മതം മാറാൻ വിസമ്മതിച്ച ഹിന്ദു പെൺകുട്ടിയെ കൊലപ്പെടുത്തിയ മുസ്ലിം യുവാവിനെ ഗുജറാത്ത് പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ എന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ടുപേർ ചേർന്ന് യുവാവിനെ പിടിച്ചുവയ്ക്കുകയും ഒരു പോലീസുകാരൻ ഇയാളെ ലാത്തികൊണ്ട് മർദിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. ഈ വീഡിയോയുടെ വാസ്തവമന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്കുമായി ബന്ധപ്പെട്ടു. വസ്തുത പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. 

To advertise here,

https://youtube.com/shorts/VM5OCig9MVw?si=CD7NVN64Tfj2F-tE

അന്വേഷണം

ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്. കൊലക്കേസിൽ പ്രതിയായ ഇരുപതുകാരനായ ഫൈസലിനെ പോലീസ് മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ. കഴിഞ്ഞ സെപ്റ്റംബർ 3-ന്, ഫൈസൽ ഭാവ്‌നഗർ GSRTC ബസ് സ്റ്റാൻഡിന് മുന്നിൽവെച്ച് പങ്കാളിയായ കാജലിനെയും(40) സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചിരുന്നു. താൻ മറ്റൊരു കേസിൽ ജയിലിലായിരുന്ന സമയത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. മർദ്ദനമേറ്റ കാജൽ അന്നേ ദിവസം രാത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

സെപ്റ്റംബർ 4-ന് ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, സെപ്റ്റംബർ 5-ന് തെളിവെടുപ്പിനായി ബസ് സ്റ്റാൻഡിൽ എത്തിച്ചപ്പോൾ നീലംബാഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഫൈസലിനെ കയറുകൊണ്ട് കെട്ടിയിട്ട് ബസ് സ്റ്റാൻഡിലെ തൂണുകളിലും പട്രോളിങ് വാഹനത്തിലും ചേർത്തുനിർത്തി ലാത്തികൊണ്ട് പരസ്യമായി മർദ്ദിക്കുകയുണ്ടായി. കുറ്റവാളികളിൽ ഭയമുണ്ടാക്കാനാണ് ഇത് ചെയ്തതെന്നും ഇതൊരു "അപൂർവ്വ കേസ്" ആയിരുന്നെന്നുമാണ് നീലംബാഗ് SHO ഇൻസ്‌പെക്ടർ ഡി.പി. ഉനദ്കത് പറഞ്ഞത്. മർദ്ദനത്തിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. പോലീസിന്റെ നടപടി മനുഷ്യരഹിതമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) ഗുജറാത്ത് സർക്കാരിനും പോലീസ് മേധാവിമാർക്കും ലീഗൽ നോട്ടീസ് അയച്ചു, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇത്.

https://indianexpress.com/article/cities/ahmedabad/gujarat-murder-accused-tied-with-ropes-flogged-in-public-by-police-sho-says-rare-case-10865083/
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഇയാൾ മതപരമായ കാരണങ്ങളെ തുടർന്നല്ല യുവതിയെ കൊലപ്പെടുത്തിയതെന്നു വ്യക്തമായി.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. കഴിഞ്ഞ സെപ്തബർ 9-ന്‌ ഗുജറാത്തിൽ നടന്ന സംഭവത്തിൻ്റെതാണ് ഈ ദൃശ്യങ്ങൾ. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഇയാൾ മതപരമായ കാരണങ്ങളെ തുടർന്നല്ല യുവതിയെ കൊലപ്പെടുത്തിയത്. ഇരുപതുകാരനായ പ്രതി മറ്റൊരു കേസിൽ ജയിലിൽ കഴിയവെ പങ്കാളിയായ യുവതിക്ക് ഇയാളുടെ സുഹൃത്തുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് മർദിച്ചു. മർദ്ദനമേറ്റ യുവതി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.