മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യാനിരുന്ന സിനിമ യാഥാർഥ്യമാകാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ. സാധാരണ മലയാള സിനിമകളെക്കാൾ കൂടുതൽ ദിവസങ്ങൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ആവശ്യമായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. അത്രയും ദിവസം മോഹൻലാലിന്റെ ഡേറ്റ് ലഭിക്കാത്തതുകൊണ്ടാവാം ചിത്രം നടക്കാതെ പോയതെന്ന് ജിത്തു പറഞ്ഞു. മോഹൻലാൽ തുടർച്ചയായി സിനിമകൾ ചെയ്യുന്നത് ജിത്തു ചൂണ്ടിക്കാട്ടി.
'മോഹൻലാൽ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. മറ്റൊരാളെ വെച്ച് ചെയ്യുന്നത് എളുപ്പമല്ല. മോഹൻലാലിനെ മനസിൽവെച്ചാണ് എഴുതിയത്, അതിൽ മറ്റൊരാളെ സങ്കൽപ്പിച്ച് മാറ്റിയെഴുതാൻ പറ്റില്ല', ജിത്തു മാധവൻ പറഞ്ഞു.
'സാധാരണ ഒരു മലയാളം സിനിമയെക്കാൾ, ഷൂട്ടിനായി ഒരുപാട് ദിവസം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ചിത്രം നടക്കാതെ പോയത് എന്നാണ് ഞാൻ മനസിലാക്കിയത്. ദിവസങ്ങൾ കുറയ്ക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ സിനിമയ്ക്ക് അത് സാധ്യമായിരുന്നില്ല. കുറെ ആക്ഷൻ സീനുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. അതിനാൽ ഷൂട്ടിന് കൂടുതൽ ദിവസം ആവശ്യമായിരുന്നു. ലാലേട്ടൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നുണ്ട്. അതിനാൽ അത്രയും ദിവസം മാറ്റിവെക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമ നടക്കാത്തത് എന്നാണ് ഞാൻ മനസിലാക്കിയത്. ഒരു അഭിമുഖത്തിൽ പറയാൻ കഴിയുന്ന കാര്യമാണോ ഇത് എന്നെനിക്ക് അറിയില്ല', സംവിധായകൻ കൂട്ടിച്ചേർത്തു.
തമിഴ് യൂട്യൂബ് ചാനലായ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ജിത്തു സിനിമ ഉപേക്ഷിക്കപ്പെട്ടത് സ്ഥിരീകരിച്ചത്. നേരത്തെ, ഇതേ ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽതന്നെയാണ് സംവിധായകനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ, തന്റെ വരാനിരിക്കുന്ന ഏഴ് സിനിമകളുടെ സംവിധായകരുടെ പേര് മോഹൻലാൽ വെളിപ്പെടുത്തിയപ്പോൾ അതിൽ ജിത്തു മാധവൻ ഉൾപ്പെട്ടിരുന്നില്ല.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ആണ് മോഹൻലാലിന്റെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. 'മേപ്പടിയാൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ഗംഗ' ഷൂട്ടിങ് പുരോഗമിക്കുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ശനിയാഴ്ച കൊച്ചിയിൽ നടക്കും. ഇതിന് പുറമെ, പ്രിയദർശന്റെ നൂറാം ചിത്രം, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'നെടുങ്കണ്ടം മിറാക്കിൾ', സത്യൻ അന്തിക്കാട്, ജൂഡ് ആന്റണി ജോസഫ്, ജീത്തു ജോസഫ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് ജിത്തു മാധവൻ. ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്' തിരക്കഥ ജിത്തുവിന്റേതായിരുന്നു. സൂര്യ നായകനാവുന്ന 'സീൻ' ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നസ്രിയ നസിം, നസ്ലിൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററിലെത്തും.
Content Highlights: Director Jithu Madhavan revealed that his planned project with Mohanlal was shelved due to the requirement of extensive shoot days. He stated the script was specifically written for Mohanlal and could not be recast with another actor. Mohanlal's continuous film commitments made it difficult to allocate the required long schedule, which involved heavy action sequences. The director confirmed the project's status during an interview with the YouTube channel Galatta Plus. Jithu Madhavan is known for hits like 'Romancham' and 'Aavesham', and wrote the script for 'Balan: The Boy'.
Published: 27 Oct 2026, 07:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented