
ആശയവിനിമയ സാങ്കേതികവിദ്യകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭൂഖണ്ഡങ്ങളാലും രാജ്യാതിര്‍ത്തികളാലും സംസ്‌കാരം കൊണ്ടും ഭാഷകളാലും വിഭജിച്ചുകിടന്ന ലോകജനതയെ പരസ്പരം ബന്ധിപ്പിച്ചത് ആശയവിനിമയ സാങ്കേതിക വിദ്യകളുടെ ഇക്കാലമത്രയും കണ്ട അതിശയകരമായ വികാസമാണ്. അതിവേഗ ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇന്ന് നമ്മളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നത്. ലോകത്തെവിടെ ആയാലും പ്രിയപ്പെട്ടവര്‍ നമ്മുടെ തൊട്ടടുത്തുള്ളത് പോലെ ഒരു വിളിപ്പുറത്ത് ലഭ്യമാകുന്ന കാലം.
വിവരക്കൈമാറ്റത്തില്‍ കത്തെഴുത്തുകളുടെ കാലതാമസം ഇല്ലാതാക്കിയത് ടെലിഫോണുകളുടെ വരവാണ്. ആ ഫോണ്‍വിളി സാങ്കേതികവിദ്യ ഇന്ന് സ്മാര്‍ട്‌ഫോണുകളില്‍ എത്തിനില്‍ക്കുന്നു. ശബ്ദത്തിലൂടെ മാത്രമല്ല ദൂരെയുള്ളവരുമായി സ്‌ക്രീനില്‍ പരസ്പരം കണ്ട് തത്സമയം സംസാരിക്കാന്‍ ഇന്ന് നമുക്കാവും. 2ജിയും 3ജിയും 4ജിയും കടന്ന് 5ജിയിലെത്തിയപ്പോള്‍ കയ്യിലിരുന്ന ഫോണിന് എത്രത്തോളം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് എൺപതുകൾക്ക് ശേഷം ജനിച്ചവര്‍ ഇക്കാലമത്രയും കണ്ടും അനുഭവിച്ചുമറിഞ്ഞതാണ്.
ആ മാറ്റങ്ങള്‍ തുടരുകയാണ്, ഫോണ്‍ വിളിയുടെ ഇത്രയും നാളത്തെ അനുഭവത്തെ അടിമുടി മാറ്റാന്‍ ശേഷിയുള്ള പുതിയൊരു ഫോണ്‍വിളി സാങ്കേതിക വിദ്യ ലോകത്താദ്യമായി പരീക്ഷിച്ചിരിക്കുകയാണ് ടെലികമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യാ സ്ഥാപനമായ നോക്കിയ. ഫോണ്‍ വിളികള്‍ കൂടുതല്‍ ഗുണമേന്മയുള്ളതാക്കുന്ന 3ജിപിപി ഐവാസ് (3ജിപിപി ഇമ്മേഴ്‌സീവ് വോയ്‌സ് ആന്റ് ഓഡിയോ സര്‍വീസസ്) കൊഡെക് ഉപയോഗിച്ചുള്ള സെല്ലുലാര്‍ ഫോണ്‍ വിളിയാണ് നോക്കിയ ജൂണ്‍ ആദ്യവാരം പരീക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ഏതെല്ലാം സാങ്കേതിക വിദ്യകളാണ് ഇതുവരെ ഫോണ്‍ വിളിക്കായി നമ്മളെല്ലാം ഉപയോഗപ്പെടുത്തിയിരുന്നതെന്ന് നോക്കാം.
ബെല്ലടിച്ച് തുടക്കം
സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ആണ് ടെലിഫോണ്‍ കണ്ടുപിടിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. 1876 ലെ ആ വിപ്ലവകരമായ കണ്ടെത്തലാണ് എല്ലാത്തിനും തുടക്കം. ഗ്രഹാംബെലിന്റെ ടെലിഫോണ്‍ സാങ്കേതിക വിദ്യ കൂടുതല്‍ വലുതായി വിന്യസിക്കപ്പെട്ടു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും വീടുകളെയും കെട്ടിടങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിള്‍ ശൃംഖലയും സ്ഥാപിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കോപ്പര്‍ കേബിളുകളിലൂടെ അനലോഗ് വോയ്‌സ് ഡാറ്റ കൈമാറുന്ന പബ്ലിക്ക് സ്വിച്ച്ഡ് ടെലിഫോണ്‍ നെറ്റ് വര്‍ക്ക് (പിഎസ്ടിഎന്‍) വ്യാപകമായത്. ലോകത്തെവിടെയിരുന്നും ഫോണില്‍ സംസാരിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചു. നമ്മുടെ നാട്ടില്‍ ബിഎസ്എന്‍എലും ടെലിഫോണ്‍ ശൃംഖല സ്ഥാപിച്ചത് പിഎസ്ടിഎന്നിലൂടെ ആയിരുന്നു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെയും ടെലിഫോണ്‍ കേബിളുകളുടെയും വലിയൊരു ശൃംഖലതന്നെ രാജ്യത്തുടനീളം അക്കാലത്ത് സ്ഥാപിക്കപ്പെട്ടിരുന്നു.
പിന്നീട് ഇന്റഗ്രേറ്റഡ് സര്‍വീസസ് ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് (ഐഎസ്ഡിഎന്‍) കൂടി രംഗപ്രവേശം ചെയ്തതോടെ പിഎസ്ടിഎന്‍ നെറ്റ്വര്‍ക്കിലുടെ തന്നെ ശബ്ദവും വീഡിയോയും ഡാറ്റയും കൈമാറാമെന്ന സ്ഥിതി വന്നു. 1990 കളുടെ അവസാനത്തിലും 2000 ന്റെ തുടക്കത്തിലും ബ്രോഡ്ബാന്റ് സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയത് ഐസ്ഡിഎന്നിന്റെ സഹായത്തോടെയാണ്. ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായി ബിഎസ്എന്‍ലും എംടിഎന്‍എലുമാണ് ഇന്ത്യയില്‍ ആദ്യം ഐഎസ്ഡിഎന്‍ അവതരിപ്പിച്ചത്. അതിവേഗ വിവരക്കൈമാറ്റം ആവശ്യമായ വാണിജ്യ ഉപഭോക്താക്കളായിരുന്നു ഇതിന് അന്നുണ്ടായിരുന്നത്. പിന്നീട് ഐഎസ്ഡിഎന്നിനെ മറികടന്ന് ഫൈബര്‍ ഒപ്റ്റിക്‌സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതികവിദ്യകൾ വന്നു.
പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus
സെല്ലുലാര്‍ സാങ്കേതികവിദ്യകള്‍
ആശയവിനിമയ സാങ്കേതിക വിദ്യാ രംഗത്ത് പുത്തന്‍ യുഗത്തിന്റെ തുടക്കമാണ് സെല്ലുലാര്‍ സാങ്കേതികവിദ്യകളുടെ വരവോടെ സംഭവിച്ചത്. 1980 കളിലാണ് ഇത്. വയറുകളില്ലാതെ അന്തരീക്ഷത്തിലൂടെ റേഡിയോ തരംഗങ്ങളിലൂടെ ഫോണ്‍ വിളിക്കാനും വിവരങ്ങള്‍ കൈമൈറാനും സെല്ലുലാര്‍ സാങ്കേതികവിദ്യയിലൂടെ സാധിച്ചു.
1ജി മുതല്‍ 5ജി വരെയുള്ള പരിണാമം സെല്ലുലാര്‍ സാങ്കേതികവിദ്യയ്ക്കുണ്ടായിട്ടുണ്ട്. അനലോഗ് സിഗ്നലുകളാണ് 1ജിയില്‍ ഉപയോഗിച്ചിരുന്നത്. ഒട്ടേറെ പരിമിതികള്‍ ഉണ്ടായിരുന്ന ഈ സാങ്കേതികവിദ്യയുടെ പ്രധാന നേട്ടം രണ്ട് പേര്‍ക്ക് നിശ്ചിത ദൂരത്തിരുന്ന് വയറുകളുടെ സഹായത്തോടെയല്ലാതെ പരസ്പരം സംസാരിക്കാന്‍ സാധിക്കും എന്നതായിരുന്നു. എന്നാല്‍ യാതൊരു വിധ സ്വകാര്യതയും ഇതിനുണ്ടായിരുന്നില്ല. ഡാറ്റയോ ടെക്‌സ്‌റ്റോ ചിത്രങ്ങളോ ഒന്നും ഇതുവഴി കൈമാറ്റ് ചെയ്യപ്പെടുമായിരുന്നില്ല.
എന്നാല്‍ 1ജിയില്‍ നിന്ന് 2ജിയിലേക്കുള്ള മാറ്റം സുപ്രധാനപ്പെട്ട ഒന്നായിരുന്നു. അനലോഗില്‍ നിന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റമായിരുന്നു അത്. 2ജി വന്നതോടെ കൂടുതല്‍ സാധ്യതകള്‍ തുറന്നു. കൂടുതല്‍ വ്യക്തതയുള്ള ഫോണ്‍ വിളികള്‍ക്കൊപ്പം എസ്എംഎസ് സേവനങ്ങള്‍ വഴി ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കാനും, ചിത്രങ്ങളും ഇമെയിലുകളും അയക്കാനും സാധിച്ചു. ജിഎസ്എം, സിഡിഎംഎ സാങ്കേതികവിദ്യകള്‍ 2ജി നെറ്റ്വർക്കില് പ്രവര്‍ത്തിച്ചു.
മെച്ചപ്പെട്ട മള്‍ട്ടിമീഡിയാ സേവനങ്ങളും, ബ്രോഡ്ബാന്റ് സേവനങ്ങളും അതിവേഗ ഡാറ്റയുമെല്ലാം അടിസ്ഥാനമാക്കിയാണ് 3ജിയും 4ജിയുമെല്ലാം രംഗപ്രവേശം ചെയ്തത്. സെല്ലുലാര്‍ സാങ്കേതികവിദ്യ ഓരോ തവണ പരിഷ്‌കരിക്കപ്പെട്ടപ്പോഴും അധിവേഗ ഇന്റര്‍നെറ്റും അത് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ലഭ്യമായി.
ഇതോടൊപ്പം തന്നെ 1990 കളില്‍ വോയ്‌സ് ഓവര്‍ ഐപി സേവനങ്ങളും 2000ന് ശേഷം വൈഫൈ കോളിങ് സാങ്കേതികവിദ്യയും രംഗപ്രവേശം ചെയ്തിരുന്നു. സ്‌കൈപ്പും ഗൂഗിള്‍ മീറ്റുമെല്ലാം വോയ്‌സ് ഓവര്‍ ഐപി സേവനങ്ങളാണ്. ഇന്ന് പല ടെലികോം സേവനദാതാക്കളും തടസമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി വോയ്‌സ് ഓവര്‍ വൈഫൈ സൗകര്യവും ലഭ്യമാക്കുന്നുണ്ട്.
ഫോണ്‍വിളി മെച്ചപ്പെടുത്തുന്ന കോഡെക്കുകള്‍
ആശയവിനിമയ സാങ്കേതികവിദ്യയില്‍ ഇതുവരെയുണ്ടായ വികാസമാണ് മുകളില്‍ വളരെ ചുരുക്കി വിവരിച്ചത്. ഫോണിലൂടെ സംസാരിക്കുമ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള ശബ്ദം കേള്‍ക്കുക, ലേറ്റന്‍സി അഥവാ താമസമില്ലാതെ തന്നെ നമ്മുടെ ശബ്ദം മറുവശത്തുള്ളയാളും അയാളുടെ ശബ്ദം നമ്മളും കേള്‍ക്കുതും ഗുണമേന്മയുള്ള ചിത്രങ്ങളും വീഡിയോകളും അയക്കുന്നതും വീഡിയോ കോള്‍ ചെയ്യുന്നതുമെല്ലാം സാധ്യമായത് മുകളിലെ ആശയവിനിമയ സാങ്കേതികവിദ്യകള്‍ ആധുനികവത്കരിച്ചതിലൂടെയാണ്.
ഇതില്‍ ഫോണ്‍കോളില്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന 3ജിപിപി ഐവാസ് പുതിയ കോഡെക് (Codec) ആണ് നോക്കിയ ആദ്യമായി പരീക്ഷിച്ചത്. കോഡെക് എന്നാല്‍ 'കോഡര്‍ ആന്റ് ഡീകോഡര്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്. നമ്മുടെ ശബ്ദത്തെ റേഡിയോ തരംഗങ്ങളിലൂടെ മറ്റൊരിടത്തേക്ക് അയക്കാനാകും വിധം കോഡിങ് ചെയ്യുന്നതും വീണ്ടും തിരിച്ച് ഡീകോഡിങ് ചെയ്യുന്നതും ഈ കൊഡെക് സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ്.
ജിഎസ്എം സ്റ്റാന്റേര്‍ഡില്‍ ഉപയോഗിച്ചിരുന്ന ഫുള്‍ റേറ്റ് (എഫ്ആര്‍), എന്‍ഹാന്‍സ്ഡ് ഫുള്‍ റേറ്റ് (എഎഫ്ആര്‍), അഡാപ്റ്റീവ് മള്‍ട്ടി റേറ്റ് (എഎംആര്‍) എന്നിവയും എല്‍ടിഇ നെറ്റ്വര്ക്കുകളില് ഉപയോഗിക്കുന്ന അഡാപ്റ്റീവ് മള്‍ടി റേറ്റ് വൈഡ്ബാന്റ് (എഎംആര്‍-ഡബ്ല്യുബി) കൊഡെക്കും സിഡിഎംഎ സ്റ്റാന്റേര്‍ഡില്‍ ഉപയോഗിക്കുന്ന വേര്യബിള്‍ റേറ്റ് കൊഡെക് (ക്യുസിഎല്‍പി, എന്‍ഹാന്‍സ്ഡ് വേര്യബിള്‍ റേറ്റ് കൊഡെക് (ഇവിആര്‍സി) എന്നിവയും വോയ്‌സ് ഓവര്‍ ഐപി കോളുകള്‍ അഥവാ ഇന്റര്‍നെറ്റ് കോളുകള്‍ ചെയ്യുന്ന ആപ്പുകളില്‍ ഉപയോഗിക്കുന്ന ഓപ്പസ് കോഡെക്കും ഇപ്പോള്‍ ഉപയോഗത്തിലുള്ള എല്‍ടിഇ 5ജി നെറ്റ് വര്‍ക്കുകളില്‍ ഉപയോഗിക്കുന്ന എന്‍ഹാന്‍സ്ഡ് വോയ്‌സ് സര്‍വീസസ് കൊഡെക്കും (ഇവിഎസ്)
അത്തരം സാങ്കേതികവിദ്യകളാണ്. ഇതില്‍ ഇവിഎസ് കൊഡെക്കില്‍ എത്തിയപ്പോഴേക്കും ഫോണ്‍ കോളുകളുടെ ശബ്ദത്തിന്റെ ഗുണമേന്മ വലിയ രീതിയില്‍ മെച്ചപ്പെട്ടു.
നോക്കിയ ആദ്യമായി പരീക്ഷിച്ച 3ജിപിപി ഐവാസ് (3ജിപിപി ഇമ്മേഴ്‌സീവ് വോയ്‌സ് ആന്റ് ഓഡിയോ സര്‍വീസസ്) കൊഡെക്
മുകളില്‍ പറഞ്ഞ കൊഡെക്കുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഫോണ്‍വിളി അനുഭവം തരുന്ന ഒന്നായിരിക്കും തങ്ങള്‍ പരീക്ഷിച്ച 3ജിപിപി ഐവാസ് (3ജിപിപി ഇമ്മേഴ്‌സീവ് വോയ്‌സ് ആന്റ് ഓഡിയോ സര്‍വീസസ്) കൊഡെക് (3GPP IVAS) എന്നാണ് നോക്കിയ പറയുന്നത്. നോക്കിയയുടെ സിഇഒ പെക്ക ലണ്ട്മാര്‍ക്കാണ് 3ജിപിപി ഐവാസ് സാങ്കേതികവിദ്യയില്‍ ആദ്യത്തെ ഫോണ്‍വിളി നടത്തിയത്. 1991ല്‍ ആദ്യമായി 2ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫോണ്‍വിളി നടത്തുമ്പോള്‍ മുറിയിലുണ്ടായിരുന്ന വ്യക്തിയാണ് ലണ്ട്മാര്‍ക്ക്. ഫിന്‍ലന്‍ഡ് ഡിജിറ്റലൈസേഷന്‍ ആന്റ് ന്യൂ ടെക്നളോജീസ് അംബാസഡര്‍ സ്റ്റീഫന്‍ ലിന്റ്സ്റ്റോമുമായാണ് പെക്ക ലണ്ട്മാര്‍ക്ക് ഫോണില്‍ സംസാരിച്ചത്. 5ജി നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ച സാധാരണ സ്മാര്‍ട്ട്ഫോൺ ഉപയോഗിച്ചാണ് നോക്കിയ ഫോണ്‍ കോള്‍ പരീക്ഷിച്ചത്.
ഐവാസ് കോഡെക്ക് പബ്ലിക്ക് കൊളാബൊറേഷന്‍ ഫ്രെയിം വര്‍ക്കിന് കീഴിലുള്ള 13 കമ്പനികള്‍ ഉള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യമാണ് 3ജിപിപി ഐവാസ് കോഡെക് സ്റ്റാന്റേര്‍ഡ് വികസിപ്പിച്ചത്. അതില്‍ മുന്‍നിരയിലുള്ള കമ്പനികളിലൊന്നാണ് നോക്കിയ. ഐവാസ് സ്റ്റാന്റേര്‍ഡിന്റെ സുപ്രധാന സാങ്കേതികവിദ്യാ സംഭാവനകളില്‍ മിക്കതും നോക്കിയയുടേതാണ്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ്‍ സംഭാഷണങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് നോക്കിയ പറയുന്നു.
നിലവിലുള്ള ഫോണ്‍വിളികളെല്ലാം മോണോഫോണിക് ആണ്. മാത്രവുമല്ല ശബ്ദം കംപ്രസ് ചെയ്യുകയും ശബ്ദത്തിന്റെ വിശദാംശങ്ങള്‍ ഒരു പരിധിവരെ നഷ്ടമാവുകയും ചെയ്യും. എന്നാല്‍ ഉയര്‍ന്ന ബാന്റ് വിഡ്ത് പിന്തുണയ്ക്കുന്നതിനാല്‍ കൂടുതല്‍ ശബ്ദതരംഗങ്ങളെ കൈകാര്യം ചെയ്യാന്‍ ഐവാസ് കൊഡെക്കിന് സാധിക്കും. ത്രിഡി ശബ്ദാനുഭവമാണ് ഇതുവഴി ലഭിക്കുക. അതായത്, ഐവാസ് കൊഡെക്ക് ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്‌ഫോണുകളിലും, പിസികളിലും, ടാബിലുമെല്ലാം തത്സമയ 'സ്‌പേഷ്യല്‍ ഓഡിയോ അനുഭവം' ലഭിക്കും. കേള്‍ക്കുന്ന ശബ്ദം ഏത് ദിശയില്‍ നിന്ന് വരുന്നുവെന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കും. വോയ്‌സ് കോളിലോ വീഡിയോ കോളിലോ സംസാരിക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് സംസാരിക്കുന്നതിന് സമാനമായ ശബ്ദാനുഭവമായിരിക്കും ഇരുവര്‍ക്കും ലഭിക്കുക.
സാധാരണ ഫോണ്‍ വിളികള്‍ക്ക് പുറമെ, ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങളിലും ഐവാസ് കോഡെക് ഉപയോഗപ്പെടും. ആപ്പിള്‍ വിഷന്‍ പ്രോ, മെറ്റയുടെ ക്വെസ്റ്റ് പോലുള്ള വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ കൂടുതല്‍ അത്യാധുനികമായിക്കൊണ്ടിരിക്കുകയാണ്. സ്‌പേഷ്യല്‍ ഓഡിയോ വഹിക്കാന്‍ ശേഷിയുള്ളതിനാല്‍ ഓഗ്മെന്റഡ് റിയാലിറ്റി സംഭാഷണങ്ങളിലെ ശബ്ദാനുഭവം മെച്ചപ്പെടുത്താന്‍ ഐവാസ് കൊഡെക്കിന് സാധിക്കും. ഇതിന് പുറമെ ഗെയിമിങ് ഉള്‍പ്പടെ പലവിധ ആവശ്യങ്ങളില്‍ ഈ കൊഡെക് പ്രയോജനപ്പെടും.
ഇന്ന് സ്മാര്‍ട്ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണി ശബ്ദം അവതരിപ്പിച്ചതിനുശേഷം തത്സമയ വോയ്സ് കോളിങ് അനുഭവം മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യയിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായാണ് ഐവാസ് കൊഡെക്കിനെ വിലയിരുത്തുന്നത്.
5ജി സാങ്കേതികവിദ്യ ആഗോളതലത്തില്‍ ശക്തി ആര്‍ജിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ശബ്ദ സേവനങ്ങള്‍ക്കുള്ള ആവശ്യവും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ഉപകരണങ്ങള്‍ക്കും കൂടുതല്‍ പ്രചാരം ലഭിക്കുന്നതോടെ മികച്ച ശബ്ദാനുഭവം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറും. ആ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 3ജിപിപി ഐവാസ് കൊഡെക്കിന് നിര്‍ണായക പങ്കുവഹിക്കാനാവുമെന്ന് മാത്രമല്ല ഐവാസ് കൊഡെക് ഭാവിയിലെ ടെലികമ്മ്യൂണിക്കേഷന്‍, മള്‍ടിമീഡിയാ രംഗത്തെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്യും.
Content Highlights: nokia ivas codec details
Published: 24 Jun 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented