വാഷിങ്ടൺ: ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി, കമ്പനിക്ക് ശ്രദ്ധേയമായ കുതിപ്പും സാമ്പത്തിക നേട്ടവും നൽകിയ സി.ഇ.ഒ. ഹുവാങ്ങിന്റെ നേതൃത്വത്തിൽ എൻവിഡിയയുടെ ഓഹരി മൂല്യം ഏഴു ലക്ഷം ശതമാനത്തിലധികം (700,000%) വർധനവാണ് രേഖപ്പെടുത്തിയത്. ഇത്തരത്തിൽ ആഗോളതലത്തിൽ പ്രസിദ്ധി നേടിയ ഒരു ബിസിനസുകാരൻ ഒറ്റനിമിഷത്തിൽ കുപ്രസിദ്ധിയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ സാധിച്ചത്.
1993-ൽ എൻവിഡിയ സ്ഥാപിച്ചതു മുതൽ കമ്പനിയുടെ ഏക സി.ഇ.ഒ. ആണ് ജൻസൻ ഹുവാങ്. ആലീസ് ഹുവാങ് എന്ന ചൈനീസ് വനിതയുമായുള്ള ഹുവാങ്ങിന്റെ ബന്ധവും ആലീസ് ചൈനീസ് ചാരവനിതയാണെന്നുള്ള യു.എസ്. ഇന്റലിജൻസിന്റെ കണ്ടെത്തലും വിവാദമായി കത്തി നിൽക്കുമ്പോഴാണ് മറ്റൊരു ബന്ധം സംബന്ധിച്ച റിപ്പോർട്ട് 'ന്യൂയോർക്ക് ടൈംസ്' പുറത്തുവിട്ടത്. എൻവിഡിയയുടെ ഹെൽത്ത്കെയർ വിഭാഗം വൈസ് പ്രസിഡന്റായ കിംബർലി പവലുമായി ഹുവാങ്ങിന് ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിലെ സാൻ ജോസിലുള്ള ഹോട്ടലിൽ ഇരുവരും അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ഒരാൾ പകർത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
കമ്പ്യൂട്ടർ ചിപ്പ് ഭീമന്മാരായ എൻവിഡിയയുടെ ഹെൽത്ത്കെയർ വിഭാഗം വൈസ് പ്രസിഡന്റായ കിംബർലി പവൽ 2008-ൽ ഒരു ഡയറക്ടറായാണ് കമ്പനിയിൽ പ്രവേശിക്കുന്നത്. എൻവിഡിയയുടെ കമ്പ്യൂട്ടർ ചിപ്പുകൾ ഹെൽത്ത്കെയർ മേഖലയിൽ ഉപയോഗിക്കാനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞാണ് പവൽ കമ്പനിയിലേക്ക് എത്തുന്നത്. തുടക്കത്തിൽ മെഡിക്കൽ ഇമേജിങിൽ എൻവിഡിയയുടെ എഐ ചിപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവർ, 2016-ൽ സീനിയർ ഡയറക്ടറായും 2017-ഓടെ ഹെൽത്ത്കെയർ വൈസ് പ്രസിഡന്റായും ഉയർന്നു. മെഡിക്കൽ ഇമേജിങ്, ലൈഫ് സയൻസസ്, മരുന്ന് കണ്ടെത്തൽ എന്നിവയുമായി ബന്ധപ്പെട്ട കമ്പനിയുടെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വിഭാഗങ്ങൾക്ക് പവൽ നേതൃത്വം നൽകി.
ജൻസൻ ഹുവാങ്ങുമായി 18 വർഷത്തിലേറെയായി പവൽ ഒന്നിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിടുന്ന ഗവേഷകരെ സഹായിക്കുകയെന്ന ഹുവാങ്ങിന്റെ താല്പര്യവും ആഗ്രഹങ്ങളുമാണ് തനിക്ക് പ്രചോദനമായതെന്ന് പവൽ മുമ്പ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആഗോള എഐ വിപ്ലവത്തിന് മുന്നിൽ നിന്ന ടെക് ഭീമന്റെ കോർപ്പറേറ്റ് മുറികളിൽ പവലും ഹുവാങ്ങും തമ്മിൽ വളർന്നുവന്ന വ്യക്തിബന്ധം പിന്നീട് കമ്പനിയെത്തന്നെ പിടിച്ചുകുലുക്കുന്ന വാർത്തയായി മാറുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന എൻവിഡിയയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിനിടെ ഒരു ഹോട്ടലിൽ ഹുവാങ്ങും പവലും അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അഞ്ച് മുൻ എൻവിഡിയ ജീവനക്കാരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ, ഇരുവരുടെയും ബന്ധം വീഡിയോയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഹുവാങ്ങിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് വീഡിയോയിൽ പകർത്തിയ വ്യക്തിയെ മാറ്റിനിർത്തിയതായും, പിന്നീട് ആ വ്യക്തിക്ക് നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെന്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
കിംബർലി പവലുമായി സി.ഇ.ഒ പുലർത്തിയ ഈ ബന്ധം കമ്പനിയുടെ കോർപ്പറേറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്ന ചോദ്യങ്ങൾ ഉയർന്നു. ആലീസ് ഹുവാങുമായിട്ടുണ്ടായിരുന്ന ബന്ധവും, അതിലൂടെ എൻവിഡിയയുടെ എഐ ചിപ്പ് വിവരങ്ങൾ ചൈനയിലേക്ക് ചോർന്നുവെന്ന യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ സംശയവും കമ്പനിക്ക് വലിയ ഭീഷണിയായി നിലനിൽക്കെയാണ് രണ്ടാമത്തെ ബന്ധത്തിന്റെ വിവരങ്ങളും പുറത്തുവരുന്നത്.
സി.ഇ.ഒയുടെ കോർപ്പറേറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങളും വ്യക്തിബന്ധങ്ങളും പുറത്തുവന്നതോടെ, ജൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ എൻവിഡിയയുടെ ഡയറക്ടർ ബോർഡ് തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചു. ബോർഡ് സ്വതന്ത്ര അന്വേഷണവും പുറത്തുനിന്നുള്ള ഏജൻസി വഴി പുതിയ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചതോടെ വിപണിയിൽ കടുത്ത ആശങ്ക പടർന്നു. ഹുവാങ്ങിനെ പുറത്താക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി മൂല്യം 8 ശതമാനത്തോളം ഇടിയുകയും ഒരൊറ്റ ആഴ്ചയിൽ 60,000 കോടി യു.എസ് ഡോളറിലധികം നഷ്ടം സംഭവിക്കുകയും ചെയ്തു.
Published: 12 Nov 2026, 10:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented