
ട്രംപിന്റെ സ്ഥാനാരോഹണത്തിന് കൃത്യം രണ്ടാഴ്ചമുമ്പ്, അമേരിക്കയില്‍ ഇനി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വതന്ത്രമായ വസ്തുതാപരിശോധനാസംഘങ്ങളുടെ (ഫാക്ട് ചെക്കിങ്) സേവനം അവസാനിപ്പിക്കുന്നു എന്ന 'മെറ്റ'യുടെ പ്രസ്താവന ഡിജിറ്റല്‍ മാധ്യമമേഖലയില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. 300 കോടിയിലധികം ഉപയോക്താക്കളുള്ള ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിങ്ങനെ ലോകത്തെ ഏറ്റവും വലിയ അഞ്ച് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ മൂന്നും കൈവശപ്പെടുത്തിയിട്ടുള്ള മെറ്റ, ട്രംപിനെ പ്രീതിപ്പെടുത്താനുള്ള രാഷ്ട്രീയകാരണങ്ങളാല്‍ ഡിജിറ്റല്‍ ലോകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിശാലാന്തരീക്ഷം മലീമസമാക്കി എന്നാണ് ആരോപണം.
അധാര്‍മികത കളം കൈയടക്കുമ്പോള്‍
തിരഞ്ഞെടുപ്പുരംഗത്ത് സോഷ്യല്‍ മീഡിയയുടെ അധാര്‍മികമായ ഇടപെടല്‍ 2016-ല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് ബ്രെക്‌സിറ്റ് വിഷയത്തിലുമെല്ലാം പരസ്യമായതാണ്. കേംബ്രിജ് അനലറ്റിക്ക, ഫെയ്സ്ബുക്ക് വഴി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്യാന്‍ ഉപയോഗിച്ച വാര്‍ത്തകള്‍ 2018-ല്‍ ആഗോളതലത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്.ടി.സി.) അന്ന് 500 കോടി ഡോളര്‍ എന്ന സ്വകാര്യതാലംഘനത്തിനുള്ള ഏറ്റവും വലിയ പിഴ ഫെയ്സ്ബുക്കിനെതിരേ വിധിച്ചതും ഇന്ത്യന്‍ തിരഞ്ഞെടുപ്പിലും അവിഹിതസ്വാധീനം ചെലുത്തി എന്ന സംശയത്തിന്റെ നിഴലില്‍നിന്ന കേംബ്രിജ് അനലറ്റിക്ക കമ്പനിതന്നെ പൂട്ടിയതുമെല്ലാം വസ്തുതാപരിശോധനയ്ക്ക് പുതിയ മാര്‍ഗങ്ങള്‍തേടി പിടിച്ചുനില്‍ക്കാന്‍ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധമാക്കിയ സാഹചര്യങ്ങളില്‍ പ്രധാനമാണ്.
വസ്തുതാപരിശോധനയും അഭിപ്രായവ്യത്യാസങ്ങളും
വ്യാജവാര്‍ത്തകള്‍, സമൂഹത്തിന് ദോഷകരമായ ഉള്ളടക്കങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും അവ നീക്കംചെയ്യാന്‍ ശുപാര്‍ശചെയ്യാനുമാണ് 2016 മുതല്‍ നേരിട്ട് ഇടപെടാതെ സ്വതന്ത്രരായ (തേഡ് പാര്‍ട്ടി) ഫാക്ട് ചെക്കിങ് ടീമുകളെ ഫെയ്സ്ബുക്ക് പ്രയോജനപ്പെടുത്താന്‍ തുടങ്ങിയത്. ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിങ് നെറ്റ് വര്‍ക്കിന്റെ (ഐ.എഫ്.സി.എന്‍.) ഭാഗമായ ഫാക്ട് ചെക്കേഴ്സ് ഇപ്രകാരം പരിശോധന നടത്തി ഫ്‌ളാഗ് ചെയ്യുന്ന ഉള്ളടക്കം പ്ലാറ്റ്ഫോമില്‍ പൂര്‍ണമായോ ഭാഗികമായോ തടഞ്ഞോ അല്ലെങ്കില്‍ അവയുടെ വിതരണം കുറച്ചോ ആണ് മെറ്റയുടെ പ്‌ളാറ്റ്ഫോമുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. എന്നാല്‍, ഇത്തരം രീതി ഫാക്ട് ചെക്കിങ് നടത്തുന്ന ടീമിന്റെ പക്ഷപാതിത്വംമൂലവും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതുമൂലവും കാര്യക്ഷമമല്ല എന്നും അതിനാല്‍ (തുടക്കത്തില്‍) അമേരിക്കയില്‍ ഇവരുടെ സേവനം അവസാനിപ്പിക്കുന്നു എന്നുമാണ് 'മെറ്റ'യുടെ അധിപന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വീഡിയോ സന്ദേശത്തിലൂടെ ജനുവരി ഏഴിന് അറിയിച്ചത്.
കമ്യൂണിറ്റി നോട്ടീസ് വന്നാല്‍
ഇതിനുപകരം, നേരത്തേ എക്‌സില്‍ (പഴയ ട്വിറ്റര്‍) നടപ്പാക്കിയ ഉപയോക്താക്കള്‍ നേരിട്ട് ഉള്ളടക്കം വിലയിരുത്തുന്ന 'കമ്യൂണിറ്റി നോട്‌സ്' സംവിധാനം 'മെറ്റ'യിലും നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വതന്ത്രസ്ഥാപനങ്ങള്‍ ഉള്ളടക്കം പരിശോധിക്കുന്നതിനുപകരം ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കത്തെക്കുറിച്ച് അവര്‍ക്കുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം കുറിപ്പുകളാക്കി (നോട്‌സ്) രേഖപ്പെടുത്തി. അത്തരം കുറിപ്പുകള്‍ വിശദമായി കംപ്യൂട്ടര്‍ സംവിധാനം (മനുഷ്യരല്ല-ഓട്ടോമേറ്റഡ് സംവിധാനം) പരിശോധിച്ച് അവ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സംവിധാനമാണ് 'കമ്യൂണിറ്റി നോട്ട്സ്'. 2021-ല്‍ അമേരിക്കയില്‍ നടപ്പാക്കിത്തുടങ്ങിയ ഈ സംവിധാനം ഇപ്പോള്‍ മാസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത് 'എക്‌സ്' ആക്കിയതോടെ കൂടുതല്‍ വ്യാപിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെ കാര്യങ്ങള്‍
ഈ വര്‍ഷം ഇന്ത്യയില്‍നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ വിദ്വേഷപ്രചാരണവും തെറ്റായ വിവരങ്ങളും ഒഴിവാക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് 'മെറ്റ' ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക ഫാക്ട് ചെക്കിങ് വിഭാഗം, എ.ഐ. അധിഷ്ഠിത ഉള്ളടക്കം ലേബലിങ് തുടങ്ങിയ ഒട്ടേറെ വീമ്പിളക്കലുകള്‍ക്കിടയിലാണ് 'മെറ്റ,' ഇന്ത്യയില്‍ വര്‍ഗീയകലാപത്തിന് കാരണമാകുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ യഥേഷ്ടം സ്വീകരിച്ചു എന്നതരത്തില്‍ 2024 മേയ് 20-ന് ഗാര്‍ഡിയന്‍ പത്രത്തില്‍ വാര്‍ത്ത വരുന്നത്.
ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍ (ഐ.സി.ഡബ്ല്യു.ഐ.), എകോ എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് പരസ്യപ്രചാരണം വിലക്കിയ പോളിങ്ങിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍പ്പോലും ഇത്തരം പരസ്യങ്ങള്‍ വന്നത്. 'ഹിന്ദു രക്തം ചൊരിയുന്നു, ഈ നുഴഞ്ഞുകയറ്റക്കാരെ ചുട്ടുകൊല്ലണം' എന്നും പ്രതിപക്ഷനേതാക്കളുടെ ചിത്രത്തോടൊപ്പം പാകിസ്താന്റെ കൊടി ചേര്‍ത്ത് 'ഹിന്ദുക്കള്‍ ഇന്ത്യവിടണം' എന്നുമൊക്കെയുള്ള 22 പരസ്യങ്ങള്‍ (പോസ്റ്റുകളല്ല എന്നോര്‍ക്കണം) മെറ്റ ലൈബ്രറിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചപ്പോള്‍ അതില്‍ പതിന്നാലെണ്ണത്തിനും അനുമതി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. നിരസിച്ച അഞ്ചെണ്ണമാകട്ടെ മെറ്റയുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേഡിന് അനുസൃതവുമായിരുന്നു.
സമൂഹവിരുദ്ധര്‍ക്ക് സ്വാതന്ത്ര്യം
ദശാബ്ദങ്ങളായി ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളുന്ന അമേരിക്കയിലെ ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ (ഇ.എഫ്.എഫ്.) മെറ്റയുടെ ഈ പ്രഖ്യാപനം വന്നയുടനെ അതിനെ സ്വാഗതംചെയ്‌തെങ്കിലും പിന്നീട് വസ്തുതകള്‍ പുറത്തുവന്നപ്പോള്‍ അതില്‍ ഖേദംപ്രകടിപ്പിച്ച് ഈ മാറ്റത്തെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സെന്‍സര്‍ഷിപ്പില്ലാതെ ആര്‍ക്കും എന്തഭിപ്രായവും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുക എന്ന അര്‍ഥത്തില്‍ ആദ്യവ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും കുടിയേറ്റക്കാരും ലൈംഗികന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്കുനേരേ നടക്കുന്ന ഒരു വിദ്വേഷപ്രചാരണവും ആക്രമണാഹ്വാനങ്ങളും പ്ലാറ്റ്ഫോമുകളില്‍ തടയില്ല എന്ന അര്‍ഥത്തില്‍ ഇതിനെ 'വിശാലമാക്കി' എന്നതാണ് ഉയര്‍ന്ന ആശങ്കകളില്‍ പ്രധാനപ്പെട്ടത്.
കമ്യൂണിറ്റി നോട്‌സ് സംവിധാനം ഒരുപക്ഷേ, വിക്കിപീഡിയയുടെ മാതൃകയില്‍ സ്വതന്ത്രവും സുതാര്യവുമാകാമെന്ന് തോന്നാമെങ്കിലും, 2024 ഏപ്രിലില്‍ 'എക്‌സ്' ഇന്ത്യയിലും അവലംബിച്ച ഈ രീതി ഫലപ്രദമാണ് എന്ന പഠനങ്ങള്‍ ഏറെയില്ല. മാത്രമല്ല, രൂക്ഷമായ വിദ്വേഷ പ്രചാരണങ്ങള്‍ക്കു വേദിയാകുന്നു എന്ന ആക്ഷേപവും സജീവമാണ്. സംഘടിതമായി ഉള്ളടക്കം തിരുത്താനും വിദ്വേഷം പ്രചരിപ്പിക്കാനും യഥേഷ്ടം അവസരങ്ങളുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ സാമൂഹികവിരുദ്ധതയ്ക്കുള്ള വളക്കൂറായി മാറാന്‍ ഏറെ പാടുപെടേണ്ടി വരില്ല എന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്.
ഇന്ത്യന്‍ സൈബര്‍ നിയമത്തിലുള്‍പ്പെടെ പ്ലാറ്റ്ഫോമുകള്‍ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ പങ്കുവഹിക്കാത്തിടത്തോളം കാലം കേവലം ഇടനിലക്കാര്‍ (ഇന്റര്‍മീഡിയറീസ്) മാത്രമാണ്. എന്നാല്‍, ഉള്ളടക്കത്തെക്കുറിച്ച് പരാതികള്‍ വരുമ്പോള്‍ അത് പരിശോധിക്കാന്‍ ഇവര്‍ സംവിധാനങ്ങളൊരുക്കണം. സര്‍ക്കാരിനെതിരേയുള്ള വാര്‍ത്തകളില്‍ അന്തിമതീരുമാനം മെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്കിങ് വിഭാഗത്തിനുണ്ടാകും എന്ന ഐ.ടി. ചട്ടത്തിലെ വ്യവസ്ഥ, സുപ്രീംകോടതി അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനായി എടുത്ത് ദൂരെക്കളഞ്ഞത് ഈയിടെയാണ്. എന്നാല്‍, അധികാരത്തിനും കമ്പോളതാത്പര്യങ്ങള്‍ക്കും മുന്നില്‍ വണങ്ങാന്‍ പറഞ്ഞാല്‍ പ്ലാറ്റ്ഫോമുകള്‍ കിടന്ന് ഇഴയുന്ന സാഹചര്യം ഇവിടെയും നാം അനുഭവിച്ചുകൊണ്ടിരിക്കയാണ്.
ട്രംപിന്റെ ഭീഷണി
സെന്‍സര്‍ഷിപ്പില്ലാത്ത പ്ലാറ്റ്ഫോമുകള്‍ എന്ന ട്രംപിന്റെ വാദം നേരത്തേ ഇവരുടെ വിദ്വേഷപ്രഖ്യാപനങ്ങള്‍ക്ക് പ്ലാറ്റ്ഫോമുകള്‍ തടയിട്ടതിന്റെ പ്രതികാരംകൊണ്ടാണെന്ന് കാണാം. ഇലോണ്‍ മസ്‌ക് ട്രംപിന്റെ ഏറ്റവും അടുപ്പക്കാരനായി മാറുകയും സക്കര്‍ബര്‍ഗിനെ ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ മറ്റെല്ലാം മറന്ന് മെറ്റ അവരുടെ നിലനില്‍പ്പിനായി ട്രംപിന്റെ രാഷ്ട്രീയതാത്പര്യത്തിനൊത്ത് താളംതുള്ളുന്നു എന്നാണ് ആരോപണം. എന്നാല്‍, ഇവിടെ കാണേണ്ട വസ്തുത, ഇത് കേവലം മെറ്റ കമ്പനിയുടെ നയത്തിന്റെമാത്രം പ്രശ്‌നത്തിനുപരി ഇത് ലോകത്തെ മുഴുവന്‍ വിവരോത്പാദന-വിനിമയ-വിതരണ സംവിധാനങ്ങളുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ് എന്നതാണ്.
(സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ്) സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Content Highlights: Meta drops fact checkers in US, what does this mean for the world
Published: 17 Jan 2025, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented