തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കുന്ന സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കണ്ടാസ്വദിക്കുമ്പോള്‍ ഒരുപക്ഷേ, ആ സിനിമയ്ക്ക് പിറകിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും എത്രത്തോളം ഉണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ടാവില്ല. എഞ്ചിനീയറിങ് പഠനകാലം തൊട്ടുതന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാവണം അണിയറയിലെ ജോലിഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും ഒരു സംവിധാനമൊരുക്കണമെന്ന ചിന്ത കണ്ണൂര്‍ സ്വദേശി അനിരുദ്ധ് പത്മനാഭന്റെ മനസില്‍ ഉദിച്ചത്.  ഇതൊരു പുതിയ ആശയം എന്ന് പറയാനാവില്ലെങ്കിലും, ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാണ രംഗത്ത്, പ്രത്യേകിച്ചും മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇപ്പോഴും ഏറെ പ്രയാസം നിറഞ്ഞ പരമ്പരാഗത ശൈലികള്‍ പിന്തുടരുന്ന പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സ്‌ക്രിപ്റ്റില്‍ (Scriptyl) എന്നൊരു പ്ലാറ്റ്ഫോം ആവിഷ്‌കരിച്ചിരിക്കുകയാണ് അനിരുദ്ധ്. 

To advertise here,

എന്താണ് സ്‌ക്രിപ്റ്റില്‍?

ഒരു സിനിമയുടെ നട്ടെല്ലാണ് തിരക്കഥ. കേവലം കഥാപാത്രങ്ങളുടെ പേരും സംഭാഷണവും മാത്രമല്ല ആ രംഗം എവിടെ ചിത്രീകരിക്കണം ഏതെല്ലാം നടീനടന്മാര്‍ ആ ലൊക്കേഷനിലെ സീനില്‍ ആവശ്യമുണ്ട് എത്ര ദിവസം ചിത്രീകരണം ആവശ്യമാണ്, എന്തെല്ലാം വസ്തുക്കൾ വേണം തുടങ്ങി ചിത്രീകരണത്തിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നത് തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. 

ഒരു തിരക്കഥ മനസില്‍ വരുന്നത് മുതല്‍ ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നത് വരെ വിവിധ ഘട്ടങ്ങളില്‍ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്ന സംവിധായകന്‍, സഹ സംവിധായകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, കലാസംവിധായകര്‍, വസ്ത്രാലങ്കാരം ചെയ്യുന്നവര്‍ ഉള്‍പ്പടെ എല്ലാ മേഖലയിലുള്ളവര്‍ക്കും അവരവരുടെ ജോലികള്‍ സുഗമമാക്കാന്‍ സാധിക്കുന്ന സോഫ്റ്റ്​വെയറാണ് അനിരുദ്ധ് പത്മനാഭന്‍ ഒരുക്കിയ സ്‌ക്രിപ്റ്റില്‍

എങ്ങനെ ഇങ്ങനെ ഒരാശയം?

എഞ്ചിനീയറിങ് പഠനകാലം തൊട്ടു തന്നെ ഇടവേളകളില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട് അനിരുദ്ധ്. പഠനശേഷം ചില സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. അക്കാലത്ത് മനസില്‍ വന്നതാണ് തിരക്കഥാരചന ലളിതമാക്കുന്നതിനായുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്ന ആശയം. 

'ക്രിയേറ്റീവ് വിഭാഗങ്ങളിൽ ഇരിക്കുന്ന സംവിധായകരുടെ സംഘത്തിന് തിരക്കഥയുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾക്കും ക്ലെറിക്കൽ ജോലികൾക്കുമായി ധാരാളം സമയം ചെലവാക്കേണ്ടി വരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ്, പുതിയൊരു ആശയം അല്ലെങ്കിൽ കൂടി സ്വന്തമായൊരു സംവിധാനം ഒരുക്കാനുള്ള ആഗ്രഹം തോന്നിയത്.'  അനിരുദ്ധ് പറയുന്നു. 

മലയാളത്തില്‍ രണ്ട് രീതിയിലാണ് തിരക്കഥ എഴുതാറുള്ളത്, അത് ആ ടീമിന്റെ എളുപ്പം അനുസരിച്ചുള്ള ഫോര്‍മാറ്റുകള്‍ ആയിരിക്കും. ഒന്ന് ഹോളിവുഡിലെ സോഫ്റ്റ്വെയറുകള്‍ ചെയ്യുന്ന പോലെ വിവരണങ്ങളും സംഭാഷണങ്ങളുമെല്ലാം താഴെ താഴെ ആയി ലേഔട്ട് ചെയ്യുന്ന എഴുത്താണ്. രണ്ട്, ഇടത് വലത് ഭാഗങ്ങളിലായി വിവരണങ്ങളും സംഭാഷണങ്ങളും വേര്‍തിരിച്ചെഴുതുന്ന രീതിയാണ്. രണ്ടാമത്തെ രീതിയാണ്  കാലങ്ങളായി മലയാളം ഉള്‍പ്പടെ വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള പല സിനിമാ പ്രവര്‍ത്തകരും പിന്തുടര്‍ന്നുവരുന്നത്. സമീപകാലത്തായി തിരക്കഥ എഴുതുന്നതിനായി വിവിധ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗത്തിലുണ്ട്. ഫൈനല്‍ ഡ്രാഫ്റ്റ്, സെല്‍ടെക്സ്, സ്റ്റുഡിയോ ബൈന്റര്‍ പോലുള്ളവ അതില്‍ ചിലതാണ്. അതൊന്നും മലയാളത്തിലെ ഈ ഇടത്- വലത്  ഫോര്‍മാറ്റുകളിലേക്ക് അഡാപ്റ്റ് ചെയ്യാന്‍ പറ്റുന്നത് അല്ല. അങ്ങനെ ചെയ്യുന്നതില്‍ ബാക്കി ഉപയോഗങ്ങള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നുമില്ല. പല കാരണങ്ങളാല്‍ ഈ സാങ്കേതിക വിദ്യകളിലേക്ക് പൂര്‍ണമായി മാറാന്‍ സിനിമാ പ്രവര്‍ത്തരില്‍ വലിയൊരു വിഭാഗം മടികാണിക്കുകയാണ്. 

മലയാളത്തിലെ ഇടത് വലത് ഫോര്‍മാറ്റ് കൂടുതല്‍ പേരും ഗൂഗിള്‍ ഡോക്കിലും വേഡിലുമാണ് സ്‌ക്രിപ്റ്റ് ടൈപ്പ് ചെയ്യുന്നത്. അതില്‍ തിരക്കഥ ടൈപ്പ് ചെയ്യുമ്പോള്‍ ആ തിരക്കഥ മാത്രമാണ് കിട്ടുക.

എന്നാല്‍ സ്‌ക്രിപ്റ്റിലിലൂടെ തിരക്കഥ ടൈപ്പ് ചെയ്യുമ്പോള്‍ സബ് സീനടക്കം സിനിമയില്‍ എത്ര സീനുകള്‍ ഉണ്ട്, കഥാപാത്രങ്ങളുടെ എണ്ണം, തിരക്കഥയിലെ ലൊക്കേഷനുകളുടെ എണ്ണം, ഷൂട്ട് ചെയ്യുന്ന ലൊക്കേഷനുകളുടെ എണ്ണം, ഡേ- നൈറ്റ് സീനുകളുടെ എണ്ണം, ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ സീനുകളുടെ എണ്ണം, ഓരോ സീരിയലും ഉള്ള ആള്‍ക്കാരുടെ എണ്ണം തുടങ്ങി സിനിമ പ്രൊഡക്ഷന്റെ ജോലികള്‍ എളുപ്പമാക്കാനുള്ള വിശദാംശങ്ങളും ഒപ്പം ലഭിക്കുകയാണ്. മാത്രമല്ല, നേരത്തെ പറഞ്ഞ ഇന്‍ഡസ്ട്രി ഫോര്‍മാറ്റും മലയാളത്തിലെ ലെഫ്റ്റ്-റൈറ്റ് ഫോര്‍മാറ്റും സമയം എടുക്കാതെ തന്നെ ഉപയോഗിക്കാനും പറ്റും.

നിലവില്‍ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയര്‍ പഠിച്ചെടുക്കുന്നതിനുള്ള പ്രയാസവും, മലയാളം സിനിമാ രംഗവുമായിട്ട് അത്രത്തോളം കണക്ടഡ് അല്ലാത്തതുകൊണ്ടും ആവണം അണിയറ പ്രവര്‍ത്തകര്‍ നിലവിലുള്ള സോഫ്റ്റ്വെയറുകള്‍ അധികം ഉപയോഗിച്ച് കാണാത്തത് എന്നതാണ് പ്രധാനകാരണമെന്ന് അനിരുദ്ധ് പറയുന്നു. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തില്‍ ഓരോ ആവശ്യങ്ങള്‍ക്ക് വെവ്വേറെയായി ഇത്തരം സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നവരും ഉണ്ട്.

ചലച്ചിത്ര രംഗത്തെ സംവിധായകന്‍, സഹസംവിധായകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, കലാസംവിധായകര്‍, വസ്ത്രാലങ്കാരം ചെയ്യുന്നവര്‍ ഉള്‍പ്പടെയുള്ള ആളുകളുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും കേട്ടതിന് ശേഷമാണ് വെറും തിരക്കഥ രചിക്കാനുള്ള സംവിധാനം എന്നതില്‍ നിന്ന് പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലെ സമ്പൂര്‍ണ സഹായിയായി സ്‌ക്രിപ്റ്റിലിനെ മാറ്റിയെടുത്തത്. 

placeholder
Photo:Ai Generated Image

പ്രയോജനം എങ്ങനെ?

ഒരു സിനിമയുടെ അണിയറയില്‍ അനേകം പേര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ജോലികള്‍ ചെയ്യാനുണ്ട്. ഉദാഹരണത്തിന് ഒരു സിനിമയില്‍ എത്ര കഥാപാത്രങ്ങളുണ്ട്, ഓരോ കഥാപാത്രങ്ങളും ഏതെല്ലാം സീനിലുണ്ട് ? ആ സീനുകളില്‍ എന്തെല്ലാം വസ്തുക്കള്‍ വേണം, വസ്ത്രങ്ങള്‍ ഏതെല്ലാം വേണം, ലൊക്കേഷന്‍ ഏത് തുടങ്ങിയവ തീരുമാനിക്കുന്നതും അതിന് വേണ്ട ജോലികള്‍ ചെയ്യുന്നതും ഓരോ വിഭാഗങ്ങളിലും ജോലി ചെയ്യുന്നവരുടെ ചുമതലയാണ്. ഈ ജോലികള്‍ സുഗമമാക്കുകയാണ് സ്‌ക്രിപ്റ്റില്‍. 

ഇടത്, വലത് ഭാഗങ്ങളിലായി കഥാപാത്രങ്ങളുടെ പേരും സംഭാഷണങ്ങളും വേര്‍തിരിച്ചെഴുതുന്ന മലയാള സിനിമയില്‍ തിരക്കഥയെഴുതാന്‍ പൊതുവില്‍ പിന്തുടരുന്ന രീതിയില്‍ സുഗമമായി തിരക്കഥയൊരുക്കാന്‍ സ്‌ക്രിപ്റ്റില്‍ സഹായിക്കും. നിലവില്‍ ഇതിനായി എം.എസ് വേഡ് പോലുള്ള ഡോക്യുമെന്റ് റൈറ്റിങ് സോഫ്റ്റ്​വെയറുകളാണ് വലിയൊരു വിഭാഗം ആളുകളും ഉപയോഗിക്കുന്നത്. എന്നാല്‍ അതിന് നിരവധി പരിമിതികളുണ്ട്. 

ഇടത്, വലത് ഭാഗങ്ങളിലായി ഒരു പേപ്പറില്‍ പേന കൊണ്ട് തിരക്കഥ എഴുതുന്നത് ഒരു പക്ഷേ, എളുപ്പമായിരിക്കാം. എന്നാല്‍ വേഡ് പോലുള്ള സോഫ്റ്റ്‌വെയറുകളില്‍ അങ്ങനെയല്ല. ഇടത്, വലത് ഭാഗങ്ങളിലായി എഴുത്തുകള്‍ ക്രമീരിക്കുന്നത് സാധാരണ വേഡ് പ്രൊസസിങ് സോഫ്റ്റ്​വെയറുകളില്‍ പ്രയാസമാണ്. പ്രത്യേകിച്ചും അതില്‍ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നാലോ മറ്റൊരിടത്തേക്ക് മാറ്റിവെക്കേണ്ടി വന്നാലോ ടൈപ്പ് ചെയ്ത് വെച്ചിരിക്കുന്ന മറ്റ് ഭാഗങ്ങളുടെ സ്ഥാനവും ക്രമവും തെറ്റിപ്പോവാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഈ രീതിയില്‍ തിരക്കഥ എഴുതുന്നത് എളുപ്പമാക്കുകയാണ് സ്‌ക്രിപ്റ്റില്‍. ഇതിന് പുറമെ സാധാരണ ആഗോള അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന തിരക്കഥാ ഫോര്‍മാറ്റിലേക്കും ഇത് മാറ്റാനാവും. 

placeholder

ഇത് കൂടാതെ എതെല്ലാം സീനുകള്‍ രാത്രിയും പകലുമായി ചിത്രീകരിക്കുന്നുണ്ട്, ഇന്റേണല്‍ എക്‌സ്റ്റേണല്‍ ഷൂട്ട് ഏതെല്ലാം എന്നിവ തിരക്കഥയില്‍ നിന്ന് വേര്‍തിരിക്കാന്‍ സ്‌ക്രിപ്റ്റിലിന്റെ സഹായത്തോടെ സാധിക്കും.

ലൊക്കേഷനുകള്‍ പട്ടികപ്പെടുത്തുക, കഥാപാത്രങ്ങള്‍ ഏതെല്ലാം അവര്‍ക്കൊക്കെ എത്ര സീനുകളുണ്ട്, നടീ നടന്മാരുടെ പേര് രേഖപ്പെടുത്തല്‍ അവരുടെ സംഭാഷണങ്ങള്‍ വേര്‍തിരിക്കല്‍, ഒരോ ലോക്കേഷനിലും എത്ര സീനുകളുണ്ട്. ദിവസേനയുള്ള ചാര്‍ട്ട് തയ്യാറാക്കല്‍, സീനുകള്‍ പുനക്രമീകരിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് പുറമെ എത്ര ശതമാനം ചിത്രീകരണം പൂര്‍ത്തിയായി, എത്ര ദിവസങ്ങള്‍ കൂടി വേണം എന്നിവ ഉള്‍പ്പടെയുള്ള കണക്കുകള്‍ കൃത്യമായി നല്‍കാനും സ്‌ക്രിപ്റ്റിലിയിലൂടെ സാധിക്കുമെന്ന് അനിരുദ്ധ് പറയുന്നു. 

സംവിധായക സംഘത്തിനും വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, കലാസംവിധായകര്‍ എന്നിവര്‍ക്കുള്‍പ്പടെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ലഭിക്കുന്നതിനും അവരുടെ ജോലികള്‍ ചെയ്യുന്നതിനും സ്‌ക്രിപ്റ്റിലിന്റെ സഹായം തേടാം. ഒരു സീനില്‍ എന്തെല്ലാം പ്രോപ്പര്‍ട്ടികള്‍ ഉപയോഗിക്കണം, വസ്ത്രം ഏതെല്ലാം വേണം എന്നെല്ലാം സ്‌ക്രിപ്റ്റിലിന്റെ സഹായത്തോടെ തിരക്കഥയില്‍ നിന്ന് എളുപ്പം കണ്ടെത്താനാവും. അക്ഷരാര്‍ഥത്തില്‍ തിരക്കഥയെയും അതുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ നീണ്ട ജോലികളെയും കടലാസുരഹിതമാക്കി ഡിജിറ്റൈസ് ചെയ്യുകയാണ് സ്‌ക്രിപ്റ്റില്‍. 

അണിയറയിൽ വിയര്‍പ്പൊഴുക്കുന്നവര്‍

അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നതിനാല്‍, ആ ജോലിയുടെ പ്രാധാന്യവും പ്രയാസം എത്രത്തോളമാണെന്ന് തനിക്കറിയാമെന്ന് അനിരുദ്ധ് പറയുന്നു. തിരക്കഥയില്‍ മാറ്റങ്ങളുണ്ടാവുമ്പോള്‍, അപ്രതീക്ഷിത കാരണങ്ങളാല്‍ ചിത്രീകരണം വൈകിയാല്‍, പെട്ടെന്ന് ലൊക്കേഷന്‍ മാറേണ്ടി വന്നാല്‍, ഒരു പാളിച്ചയും സംഭവിക്കാതെ അണിയറ ജോലികള്‍ പുനക്രമീകരിക്കേണ്ടത് സംഹസംവിധായകര്‍ ഉള്‍പ്പടെയുള്ളരുടെ ചുമതലയാണ്. ഏറെ ദിവസങ്ങള്‍ എടുക്കുന്ന, വലിയ സാമ്പത്തിക ചെലവ് വരുന്ന ഈ ഘട്ടം ലളിതമാക്കിയാല്‍ അതിന്റെ ഗുണം ആര്‍ക്കെല്ലാമാണെന്ന് പറയേണ്ടതില്ലല്ലോ?  

യുഐ/യുഎക്‌സ് ഡിസൈനറായി ജോലി ചെയ്യുന്ന അനിരുദ്ധ് സുഹൃത്തായ ഡെവലപ്പര്‍ മുരളീകൃഷ്ണന്റെ സഹായത്തോടെയാണ് കോവിഡ് കാലത്ത് സ്‌ക്രിപ്റ്റിലിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചത്. തുടര്‍ന്നിങ്ങോട്ട് സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് സ്‌ക്രിപ്റ്റിലിയെ പരിഷ്‌കരിച്ചുകൊണ്ടിരുന്നു. അക്ഷയ് അനില്‍കുമാര്‍, കൃഷ്ണ ഗീതി തുടങ്ങിയവരാണ് സ്‌ക്രിപ്റ്റിലിന്റെ മറ്റ് ടീമംഗങ്ങള്‍. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുടെ സജീവ പിന്തുണയും ഈ പദ്ധതിയ്ക്കുണ്ടെന്നും അനിരുദ്ധ് പറയുന്നു. 

റിയല്‍ടൈം സിങ്കിങ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി സ്‌ക്രിപ്റ്റിലിന്റെ പ്രവര്‍ത്തനം. ക്ലൗഡ് അധിഷ്ഠിത സേവനം ആണിത്. അതിനാല്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഇത് ആക്‌സസ് ചെയ്യാനാവും. ഭാവിയില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകള്‍ ഇതിനായി പ്രയോജനപ്പെടുത്താനും അനിരുദ്ധിന് താല്‍പര്യമുണ്ട്. 

ഓളവും തീരവും, ഹലോ മമ്മി, രാമചന്ദ്ര ബോസ് & കോ, ഹെവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സ്‌ക്രിപ്റ്റില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹനീഫ് അദേനി, മഹേഷ് നാരായണന്‍, ഉണ്ണി ഗോവിന്ദരാജ് പോലുള്ള സംവിധായകര്‍ സ്‌ക്രിപ്റ്റിലിന്റെ നേട്ടം തിരിച്ചറിഞ്ഞവരാണ്.  മാര്‍ക്കോ പോലുള്ള പുതിയ ചിത്രങ്ങളിലും സ്‌ക്രിപ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അനിരുദ്ധ് പറയുന്നു.