ഇന്ന് ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനം. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അയ്യായിരത്തോളമെത്തുന്നു. പത്തുവര്‍ഷമെന്ന സ്റ്റാര്‍ട്ടപ്പ് കാലപരിധിക്കുള്ളില്‍ നിരവധി സംരംഭങ്ങള്‍ വന്നുപോയി. സാമൂഹിക രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കിയ 'ബാന്‍ഡിക്കൂട്ട'് പോലുള്ള ഉത്പന്നങ്ങളുണ്ടായി. ആയിരം കോടി രൂപ മൂല്യമുള്ള യൂണികോണ്‍ പട്ടികയിലും മലയാളി സ്റ്റാര്‍ട്ടപ്പ്് സംരംഭമെത്തി. കേരളത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് നയമെത്തിയതിന് പിന്നാലെ വൈവിധ്യമാര്‍ന്ന ആശയങ്ങളുമായി നിരവധി ചെറുപ്പക്കാരെത്തുകയായിരുന്നു. അവരുടെ ആശയങ്ങള്‍ ഉത്പന്നങ്ങളായപ്പോള്‍ വിജയ ശതമാനം പകുതിയിലധികമായി.
രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ് കണക്കുകളില്‍ കേരളത്തിന് പത്ത് ശതമാനത്തില്‍ താഴെയാണ് ഒഹരിയുള്ളതെങ്കിലും ആശയങ്ങളുടെ വൈവിധ്യം പ്രതീക്ഷ നല്‍കുന്നതാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുമുമ്പ് ഇന്‍കുബേഷന്‍ കേന്ദ്രം സ്ഥാപിച്ച് പുത്തന്‍ സംരംഭകര്‍ക്ക് വഴികാട്ടിയ ഇവിടെ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണാണ് ഇപ്പോഴുള്ളതെന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒറ്റവര്‍ഷം, 1283 സ്റ്റാര്‍ട്ടപ്പുകള്‍
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം 1283 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കണക്ക്. വിദ്യാഭ്യാസത്തിനിടയ്ക്ക് തന്നെ സ്വന്തം സംരംഭങ്ങളുമായി രംഗത്തെത്താന്‍ യുവാക്കള്‍ കൂടുതല്‍ താത്പര്യപ്പെട്ടു തുടങ്ങിയതോടെയാണ് എണ്ണം ആയിരം കവിഞ്ഞു തുടങ്ങിയത്. സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപം കൊണ്ട ആദ്യ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുടെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ ഒരോ വര്‍ഷവും വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നവയുടെ എണ്ണം. സംസ്ഥാനത്തുണ്ടായ സ്റ്റാര്‍ട്ടപ്പുകളില്‍ 95 ശതമാനവും 2016ന് ശേഷമാണ് രൂപം കൊണ്ടത് എന്നതും ശ്രദ്ധേയമാണ്.
സ്റ്റാര്‍ട്ടപ്പ് നയം വന്നതിന് പിന്നാലെയുള്ള കണക്കുകളില്‍ വെറും 200 സ്റ്റാര്‍ട്ടപ് കമ്പനികള്‍ എന്നതില്‍ നിന്നാണ് 4993 എന്നതിലേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ് വളര്‍ന്നത്. പത്തുകൊല്ലം മാത്രമേ സ്റ്റാര്‍ട്ടപ് കമ്പനികള്‍ എന്ന ഗണത്തില്‍ നില്‍ക്കാനാവൂ എന്നതിനാല്‍ ഈ കമ്പനികളത്രയും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ വന്നവയാണെന്ന് വ്യക്തം ഒന്‍പത് വര്‍ഷം കഴിഞ്ഞ കമ്പനികള്‍ നിലവില്‍ 150 എണ്ണം മാത്രമേ വരൂ. പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത കമ്പനികള്‍ ആദ്യഘട്ടത്തില്‍ തന്നെ പുറത്തുപോവുകയും പിടിച്ചു നില്‍ക്കാനാവുന്നവയ്ക്ക് മികച്ച നിലനില്‍പ്പ് സാധ്യമാവുകയും ചെയ്യുന്ന പരിസ്ഥിതിയാണിപ്പോഴുള്ളത്.
| വിവിധ ജില്ലകളിലെ സ്റ്റാർട്ടപ്പുകൾ | |
| തിരുവനന്തപുരം | 501 |
| കൊല്ലം | 228 |
| പത്തനംതിട്ട | 98 |
| ആലപ്പുഴ | 148 |
| കോട്ടയം | 213 |
| ഇടുക്കി | 75 |
| എറണാകുളം | 1946 |
| തൃശ്ശൂർ | 423 |
| പാലക്കാട് | 230 |
| മലപ്പുറം | 274 |
| കോഴിക്കോട് | 537 |
| വയനാട് | 70 |
| കണ്ണൂർ | 210 |
| കാസർകോട് | 63 |
വൈവിധ്യത്തിലേക്ക്
ആദ്യഘട്ടത്തില്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളാണുണ്ടായതെങ്കില്‍ ഇന്നത് സാമ്പത്തിക മേഖലയിലേക്കും റോബോട്ടിക്സ് ഉള്‍പ്പടെയുളള മറ്റ് ആധുനിക സാങ്കേതികതയിലേക്കും ഊന്നിയുള്ളതായി മാറി. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കൂടുതല്‍ സംരംഭങ്ങള്‍ വന്നു. ഇവയില്‍ പല സംരംഭങ്ങളിലേക്കും വലിയ നിക്ഷേപങ്ങളുണ്ടായി. കേരളത്തില്‍ നിന്നുള്ളവര്‍ തന്നെ ഉള്‍പ്പെട്ട് സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത് ആയിരം കോടി രൂപയുടെ മൂല്യമുള്ള യൂണികോണ്‍ കമ്പനികളായി വളര്‍ന്നവയുമുണ്ട്. നൂറിലധികം വരുന്ന യൂണികോണ്‍ കമ്പനികളില്‍ അഞ്ചെണ്ണമെങ്കിലും ഇത്തരത്തിലുള്ളതാണ്.
കേരളത്തിലെ സ്റ്റാര്‍ട്ടപ് രംഗത്ത് വനിതാ പ്രാതിനിധ്യം കൂടിവരുന്നുണ്ടെന്നാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡിപാര്‍ട്ടമെന്റ് ഫൊര്‍ പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രീസ് ആന്റ് ഇന്റേണല്‍ ട്രേഡിന്റെ കണക്കുകള്‍ പ്രകാരം വലിയ മുന്നേറ്റമാണ് വനിതാ രംഗത്തുണ്ടായത്. കൂടാതെ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നേട്ടങ്ങള്‍ക്ക് നമ്മുടെ സംരംഭങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് നാളെ
Content Highlights: kerala startup ecosystem development success
Published: 16 Jan 2024, 11:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented