ന്ത്യയുടെ സമുദ്രയാന്‍ പര്യവേക്ഷണത്തിന്റെ ഭാഗമായി രണ്ട് ഇന്ത്യന്‍ ആഴക്കടല്‍ യാത്രികര്‍- അക്വാനോട്ട്‌സ്- അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അഞ്ചു കിലോമീറ്റര്‍ താഴ്ചയിലേക്ക് മുങ്ങിയത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച മറൈന്‍ ജിയോളജിസ്റ്റും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ടെക്‌നോളജിയിലെ (NIOT) ഡീപ് സീ ടെക്‌നോളജി വിഭാഗം തലവനുമായ ഡോ. സേതുരാമന്‍ രമേശ് ആഴക്കടല്‍ മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു.

To advertise here,

സമുദ്രയാന്‍ പദ്ധതിയില്‍ അങ്ങയുടെ പങ്ക്

ഒരു മറൈന്‍ ജിയോളജിസ്റ്റ് എന്ന നിലയ്ക്ക് ആഴക്കടലിലെ ധാതുവിഭവങ്ങളുടെ പര്യവേക്ഷണത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കലാണ് എന്റെ ജോലി. അതിന് വിദൂരത്തുനിന്ന് നിയന്ത്രിക്കാവുന്നതും സ്വയംനിയന്ത്രിതവുമായ വാഹനങ്ങള്‍ പോലെ വ്യത്യസ്ത തരത്തിലെ ഉപകരണങ്ങള്‍ വേണം. സമുദ്രയാന്‍ പ്രോജക്ടിന്റെ സങ്കല്പനം മുതല്‍ അംഗീകാരം കിട്ടുന്നതുവരെ ഉള്ള പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ ഞാനുണ്ടായിരുന്നു. ധാതുവിഭവങ്ങള്‍ എവിടെയാണുള്ളത്, എങ്ങനെയാണ് കാണപ്പെടുന്നത്, പര്യവേക്ഷണത്തിന് എന്തുതരം ഉപകരണങ്ങളാണ് പ്രയോജനപ്പെടുക തുടങ്ങിയ വിവരങ്ങളെക്കുറിച്ച് ധാരണയുള്ളതിനാലാണ് ഞാന്‍ ഈ പ്രോജക്റ്റിന്റെ ഭാഗമായത്.

ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്രയുടെ സമാപനത്തോട് അടുപ്പിച്ചായിരുന്നു സമുദ്രയാന്റെ ആഴക്കടല്‍ യാത്ര. ആഴക്കടലില്‍ നാലഞ്ചു മീറ്റര്‍ താഴ്ചയില്‍ കഴിയുന്നതും ബഹിരാകാശസഞ്ചാരവും തമ്മിലെ താരതമ്യം

ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതാണ് ബഹിരാകാശയാത്ര. അഞ്ചുദിവസവും ഒരാഴ്ചയും മുതല്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. ആഴക്കടല്‍ പര്യവേക്ഷണ വാഹനത്തില്‍ ദിവസം പരമാവധി 12 മണിക്കൂര്‍ തങ്ങാന്‍ മാത്രമേ നിലവിലെ സാങ്കേതികവിദ്യ അനുവദിക്കുന്നുള്ളൂ. രാവിലെ ആറ്, ഏഴ് മണിക്ക് പുറപ്പെട്ടാല്‍ വൈകിട്ട് ഏഴു മണിക്ക് മുമ്പ് കപ്പലില്‍ തിരിച്ചെത്തണം. പിറ്റേന്ന് രാവിലെ വീണ്ടും ജോലി തുടരാം. സമുദ്ര പര്യവേക്ഷണവാഹനം വളരെ ചെറുതാണ്, സ്ഥലപരിമിതി പ്രശ്‌നമാണ്. അതിനാല്‍ നല്ലപോലെ തയ്യാറെടുത്തു മാത്രമേ ആഴക്കടലില്‍ മുങ്ങാന്‍ സാധിക്കൂ.

ബഹിരാകാശ യാത്രികരെ പോലെ ആഴക്കടല്‍ യാത്രികരും പ്രത്യേക പരിശീലനം നേടേണ്ടതുണ്ടോ

വളരെ ഇടുങ്ങിയ, അടഞ്ഞ സ്ഥലങ്ങളിലാണ് അക്വാനോട്ടുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പുറത്ത് എപ്പോഴും ഇരുട്ടായിരിക്കും, ഒരിക്കലും പുറത്തിറങ്ങാന്‍ സാധിക്കാത്തവിധം കടുത്ത ജലസമ്മര്‍ദ്ദമാണ്. ഭൂമിയിലെ അന്തരീക്ഷമര്‍ദ്ദത്തിന്റെ ഏതാണ്ട് 600 ഇരട്ടി കൂടുതലാണവിടെ. യാത്രികര്‍ക്ക് മെഡിക്കല്‍ ഫിറ്റിനസ് വേണം. ഇത്തരം സാഹചര്യത്തില്‍ ജീവിക്കാന്‍ മനശാസ്ത്രപരമായി തയ്യാറെടുപ്പു വേണം. അതിന് അന്തര്‍വാഹിനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടതിന് സമാനമായ പരിശീലനം വേണം. ഇന്ത്യന്‍ നേവിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേവല്‍ മെഡിസിനാണ് ആള്‍ക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള മെഡിക്കല്‍ പ്രോട്ടോക്കോള്‍ തരുന്നത്. ബഹിരാകാശത്തെ പോലെ പ്രത്യേക സ്യൂട്ടുകള്‍ ഒന്നും വേണ്ട ആഴക്കടല്‍ യാത്രക്ക്. ബഹിരാകാശ യാത്രകള്‍ക്ക് വേണ്ടത്ര കടുത്ത പരിശീലനവും ആവശ്യമില്ല. ആഴക്കടല്‍ യാത്രികര്‍ക്ക് സൈക്കോമെട്രിക് പരിശോധനകള്‍ നടത്തും. വാഹനം നിയന്ത്രിക്കുന്നതിന് അന്തര്‍വാഹിനി ഓടിക്കുന്നതിന് സമാനമായ പരിശീലനം നല്‍കും.

താങ്കള്‍ പരിശീലനം നേടിയിരുന്നോ

മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. ഞാന്‍ ഇതിലെ പൈലറ്റല്ല, ശാസ്ത്രനിരീക്ഷകന്‍ മാത്രമാണ്. ആഴക്കടല്‍ വാഹനത്തില്‍ മൂന്നുപേരാണ് ഉള്ളത്- പൈലറ്റും കോപൈലറ്റും ശാസ്ത്രനിരീക്ഷകനും. ആഴം കുറഞ്ഞ കടലില്‍ നടത്തിയ പരീക്ഷണത്തില്‍ ഞാനും കടലില്‍ മുങ്ങിയിരുന്നു, നാലുമണിക്കൂറോളം നേരം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉപയോഗിച്ച ഫ്രഞ്ച് പേടകത്തില്‍ മൂന്നുപേര്‍ക്കാണ് ഇരിക്കാന്‍ കഴിയുക. അതില്‍ രണ്ടുപേര്‍ ഫ്രഞ്ചുകാര്‍ ആയിരുന്നു, മൂന്നാമന്‍ നമ്മുടെ നാട്ടുകാരനും. ഇന്ത്യ ഇത്തരം ദൗത്യത്തില്‍ പങ്കെടുക്കുന്നത് ആദ്യം.

ആദ്യത്തെ മുങ്ങല്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ അടുത്ത സ്ഥാനത്തേക്ക് പോയി, അവിടെ ദൗത്യത്തിലെ മറ്റൊരാളാണ് മുങ്ങിയത്. രണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആഴക്കടലില്‍ മുങ്ങിയപ്പോള്‍ മറ്റു മൂന്നുപേര്‍ കപ്പലിലായിരുന്നു. എങ്ങനെയാണ് കടലില്‍ നിന്നും വാഹനം ലോഞ്ച് ചെയ്യുന്നത്, ആഴക്കടലിലെത്താന്‍ എത്ര നേരമെടുക്കും, എന്തൊക്കെയാണ് തയ്യാറെടുപ്പുകള്‍, ആശയവിനിമയം നടക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കിയത് നമ്മുടെ എന്‍ജിനീയറിങ് വിഭാഗത്തിന് സഹായകമാവും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു എന്‍ജിനീയറിങ് രൂപകല്‍പ്പന ഉണ്ടാകുന്നത് എന്നത് സുപ്രധാനമാണ്. അവിടെനിന്നും നേടിയ വ്യത്യസ്ത തലങ്ങളിലെ വിജ്ഞാനം നമ്മുടെ വാഹനത്തില്‍ പ്രയോഗിച്ച് സ്ഥിരീകരിക്കും.

സമുദ്രയാന്റെ പ്രാധാന്യം

placeholder
ഡോ. സേതുരാമന്‍ രമേശ്

ഇത്തരം ദൗത്യങ്ങള്‍ രാജ്യത്തിന്റെ ആഴക്കടല്‍ ശേഷികളെ മെച്ചപ്പെടുത്തും, സാങ്കേതികവിദ്യയെ ശക്തിപ്പെടുത്തും. ഉദാഹരണത്തിന് മുമ്പ് 33 മില്ലിമീറ്റര്‍ കനത്തില്‍ ടൈറ്റാനിയം വെല്‍ഡിങ് നടത്താനുള്ള സാങ്കേതികവിദ്യയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 6,000 മീറ്റര്‍ ആഴത്തില്‍ പോകുന്നതിനുള്ള വാഹനം നമുക്ക് ആവശ്യമായതിനാല്‍ 80 മില്ലിമീറ്റര്‍ കനത്തില്‍ വെല്‍ഡ് ചെയ്യേണ്ടതാണ്. ഐഎസ്ആര്‍ഒയുടെ സഹായത്തോടെ നമുക്കത് ചെയ്യാന്‍ കഴിഞ്ഞു. ഇത്തരം പദാര്‍ത്ഥങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും കടുത്ത സമ്മര്‍ദ്ദങ്ങളെ ചെറുത്തുനില്‍ക്കുന്നതിനും പുറമേ, നിരവധി സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളാനും അവ രാജ്യത്ത് കൊണ്ടുവരാനും കഴിഞ്ഞു. വാഹനത്തില്‍ മനുഷ്യരുള്ളതിനാല്‍ വെല്ലുവിളികള്‍ വളരെ കടുത്തതാണ്. പരാജയത്തിന് സ്ഥാനമില്ല. നമ്മളുപയോഗിക്കുന്ന സാങ്കേതികവിദ്യ അത്രയ്ക്ക് ഗുണനിലവാരവും വിശ്വസിക്കാന്‍ കൊള്ളാവുന്നതും ആയിരിക്കണം. ആ എന്‍ജിനീയറിങ് വിജ്ഞാനവും നമ്മുടെ സംവിധാനത്തിന്റെ ഭാഗമാവുകയാണ്. നാളെ വെള്ളത്തിനടിയില്‍ മനുഷ്യരെ താമസിപ്പിക്കേണ്ട ആവശ്യം വരികയാണെങ്കില്‍..

ഒരു നിമിഷം. ഞാനാദ്യം കേള്‍ക്കുകയാണിത്. വെള്ളത്തിനടിയില്‍ മനുഷ്യരെ താമസിപ്പിക്കുന്നത് നടക്കുന്ന കാര്യമാണോ  

എന്തുകൊണ്ട് പാടില്ല? ചില ദ്വീപുരാഷ്ട്രങ്ങള്‍ അതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം കാരണം സമുദ്രത്തിലെ ജലനിരപ്പുയര്‍ന്ന് ചില ദ്വീപുകള്‍ അപ്രത്യക്ഷമാകാനിടയുണ്ട്. അവര്‍ക്ക് എവിടെയെങ്കിലും ജീവിച്ചല്ലേ മതിയാകൂ. അതിന് ഏതെങ്കിലും തരത്തിലുള്ള ഒരു സംവിധാനം ഉണ്ടാകണം. ബഹിരാകാശ പരീക്ഷണങ്ങളില്‍ സ്‌പേസ് ഡോക്കിംഗ് പോലുള്ള സംവിധാനങ്ങള്‍ പരീക്ഷിക്കുന്നത് പോലെ. ആഴക്കടലില്‍ ആയിരം, രണ്ടായിരം മീറ്റര്‍ താഴ്ച്ചയില്‍ വളരെ ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിയും, അവിടേക്ക് പോയി കുറച്ചുനാള്‍ താമസിച്ച ശേഷം കപ്പലിലേക്ക് തിരിച്ചുവരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകും.

ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് താമസിക്കാന്‍ പാകത്തില്‍ വായുകടക്കാത്ത താമസസൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ വലിയ പണച്ചെലവ് വരില്ലേ  

പണച്ചിലവിന്റെ കാര്യത്തില്‍ എത്ര ആഴത്തിലാണ് താമസിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതു പ്രധാനമാണ്. ഉദാഹരണത്തിന്, പത്തുമീറ്റര്‍ താഴെയാണ് താമസിക്കുന്നതെങ്കില്‍ ഉപരിതലത്തില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കാം. കൂടുതല്‍ ആഴമുണ്ടെങ്കില്‍ ആന്തരികമായി തന്നെ ഓക്‌സിജന്‍ ഏര്‍പ്പെടുത്തേണ്ടിവരും. അടുത്ത ഒരു പത്തിരുപത്, മുപ്പത് വര്‍ഷത്തെ പരിശ്രമവും വിജ്ഞാനവും അത്തരം സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായി വരും. ഏതാണ്, എപ്പോഴാണ് ഉപയോഗപ്പെടുക എന്ന് ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിയില്ല. എന്തായാലും അതെല്ലാം സംബന്ധിച്ച ഒരുപാട് അറിവുകള്‍ സമുദ്രയാന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. അവയില്‍നി്ന്നും നിരവധി തദ്ദേശീയ ഉല്‍പ്പന്നങ്ങളും ഉണ്ടായി വരുന്നുണ്ട്.

ആഴക്കടല്‍ പരിവേഷണത്തില്‍ രാജ്യാന്തരമത്സരം വര്‍ധിക്കുന്നതായി വാര്‍ത്തകളില്‍ കാണുന്നുണ്ട്. സമുദ്രയാന്‍ അതിന്റെ ഭാഗമാണോ

സമുദ്രയാന്‍ ദൗത്യം ഒരു പര്യവേക്ഷണ പദ്ധതിയാണ്, ആഴക്കടലില്‍ പോയി ധാതുവിഭവങ്ങള്‍ ഉണ്ടോ, ഇല്ലയോ എന്ന് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. എവിടെയാണ് ധാതു വിഭവങ്ങള്‍ രൂപപ്പെടുന്നതെന്ന് പരിശോധിക്കാം, അതിന്റെ സാമ്പിളെടുത്ത് പഠിക്കാം. പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂള്‍സ് എന്ന ധാതുനിക്ഷേപങ്ങള്‍ രാജ്യാന്തര സമുദ്രത്തിനു കീഴിലുണ്ട്. രാജ്യങ്ങളുടെ അധികാരപരിധിക്ക് പുറത്താണ് ആഴക്കടലിലെ വിഭവങ്ങള്‍. അത് ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റിയുടെ കീഴിലാണ്. സംഘടനയിലെ ആദ്യകാല നിക്ഷേപകരില്‍ ഇന്ത്യയുണ്ട്. ആഴക്കടല്‍ പര്യവേക്ഷണത്തില്‍ റഷ്യയും ചൈനയും ഫ്രാന്‍സും യുഎസ്സും ജര്‍മ്മനിയും നമ്മളുമൊക്കെ ഏതാണ്ട് ഒരേ ഘട്ടത്തിലാണ് ഉള്ളത്. സമുദ്രത്തിന്റെ അടിത്തട്ടിലെ നിശ്ചിതമേഖലകള്‍ പര്യവേക്ഷണം നടത്താന്‍ വിവിധ രാജ്യങ്ങള്‍ക്കു വീതിച്ചു കൊടുത്തിരിക്കുന്നു. ആഴക്കടലിലെ ധാതുവിഭവങ്ങള്‍ മനുഷ്യരാശിയുടെ പൊതു പൈതൃകസമ്പത്താണ്, ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി ഉള്ളതല്ല. വാണിജ്യവല്‍ക്കരണം ആകാത്തതിനാല്‍ മത്സരമില്ല, ഗവേഷണവും പര്യവേക്ഷണവും മാത്രം.

placeholder
Photo: getty

പോളിമെറ്റാലിക് നോഡ്യൂള്‍ എന്നാല്‍

കൊബാള്‍ട്ട്, നിക്കല്‍, അപൂര്‍വ മൂലകങ്ങള്‍ എന്നിവയുടെ മിശ്രിതമാണത്. മാംഗനീസ്, അയേണ്‍ എന്നിവ അതില്‍ വലിയ ശതമാനമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ ലഭ്യമായ മാംഗനീസും ഇരുമ്പും കടലില്‍നിന്നും ശേഖരിക്കേണ്ട ആവശ്യമില്ല. പക്ഷേ ഇവയ്‌ക്കൊപ്പം കിട്ടുന്ന കൊബാള്‍ട്ടിനും നിക്കലിനും വലിയ ഡിമാന്‍ഡാണ്. ഈ ധാതുവിഭവങ്ങളെല്ലാം അന്താരാഷ്ട്ര സമുദ്രത്തിലാണ് ഉള്ളത്. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റിയുടെ (ഐഎസ്എ) കീഴിലാണത്. അതിനാല്‍ കടലിന്റെ അടിത്തട്ടിലെ വിഭവങ്ങളുടെ ചൂഷണത്തിനും വാണിജ്യാടിസ്ഥാനത്തിലെ ഉപയോഗത്തിനും സമയമെടുക്കും. ഖനനത്തിനുള്ള അനുമതിക്കും അംഗീകാരത്തിനുമൊക്കെ ഒരുപാട് സമയം വേണ്ടിവരും.

ഖനനം ചെയ്യാനുള്ള സാങ്കേതികവിദ്യയും വലിയ വെല്ലുവിളിയാണ്. അന്താരാഷ്ട്ര സമുദ്രത്തില്‍ നിന്നും ഇത്തരത്തില്‍ ധാതു വിഭവങ്ങള്‍ ഖനനം ചെയ്‌തെടുക്കാനുള്ള സാങ്കേതികവിദ്യ ആരും ഇതുവരെ കരസ്ഥമാക്കിയിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്, ഇന്ത്യയും അതില്‍ പങ്കാളിയാണ്. ധാതുക്കള്‍ ഖനനം ചെയ്ത് പാരിസ്ഥിതിക ദോഷഫലങ്ങള്‍ ഇല്ലാതെ സമുദ്രോപരിതലത്തിലേക്ക് സുരക്ഷിതമായി കൊണ്ടുവരുന്നതു സംബന്ധിച്ച നയരൂപീകരണം നടക്കുകയാണ്.

ആഴക്കടല്‍ ഖനനത്തിലെ പാരിസ്ഥിതികാഘാത ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ

തീര്‍ച്ചയായും. ആഴക്കടലാണ് അവസാനത്തെ അതിര്‍ത്തി. വികസനം കാരണം മനുഷ്യന്‍ ഭൂമിയിലെ സ്വന്തം പരിസ്ഥിതിക്ക് വലിയ തോതില്‍ നാശം വരുത്തിക്കഴിഞ്ഞു. പരിസ്ഥിതിലോല മേഖലകള്‍ക്ക് നാശം വരുത്താതെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുവേണം വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍. ആഴക്കടല്‍ ഖനനത്തില്‍ എന്തൊക്കെ സാങ്കേതികവിദ്യകളും സങ്കേതങ്ങളും ഉപയോഗിക്കാം, നിലവിലുള്ള ജൈവവൈവിധ്യം എന്താണ്, അതിനെ അലോസരപ്പെടുത്താനാവുന്നതിന്റെ പരിധി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആഗോളതലത്തില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടായതിനുശേഷം ഖനനത്തിന് നയം ഉണ്ടാക്കാനാവും, അതിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങളും. ആ ജോലി നടന്നുവരികയാണ്.

സമുദ്രയാന്‍ പദ്ധതി നേരിട്ട വെല്ലുവിളികള്‍

സമുദ്രയാന്‍ ആഴത്തെ ആശ്രയിക്കുന്ന സാങ്കേതികവിദ്യയാണ്. നാവികസേനയുടെ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ മാക്‌സിമം 500 മീറ്റര്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആഴക്കടല്‍ ആപ്ലിക്കേഷനില്‍ ആറായിരം മീറ്റര്‍ ആണ്, അവിടെ ബാഹ്യസമ്മര്‍ദ്ദം 600 ബാറാണ്, സാധാരണ അന്തരീക്ഷ സമ്മര്‍ദ്ദത്തിന്റെ 600 ഇരട്ടി. അത് ചെറുക്കാന്‍ ഏതാണ്ട് 80 മില്ലിമീറ്റര്‍ കനമുള്ള ടൈറ്റാനിയം അലോയ് വാഹനമാണ് ഉണ്ടാക്കേണ്ടത്. ഈ പദ്ധതി തുടങ്ങുംമുമ്പ് അതിനുള്ള സാങ്കേതികവിദ്യ നമുക്കുണ്ടായിരുന്നില്ല. എന്തായാലും അത്തരം സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തെത്തുകയാണ്.

രണ്ടു മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റുന്ന, 2.1 മീറ്റര്‍ വ്യാസമുള്ള ഗോളാകൃതിയിലെ ചട്ടക്കൂട് ഉണ്ടാക്കുന്നതായിരുന്നു വെല്ലുവിളികളിലൊന്ന്. ആഴക്കടലില്‍ മുങ്ങുന്നവരും സമുദ്രോപരിതലവുമായി ആശയവിനിമയം സാധ്യമാക്കുന്നതായിരുന്നു മറ്റൊന്ന്. അതിനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. ആ സാങ്കേതികവിദ്യ തദ്ദേശീയമായി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. മറ്റൊന്ന് ഈ വാഹനത്തില്‍ ഉള്ള മനുഷ്യര്‍ക്ക് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം ഒരുക്കലാണ്. ഓക്‌സിജന്‍ ഉള്‍പ്പെടെ എല്ലാം വേണ്ടത് ഈ ചെറിയ വാഹനത്തിനുള്ളിലാണ്. അതിനാല്‍ രൂപകല്‍പ്പന വളരെ പ്രധാനമാണ്. പുറത്തേക്ക് നോക്കാന്‍ അകത്ത് മൂന്ന് വ്യൂ പോര്‍ട്ടുകളുണ്ട്. വെള്ളം പുറത്തുകളയാനുള്ള പമ്പുണ്ടാക്കുന്നതും വലിയ വെല്ലുവിളിയായിരുന്നു.

ഇന്ത്യക്ക് ഏതാണ്ട് 75,000 ചതുരശ്ര കിലോമീറ്ററാണ് അനുവദിച്ചിട്ടുള്ളത്

അതെ. പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകളുടെ പര്യവേക്ഷണത്തിന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യമേഖലയിലെ ഒന്നരലക്ഷം ചതുരശ്രകിലോമീറ്ററാണ് ഇന്ത്യയ്ക്ക് അനുവദിച്ചു കിട്ടിയത്. പര്യവേക്ഷണം കഴിഞ്ഞതിനാല്‍ കിട്ടിയതിന്റെ പകുതിയുടെ നിയന്ത്രണം ഇന്ത്യ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. (അതാണ് ചട്ടം.) ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യ മാത്രമാണ് ഈ മേഖലയില്‍ പര്യവേക്ഷണം നടത്തുന്നത്. ചൈന, പസിഫിക് മഹാസമുദ്രത്തില്‍ ചെയ്യുന്നുണ്ട്. മൗറിഷ്യസ് കടലിനടുത്ത് ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡ് നിക്ഷേപങ്ങളുടെ പര്യവേക്ഷണത്തിനുള്ള ഒരു കരാറും ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. ഈയം, സിങ്ക്, ചെമ്പ് തുടങ്ങിയ ലോഹങ്ങളാല്‍ സമൃദ്ധമാണ് ഈ നിക്ഷേപങ്ങള്‍.

എപ്പോഴാണ് ഇവ കുഴിച്ചെടുക്കാനും വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനും സാധിക്കുക

ഖനനം സംബന്ധിച്ച ചട്ടങ്ങളാകുന്ന മുറയ്ക്ക് അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ വാണിജ്യവല്‍ക്കരണം തുടങ്ങാന്‍ ആകുമെന്നാണ് കരുതുന്നത്. ആരുടെയും സ്വന്തമല്ലാത്തതിനാല്‍ വിഭവങ്ങള്‍ പങ്കുവെക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകേണ്ടതുണ്ട്.

മനുഷ്യരാശിയ്ക്ക് ഉപകരിക്കുന്ന എന്തൊക്കെ അറിവുകളും സാമഗ്രികളും ആണ് ആഴക്കടലില്‍ നിന്ന് നേടാനാവുക

കടുത്ത ജലസമ്മര്‍ദ്ദവും വെളിച്ചമില്ലായ്മയും പോലുള്ള നിരവധി വെല്ലുവിളികള്‍ ഉണ്ടെങ്കിലും ആഴക്കടലില്‍ ജീവജാലങ്ങള്‍ സമൃദ്ധമാണ്.  ഓക്‌സിജനില്ലാതെ മീഥെയ്‌നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവികളെപ്പോലും കണ്ടെത്താനായി. വ്യത്യസ്തമായ തരത്തിലുള്ള സൂക്ഷ്മജീവി പ്രവര്‍ത്തനങ്ങളുമുണ്ട്. അതിന് ഔഷധമൂല്യമുണ്ടാവും. ഇന്ത്യയുടെ ആഴക്കടല്‍ ദൗത്യത്തിലെ നിരവധി പദ്ധതികളില്‍ ഒന്നു മാത്രമാണ് സമുദ്രയാന്‍. മറ്റൊന്ന് ഡീപ് സീ മൈക്രോബിയല്‍ ടെക്‌നോളജിയാണ്. ചികിത്സാരംഗത്ത് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന മേഖല.

ഒരുപാട് ഫണ്ടിങ് ആവശ്യമുള്ള മേഖലയാണ് ആഴക്കടല്‍ ഗവേഷണം. അക്കാദമിക ലോകവും സര്‍ക്കാരുകളും മറ്റുമായുള്ള ഏകോപനം സാധ്യമാക്കുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജി (എന്‍ഐഒടി) വഹിക്കുന്ന പങ്ക്

മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സസിനു കീഴിലെ ഡീപ്പ് ഓഷന്‍ മിഷന്റെ കീഴിലാണ് എന്‍ഐഒടി. രാജ്യത്തെ നിരവധി ഗവേഷണ സ്ഥാപനങ്ങളും ഐഐടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്യൂച്ചറിസ്റ്റിക് കാഴ്ചപ്പാടില്‍ ഈ മേഖലയിലെ ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനായി രാജ്യമെമ്പാടും നൂറുകണക്കിന് പ്രോജക്ടുകള്‍ നല്‍കിയിട്ടുണ്ട്. ഫണ്ടിംഗിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ല, ആവശ്യമുള്ള സൗകര്യങ്ങള്‍ കേന്ദ്രം ലഭ്യമാക്കുന്നു.

ആഴക്കടല്‍ ദൗത്യത്തില്‍ ഏറ്റവും ആവേശംകൊള്ളിക്കുന്ന കാര്യം

ആഴക്കടലിലേക്കുള്ള ഓരോ യാത്രയും ആവേശകരമാണ്. കടലിന്റെ അടിത്തട്ടില്‍ നിന്നെടുക്കുന്ന ഓരോ സാമഗ്രിക്കു പിന്നിലും ആവേശകരമായ ഒരു കണ്ടെത്തല്‍ ഉണ്ടാകും. മനുഷ്യന്‍ നേരിട്ടു പോകുമ്പോള്‍ ഉണ്ടാവുന്ന അനുഭവം വേറെയാണ്. ആഴക്കടലില്‍ മുങ്ങിയ രാജു രമേശും ജെപി സിംഗും  പറഞ്ഞതു പോലെ, ആളില്ലാവാഹനത്തിലെ ക്യാമറകള്‍ വെച്ച് കപ്പലിലിരുന്ന് നമ്മള്‍ കണ്ട ആഴക്കടലല്ല, വാഹനത്തിലെ വ്യൂപോര്‍ട്ട് വഴി കാണുന്ന കടല്‍. അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍ ജീവിക്കുന്ന മീനിനെ സ്വന്തം കണ്ണുകൊണ്ട് നേരിട്ട് കാണാം. സജീവമായ ഹൈഡ്രോതെര്‍മല്‍ ഫ്‌ളൂറൈഡ് വിടവിനകത്തേക്ക് (ധാതുവിഭവങ്ങള്‍ നിറഞ്ഞ തിളയ്ക്കുന്ന ദ്രാവകം കടല്‍വെള്ളവുമായി ചേരുമ്പോള്‍ ഉണ്ടാവുന്ന സള്‍ഫൈഡ് അവക്ഷിപ്തങ്ങള്‍ അടിത്തട്ടിലെ പുകക്കുഴല്‍ പോലുള്ള വിടവുകളിലൂടെ പുറന്തള്ളുകയും ചെയ്യുന്നു) വാഹനം കയറ്റുന്നതും 350 ഡിഗ്രി ചൂടുള്ള പ്രദേശത്ത് ഞണ്ടു പോലുള്ള ജീവികളെ നേരിട്ടു കാണുന്നതുമൊക്കെ അത്യന്തം വിസ്മയകരമാണ്.  

ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണരംഗത്ത് സമുദ്രയാന്‍ ഒരു പുതുയുഗപ്പിറവിയാണോ

തീര്‍ച്ചയായും. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ബഹിരാകാശ ഗവേഷണത്തിന്റെ കാര്യത്തിലെന്നോണം ശ്രദ്ധിക്കപ്പെടുന്ന കാലം ദൂരെയല്ല. ആവേശകരമായ നിരവധി പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകും. ആഴക്കടലിന്റെ കാര്യത്തില്‍ മാത്രമല്ല, ആഴമില്ലാത്ത കടലിന്റെ കാര്യത്തിലും. 20, 25 മീറ്ററിന് താഴേക്ക് മുങ്ങാന്‍ നമുക്ക് കഴിയില്ല, അവിടെ എന്താണെന്ന് നമുക്കറിയില്ല. സ്‌കൂബാ ഡൈവിങ്ങില്‍ പോലും ഒരു പരിധിക്കപ്പുറം നേരം നമുക്ക് മുങ്ങാന്‍ കഴിയില്ല. വാഹനമുണ്ടെങ്കില്‍ നമുക്കത് ഇറക്കി നോക്കാനാവും. ഒരുപാട് പുതിയ റോബോട്ടിക് ടെക്‌നോളജികള്‍ വരാനിരിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍, ആഴക്കടല്‍ സാങ്കേതികവിദ്യകളില്‍ വലിയ നിക്ഷേപങ്ങള്‍ വരും. ആഴക്കടലിനെ കുറിച്ച് പഠിക്കാന്‍ ഒരുപാട് അവസരങ്ങളും വെല്ലുവിളികളും വരുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണ്.