭവങ്ങളിലൂടെ കടന്നു പോകുന്നതായും തോന്നി. ഫ്രീ സോളോ (Free Solo) പോലെ പല ഡോക്യുമെന്ററികളും ഗോപ്രോ ഉപയോഗിച്ച് ചിത്രീകരിക്കപ്പെട്ടു. സ്‌കീയിങ്, സൈക്‌ളിങ്, ബൈക്കിങ് തുടങ്ങി പല സാഹസിക സ്‌പോർട്‌സിലും ഗോപ്രോ സ്ഥിരം 'ക്ഷണിതാ'വായി. പരമ്പരാഗത ക്യാമറയെ പോലെ വലിപ്പം കൊണ്ടും മറ്റും അതിന്റെ സാന്നിധ്യം അറിയിച്ചുമില്ല.
ഹൈ-ബിറ്റ് റേറ്റിലുള്ള വിഡിയോ, പ്രോട്യൂൺ (Protune) കളർ മോഡുകൾ, ലോഗ്-ലൈക്ക് ഗാമ തുടങ്ങിയവയൊക്കെ ഒരു കുഞ്ഞൻ ക്യാമറയിലേക്ക് പ്രവേശിപ്പിച്ചതിനാൽ അത് പ്രൊഫഷണലുകൾക്കു പോലും ഗ്രേഡിങും മറ്റും നടത്തി ഉപയോഗക്കാമെന്നും വന്നു. കൺസ്യൂമർ വിഡിയോഗ്രാഫിക്കു വേണ്ട മികച്ച ഡ്രോണുകൾ ആദ്യം പുറത്തിറക്കിയ കമ്പനികളിലൊന്നുമാണ് ഗോപ്രോ.
വുഡ്മന്റെ ആസ്തി 3 ബില്യൺ വരെ എത്തി
ലോകമെമ്പാടും ഗോപ്രോ ജ്വരം വ്യാപകമായത് 2012 ഒക്കെ ആകുമ്പോഴാണ് എന്നു പറയാം. ഐഫോൺ നിർമിക്കുന്ന വമ്പൻ കരാർ കമ്പനിയായ ഫോക്‌സ്‌കോൺ ഗോപ്രോയുടെ 9 ശതമാനത്തോളം ഓഹരിയും വാങ്ങി. ജോലിക്കാരുടെ എണ്ണം 1500 വരെ എത്തി. ഗോപ്രോ പ്രതിവർഷം 1.6 ബില്ല്യൻ വരെ വിറ്റുവരവ് നേടി. കമ്പനിയുടെ മൂല്യം ഒരിക്കൽ 11 ബില്ല്യൺ വരെ എത്തി. വുഡ്മന്റെ ആസ്തി 3 ബില്ല്യൺ വരെയും. എന്നാൽ, അതിനിടയിൽ കമ്പനി പോലുമറിയാതെ പതുക്കെ പതുക്കെ ഗോപ്രോയുടെ പതനത്തിനും തുടക്കമിട്ടിരുന്നു.
ഗോപ്രോ മീഡിയ കമ്പനി
എല്ലാ കമ്പനികളും പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. അതുപോലെ 2010-ന്റെ മധ്യത്തിൽ ഗോപ്രോ ഒരു കണ്ടന്റ് പ്ലാറ്റ്‌ഫോം കൂടെ ആയിത്തീരാൻ ശ്രമിച്ചു. ഗോപ്രോ ഉപയോഗിച്ചു കമ്പനി തന്നെ സൃഷ്ടിക്കുന്ന കണ്ടന്റും അതിനൊപ്പം തങ്ങളുടെ ഉപയോക്താക്കളുടെ കണ്ടന്റും വിപണനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. അത്തരം ഒരു മാധ്യമ നടത്തിപ്പിനും കണ്ടന്റ് ക്രിയേഷനും പണം ഒഴുക്കേണ്ടിയിരുന്നു. മുടക്കുമുതൽ പാഴാകുന്ന അവസ്ഥ നേരിട്ടപ്പോൾ മീഡിയ കമ്പനി പൂട്ടി. ഗോപ്രോ ഇന്നു നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് നയിച്ചതിൽ ഒരു കാര്യം അതാണെങ്കിലും പ്രധാന പ്രശ്‌നം അതായിരുന്നില്ല.
ക്യാമറാ ബിസിനസിന്റെ അന്തകൻ ഗോപ്രോയ്ക്ക് എതിരെയും
മാധ്യമ ബിസിനസിനു പിന്നാലെ പോയപ്പോൾ കമ്പനിക്ക് തങ്ങളുടെ പ്രധാന കച്ചവടത്തിൽ വേണ്ട ശ്രദ്ധ കൊടുക്കാൻ സാധിച്ചില്ല. ഗോപ്രോ ഉണ്ടാക്കുന്ന ഈടുറ്റ ക്യാമറകൾ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ടായിരുന്നു. ഇവരുടെ ഒക്കെ അഭിപ്രായങ്ങൾ സർവേയിലൂടെയോ മറ്റൊ ആരാഞ്ഞ ശേഷം പുതിയ മോഡലുകൾ ഉണ്ടാക്കേണ്ടതായിരുന്നു എന്ന് വുഡ്മാന് വൈകിയാണെങ്കിലും വിവേകം വന്നപ്പോൾ പറഞ്ഞു. എന്നാൽ, കൺസ്യൂമർ ക്യാമറകളുടെ വിൽപ്പന ഇടിച്ച സ്മാർട്ട്‌ഫോണുകൾ തന്നെയാണ് ഗോപ്രോയ്ക്കും ഭീഷണിയായത്. 2015 ഒക്കെ ആയപ്പോഴേക്ക് തങ്ങൾക്ക് വേണ്ട കണ്ടെന്റ് സൃഷ്ടിക്കാൻ സ്മാർട്ട്‌ഫോൺ മതിയെന്ന് പല ഗോപ്രോ ഉപയോക്താക്കളും തിരിച്ചറിഞ്ഞു. മീഡിയ ഹൗസ് എന്ന സ്വപ്‌നത്തിനു പുറമെ, ഡ്രോണുകൾ ഉണ്ടാക്കി വിൽക്കാനുള്ള പരിശ്രമവും പാഴായതും കമ്പനിക്ക് ക്ഷീണം ചെയ്തു.
ചൈനീസ് കമ്പനികൾ
അതിനു പുറമെയാണ് അപ്രതീക്ഷിതമായി ചൈനീസ് കമ്പനികളും രംഗത്തെത്തിയത്. ഡിജെഐ, ഇൻസ്റ്റാ360 പോലെയുള്ള കമ്പനികൾ ആശ്രയിക്കാവുന്ന ക്യാമറകൾ ഉണ്ടാക്കി വിറ്റപ്പോൾ അത് ഗോപ്രോയ്ക്ക് ക്ഷീണം വരുത്തി. എല്ലാത്തിനുമൊടുവിൽ ഇപ്പോൾ ഹൈ-എൻഡ് ഉപകരണ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധി ഗോപ്രോയ്ക്കു നേരെയും തിരിഞ്ഞു-ചിപ്പ് ദൗർലഭ്യം.
കടുത്ത സാമ്പത്തിക പ്രതിസന്ധി
തങ്ങളിപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കമ്പനി നേരിട്ട് അറിയിച്ചു കഴിഞ്ഞു. ഗോപ്രോയ്ക്ക് 2025 അവസാന പാദത്തിൽ നേരിടേണ്ടി വന്ന നഷ്ടം 9.1 ദശലക്ഷം ഡോളറാണത്രെ. തന്ത്രപരമായ ചില നീക്കങ്ങൾ ഗോപ്രോ നടത്തിയേക്കും. കമ്പനിയുടെ അവസ്ഥ നല്ലപോലെ അറിയാവുന്ന ഗോപ്രോ സ്ഥാപകൻ മേധാവിയുമായ നിക്കൊളസ് വുഡ്മാൻ 20 ദശലക്ഷം ഡോളറിനുള്ള ഗോപ്രോ ഓഹരികൾ വാങ്ങാൻ തീരുമാനിച്ചു എന്ന് ഡിജിറ്റൽ ക്യാമറാ വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. എന്നു പറഞ്ഞാൽ, കമ്പനിക്ക് അത്രയും തുകയുടെ സാമ്പത്തിക സഹായം ചെയ്യുന്നതിന് തുല്ല്യമാണെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
ഗോപ്രോ ഇനിയും വിപണിയിൽ പിടിച്ചു നിൽക്കുമോ, പൂട്ടുമോ എന്ന് ഇപ്പോൾ ഉറപ്പു പറയാനാവില്ലെങ്കിലും അത് കടുത്ത പ്രതിസന്ധിയിലാണ് എന്നു കാണാം. പക്ഷെ, ഗോപ്രോ സൃഷിച്ചത് മുമ്പില്ലാതിരുന്ന ഒരു സംസ്‌കാരമാണ്. അതും സാധാരണക്കാർക്ക് പോലും വഴങ്ങുന്ന ഒന്ന്. എന്തായാലും, വരുംവർഷങ്ങൾ ഗോപ്രോയുടെ വിധി നിർണ്ണയിക്കും.
Content Highlights: The pioneer of action cameras, GoPro, is currently facing severe financial trouble due to stiff competition from smartphones, rival Chinese brands like DJI and Insta360, failed business diversifications, and global supply chain challenges.
Published: 29 Jul 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented