വിവാദ ചുഴിയിൽപ്പെട്ട് ലോകത്തെ മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയ. സിഇഓ ജെൻസൻ ഹുവാങ്ങിന് രണ്ട് സ്ത്രീകളുമായുള്ള ബന്ധം പുറത്തുവരികയും ചൈനീസ് ചാരവൃത്തി ആരോപണമടകകം ടെക് ലോകത്തെ ഉലയ്ക്കുകയും ചെയ്തതോടെയാണിത്. ലോകത്തെതന്നെ എഐ മുന്നേറ്റത്തിന്റെ നെടുതൂണായി എൻവിഡിയ ചിപ്പുകൾ മാറുകയും കമ്പനിയുടെ മൂല്യവും വരുമാനവുമടക്കം കുതിച്ചുയരുകയും ചെയ്ത സമയത്താണിത് എന്നതാണ് ശ്രദ്ധേയം.
ആലീസ് ഹുവാങ് എന്ന ചൈനീസ് യുവതിയുമായുള്ള ബന്ധം ഹുവാങ് തന്നെ തുറന്ന് സമ്മതിക്കുകയും അത് കമ്പനിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആലീസ് ചൈനീസ് ചാരവനിതയാണെന്ന ആരോപണമാണ് എഐ - ടെക് ലോകത്ത് വലിയ കൊടുങ്കാറ്റ് ഉയർത്തിയത്. പിന്നാലെ എൻവിഡിയയുടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലപമായുള്ള ഹുവാങ്ങിന്റെ ബന്ധവും പുറത്തുവന്നു. ഇതോടെയാണ് കമ്പനി ഹുവാങ്ങിനെ സിഇഓ സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. കമ്പനിയുടെ തലപ്പുത്തുനിന്ന് ഹുവാങ്ങിനെ നീക്കുക അത്ര എളുപ്പമാകില്ല. ഹുവാങ്ങിന് പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതും എൻവീഡിയ ഡയറക്ടർ ബോർഡിന് കടുത്ത തലവേദന സൃഷ്ടിക്കും.
അരാവും ജെൻസൻ ഹുവാങ്ങിന്റെ പിൻഗാമി
ഇയാൻ ബക്ക്
എൻവിഡിയയുടെ അടുത്ത സിഇഒ ആകാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി കണക്കാക്കപ്പെടുന്നത് ഇയാൻ ബക്ക് ആണ്. എൻവിഡിയയിൽ 22 വർഷത്തെ പ്രവർത്തന പരിചയമുള്ള ബക്ക് കമ്പനിയുടെ ഗ്രാഫിക്സ് പ്രോസസ്സറുകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉപയോഗിക്കുന്ന ശക്തമായ കമ്പ്യൂട്ടിങ് ചിപ്പുകളാക്കി മാറ്റാൻ സഹായിച്ച 'CUDA' സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
നിലവിൽ എൻവിഡിയയുടെ ഡാറ്റാ സെന്റർ, കമ്പ്യൂട്ടിങ് ബിസിനസുകളുടെ തലവനാണ്. എൻവിഡിയയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ഡാറ്റാ സെന്ററുകളിൽ നിന്നാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്ന ബിസിനസാണ് ബക്ക് നിലവിൽ കൈകാര്യം ചെയ്യുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കൊലെറ്റ് ക്രെസ്.
ചർച്ചകളിൽ സജീവമായി ഉയർന്നുകേൾക്കുന്ന മറ്റൊരു പേരാണ് കൊലെറ്റ് ക്രെസ്. എൻവിഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അവർ കഴിഞ്ഞ 13 വർഷമായി കമ്പനിക്കൊപ്പമുണ്ട്. എൻവിഡിയയിൽ ചേരുന്നതിന് മുമ്പ് സിസ്കോയിലും മൈക്രോസോഫ്റ്റിലും സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഹുവാങ് കഴിഞ്ഞാൽ എൻവിഡിയയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന എക്സിക്യൂട്ടീവുകളിൽ ഒരാളാണ്. അവർ ഇടക്കാല സിഇഒ ആയി ചുമതലയേറ്റേക്കാം എന്ന് കരുതപ്പെടുന്നു. എന്നാൽ ക്രെസിന് എഞ്ചിനീയറിങ് പശ്ചാത്തലത്തേക്കാൾ ധനകാര്യ പശ്ചാത്തലമാണുള്ളത് എന്നത് അവരുടെ സാധ്യത മങ്ങിപ്പിച്ചേക്കാം എന്നും വിലയിരുത്തപ്പെടുന്നു.
മാഡിസൻ ഹുവാങ്
ജെൻസൻ ഹുവാങ്ങിന്റെ മകളായ മാഡിസൻ ഹുവാങ്ങും ഭാവി സിഇഓ ആയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഫിസിക്കൽ എഐയുടെ (physical AI) പ്രൊഡക്റ്റ് മാർക്കറ്റിങ് സീനിയർ ഡയറക്ടറായിഎൻവിഡിയയിൽ ജോലി ചെയ്യുകയാണ് അവർ. എൻവിഡിയയുടെ ബിസിനസ്സുകളിൽ മാഡിസൻ കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകളെയാണ് ഇത് വിലയിരുത്തപ്പെടുന്നത്. അവരുടെ സഹോദരൻ സ്പെൻസറും എൻവിഡിയയിൽ ജോലി ചെയ്യുന്നുണ്ട്.
എൻവിഡിയയ്ക്ക് പുറത്തുനിന്ന് പുതിയ സിഇഓ എത്തുമോ?
നിലവിലുള്ള നേതൃത്വത്തിന് പുറത്തുള്ള ഒരാളെയും എൻവിഡിയ പരിഗണിച്ചേക്കാം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ, ആമസോൺ വെബ് സർവീസസ് സിഇഒ മാറ്റ് ഗാർമാൻ എന്നിവരെ കമ്പനിക്ക് പുറത്തുനിന്ന് പുതിയ സിഇഓ ആയി എത്താൻ സാധ്യതയുള്ളവരായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പുറത്തുനിന്നുള്ള ഒരാൾ നിയമിക്കപ്പെട്ടാൽ അത് എൻവിഡിയയുടെ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു വ്യതിചലനം കൂടിയായിരിക്കും.
ലിസ സു
ചിപ്പ് രംഗത്തെ എൻവിഡിയയുടെ എതിരാളിയായ എഎംഡിയെ (AMD) നയിക്കുന്നത് ലിസ സു ആണ്. ഹുവാങ്ങിന്റെ അകന്ന ബന്ധുവാണ് അവർ. സു എത്തുന്നതോടെ വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ എൻവിഡിയയ്ക്ക് കഴിയുമെന്ന് കണക്കുകൂട്ടുന്നവരുണ്ട്.
എറിക് ഷ്മിഡ്ട്
(2001 മുതൽ 2011 വരെ ഗൂഗിളിനെ നയിച്ച വ്യക്തിയാണ് അദ്ദേഹം. 2018 മുതൽ 2021 വരെ നാഷണൽ സെക്യൂരിറ്റി കമ്മീഷൻ ഓൺ എഐയുടെ അധ്യക്ഷനായിരുന്നു. ഇപ്പോൾ റോക്കറ്റ് കമ്പനിയായ റിലേറ്റിവിറ്റി സ്പേസ് നടത്തുന്നു. ചിപ്പുകൾ, സോഫ്റ്റ്വെയർ, റോക്കറ്റ് എന്നീ രംഗങ്ങളിൽ പ്രവർത്തി പരിചയമുണ്ട്. എന്നാൽ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹത്തിന് തിരിച്ചടിയാകും. ആ കാരണത്താൽ എൻവിഡിയ ബോർഡ് അദ്ദേഹത്തിന് പച്ചക്കൊടി കാണിക്കാനിടയില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
ലിപ്-ബു ടാൻ
ഇന്റലിന്റെ സിഇഒ ആയ അദ്ദേഹത്തിന്റെ പേരും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ചിപ്പുകളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം എന്നതാണ് അദ്ദേഹത്തിന്റെ സാധ്യതയായി വിലയിരുത്തപ്പെടുന്നത്. മുൻ സെയിൽസ്ഫോഴ്സ് സഹ-സിഇഒയും ഓപ്പൺഎഐ ബോർഡ് ചെയർമാനുമായ ബ്രെറ്റ് ടെയ്ലറുടെ പേരും എൻവിഡിയ നേതൃസ്ഥാനത്തേക്ക് പലരും ഉയർത്തിക്കാട്ടുന്നുണ്ട്.
Content Highlights: Nvidia board prepares to decide Jensen Huang's future following personal controversies., Internal candidates include Ian Buck, Colette Kress, and Madison Huang., External candidates like Thomas Kurian, Matt Garman, and Eric Schmidt are also discussed., Replacing Huang's centralized influence and technical expertise poses a massive challenge for Nvidia.
Published: 12 Nov 2026, 12:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented